അടയാളപ്പെടും അറിയപ്പെടാത്ത രക്തസാക്ഷിത്വങ്ങളും ; പുന്നപ്ര വയലാർ ഡയറക്ടറി തയ്യാറാകുന്നു
ആലപ്പുഴ
പുന്നപ്ര –- വയലാർ സ്വാതന്ത്ര്യസമരവും പോരാളികളും രക്തസാക്ഷിത്വവും നാടിന്റെ പോരാട്ടവീര്യത്തിന്റെ അടയാളങ്ങളാണ്. ചരിത്രത്തെ ചുവപ്പിച്ച രക്തരൂഷിതമായ ആ പോരാട്ടത്തിൽ പങ്കെടുത്ത, ഇനിയും എങ്ങും രേഖപ്പെടുത്താത്ത പോരാളികളെയും രക്തസാക്ഷികളെയും നാടിനും പുതുതലമുറയ്ക്കും പരിചയപ്പെടുത്താൻ ഇവരുടെ വിവരങ്ങളടങ്ങിയ ഡയറക്ടറി തയ്യാറാകുന്നു. 20,000 മുതൽ 25,000 വരെ പേജ് ഉണ്ടാകും. ഡിസംബറിൽ പ്രസിദ്ധീകരിക്കുകയാണ് ലക്ഷ്യം. നാഷണൽ ബുക് സ്റ്റാളാണ് പ്രസാധകർ. ഡോ. ടി എം തോമസ് ഐസക്കിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.
ആലപ്പുഴ മുസിരിസ് പൈതൃകപദ്ധതിയിൽ നാലുവർഷത്തെ പ്രയത്നത്തിനൊടുവിലാണ് ഇത് പുറത്തിറങ്ങുന്നത്. ഗവേഷണതൽപ്പരരെയും വിദ്യാർഥികളെയും ഉപയോഗിച്ചായിരുന്നു വിവരശേഖരണം. പെൻഷൻ പട്ടിക, കേസ് രേഖകൾ തുടങ്ങിയവയാണ് പ്രധാനമായും പഠനവിധേയമാക്കിയത്. സമരസേനാനികൾ, ചരിത്രകാരന്മാർ, പത്രപ്രവർത്തകർ തുടങ്ങിയവർ എഴുതിയതും മനസിലാക്കിയതുമായ വിവരങ്ങളും ശേഖരിച്ചു.
രണ്ടായിരത്തിലധികം സമരസേനാനികളുടെയും 170 രക്തസാക്ഷികളുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിന്റെ കരട് പ്രസിദ്ധീകരിച്ചു. ഇനിയും അറിയപ്പെടാത്ത രക്തസാക്ഷികളുടെ എണ്ണം 450നും 550നും ഇടയിൽ വരുമെന്നാണ് വിലയിരുത്തൽ. പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന 20 ചെറുമ്യൂസിയങ്ങളുടെ ശൃംഖലയിൽ തൊഴിലാളി മ്യൂസിയം ഒരുക്കും. പഴയ ബോംബെ കമ്പനി ഇപ്പോൾ ന്യൂമോഡൽ തൊഴിലാളി സഹകരണസംഘമാണ്. ഇതിന്റെ കെട്ടിടങ്ങൾ പഴമ നിലനിർത്തി പുതുക്കിപ്പണിതാണ് മ്യൂസിയം ഒരുക്കുന്നത്. ഇവിടെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സമരസേനാനികളുടെ പേരുകൾ പതിച്ച സ്വാതന്ത്ര്യഭിത്തി വിഭാവനംചെയ്യുന്നു. ഡിജിറ്റലായും വിവരങ്ങൾ ലഭിക്കും.
പരിശോധിച്ചത്
2300 പേരുടെ വിവരങ്ങൾ
ഡയറക്ടറി തയ്യാറാക്കാൻ പരിശോധിച്ചത് 2300ലധികം ആളുകളുടെവിവരം. സ്വാതന്ത്ര്യസമരസേനാനികൾക്കും രക്തസാക്ഷി കുടുംബാംഗങ്ങൾക്കുമായി സർക്കാർ ഇടുക്കി ദേവികുളം, പാലക്കാട്, കൊല്ലം ചിതറ, കോട്ടയത്ത് തലയോലപ്പറമ്പ്, വൈക്കം തുടങ്ങിയ പ്രദേശങ്ങളിൽ ഭൂമി പതിച്ചുനൽകിയിരുന്നു. ഇവിടെ താമസിക്കുന്നവരെയടക്കം കണ്ടെത്തിയാണ് വിവരശേഖരണം. ഇതിനായി ഒരു പഞ്ചായത്തിൽ കോ–-ഓർഡിനേറ്ററടക്കം ആറംഗസംഘമുണ്ട്.
വയലാറിൽ കൂടുതൽപേരെ ചുമതലപ്പെടുത്തി. ടെക്ജെൻഷ്യ സിഇഒ ജോയ് സെബാസ്റ്റ്യൻ തയ്യാറാക്കിയ പ്രത്യേക ആപ്ലിക്കേഷൻ ഉപയോഗിച്ച് വിവരങ്ങൾ ഡേറ്റയാക്കി. 1500ലധികം ആളുകളുടെ വീടുകളിലെത്തി ശേഖരിച്ചവയിൽ 1100പേരുടെ വിവരങ്ങൾ പൂർണമാണ്. പുന്നപ്ര–-വയലാർ സമരവുമായി ബന്ധപ്പെട്ട് മൂന്നുപേരുടെ ഗവേഷണപ്രബന്ധവും സമരസേനാനികളെ പരിചയമുള്ള പ്രദേശത്തെ മുതിർന്ന ആളുകൾ നൽകിയ വിവരവും ഇതിനായി പരിഗണിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/Bjf9ntx
Comments