സമൂഹവ്യാപനമില്ല സമ്പർക്കം 13.40 ശതമാനം മാത്രം; ഉറവിടം വ്യക്തമാകാത്തത് ആശങ്ക
തിരുവനന്തപുരം
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോഴും സംസ്ഥാനത്ത് സമ്പർക്ക വ്യാപനം കൂടാത്തത് ആശ്വാസമാകുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ച 3172 പേരിൽ 13.40 ശതമാനത്തിനുമാത്രമാണ് (425 പേർ) സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 2747 പേർ (86.60 ശതമാനം) പുറത്തുനിന്ന് എത്തിയവരാണ്. രോഗികൾ കൂടുന്നത് സമൂഹവ്യാപനമായി കണക്കാക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച കോവിഡ് വിദഗ്ധ സമിതി റിപ്പോർട്ട് ചെയ്തിരുന്നു. സമ്പർക്ക വ്യാപനം 30 ശതമാനത്തിന് മുകളിലായാൽ ആശങ്ക വേണ്ടിവരും.
രോഗവ്യാപനം രൂക്ഷമായ മേഖലകളിൽനിന്ന് ആളുകൾ ഇനിയും തിരികെയെത്തുമെന്നതിനാൽ സമ്പർക്ക വ്യാപനം അഞ്ച് ശതമാനത്തിലേക്ക് ചുരുക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന സർക്കാർ. സെന്റിനെൽ സർവെയ്ലൻസിന്റെ ഭാഗമായി പരിശോധിച്ച 38146 ൽ 36751 പേർക്കും രോഗമുണ്ടായിരുന്നില്ല. ഐസിഎംആർ നടത്തിയ സിറോ സർവെയ്ലൻസിൽ 1193 സാമ്പിൾ പരിശോധിച്ചതിൽ നാലെണ്ണം മാത്രമാണ് പോസിറ്റീവായത്. ഇതും സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്ന് കാര്യം വ്യക്തമാക്കുന്നു.
സമരങ്ങളിൽ അകലം പാലിക്കണം
സെക്രട്ടറിയറ്റിന് മുന്നിലെ സമരങ്ങൾ വിലക്കിയിട്ടില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ സമരം അനുവദിക്കൂവെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പൊലീസുമായി ഏറ്റുമുട്ടുന്ന രീതി അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഉറവിടം വ്യക്തമാകാത്തത് ആശങ്ക
തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്ത രോഗികൾ വർധിക്കുന്നത് ആരോഗ്യ വകുപ്പിന് ആശങ്കയാണ്. സമ്പർക്കത്തിലൂടെ രോഗം പകർന്ന 71 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇവരുടെ യാത്രാചരിത്രം ഉൾപ്പെടെ വിലയിരുത്തി എപിഡെമോളജിക്കൽ പഠനം നടത്തും. ഇവിടങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി നിരീക്ഷണവും പരിശോധനയും ശക്തമാക്കി സമൂഹവ്യാപനം തടയാനാണ് പദ്ധതിയിടുന്നത്. സമൂഹവ്യാപന സാധ്യത ശക്തമായതിനാൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയും മുന്നറിയിപ്പ് നൽകിയിരുന്നു. മറ്റ് രാജ്യങ്ങളിൽനിന്ന് വരുന്നവരിൽ മൂന്ന് ശതമാനത്തിനും രോഗം
രോഗവ്യാപനം വേഗത്തിൽ
സംസ്ഥാനത്തിന് പുറത്തുനിന്ന് കൂടുതൽ ആളുകൾ മടങ്ങിയെത്താൻ തുടങ്ങിയതോടെ ആദ്യ രണ്ട് ഘട്ടങ്ങളിലേതിനേക്കാൾ വേഗത്തിലാണ് നിലവിലെ കോവിഡ് വ്യാപനം. ജനുവരി 30നാണ് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. രോഗികളുടെ എണ്ണം 100 കടക്കാൻ 54 ദിവസമെടുത്തു (മാർച്ച് 24). ഇത് ഇരട്ടിക്കാൻ എടുത്തത് അഞ്ച് ദിനം മാത്രം. രോഗികളുടെ എണ്ണം മേയ് അഞ്ചിന് 500ഉം 29ന് 1000വും കടന്നു. ജൂൺ ആറിന് ആകെ രോഗികൾ 2000 കടന്നു. 20ന് അത് 3039 ആയി.സ്ഥിരീകരിക്കുന്നുണ്ട്. കുവൈത്തിൽനിന്ന് വരുന്നവരിലാണ് രോഗനിരക്ക് കൂടുതൽ (ആറ് ശതമാനം). രാജ്യത്തിനകത്ത് മഹാരാഷ്ട്രയിൽനിന്നാണ് കൂടുതൽ രോഗബാധിതർ എത്തുന്നത്. രോഗബാധ കൂടുതലുള്ള സ്ഥലങ്ങളിൽനിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. സമ്പർക്ക വ്യാപനം കൂടുതലുള്ള പാലക്കാട്, കണ്ണൂർ, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ പ്രത്യേക ശ്രദ്ധ നൽകും. അതിർത്തികളിലും നിരീക്ഷണം ശക്തമാക്കും.
Credits Kerala || Deshabhimani Online News https://ift.tt/3djkxZV
Comments