ഷംന കാസിം ബ്ലാക്ക്‌മെയിൽ കേസ് : സംഘം കുടുക്കിയത് 18 പെൺകുട്ടികളെ; അന്വേഷണം സിനിമാ മേഖലയിലേക്ക്
നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച പ്രതികൾക്കെതിരെ കൂടുതൽ കേസുകൾ. 18 പെൺകുട്ടികളെ ഇത്തരത്തിൽ കുടുക്കിയെന്ന് അന്വേഷണസംഘം.
പതിനഞ്ചോളം കേസ് രജിസ്റ്റർ ചെയ്യും. ഷംനയുടെ അമ്മയുടെ പരാതിയിലുള്ള കേസിൽ ഒമ്പതംഗസംഘത്തിൽ രണ്ടുപേർകൂടി അറസ്റ്റിലാകാനുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെ പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തട്ടിപ്പുസംഘത്തിൽ യുവതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹാലോചനയുമായി എത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന നടിയുടെ പരാതിയിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ നിരവധി പെൺകുട്ടികൾ രംഗത്തുവരുന്നു.
മോഡലിങ്ങിനെന്നു പറഞ്ഞ് പാലക്കാട്ടേക്ക് വിളിച്ചുവരുത്തി സ്വർണക്കടത്തിന് നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്തെന്ന പരാതിയുമുണ്ട്. കുറ്റവാളിസംഘത്തിന് ഉന്നതബന്ധവും സംശയിക്കുന്നു. കേസിൽ ഇതിനകം ഒമ്പത് പെൺകുട്ടികളുടെ മൊഴിയെടുത്തു. പ്രതികളിലൊരാളായ റഫീഖ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പെൺകുട്ടിക്കുമേൽ സമ്മർദം ചെലുത്തിയതായും കണ്ടെത്തി. പരാതി പിൻവലിക്കണമെന്ന് റഫീഖ് പലവട്ടം ഫോണിലൂടെ ആവശ്യപ്പെട്ടു. സ്വർണവും പണവും പൊലീസ് സാന്നിധ്യത്തിൽ തിരികെനൽകാമെന്നാണ് ഇയാൾ പറഞ്ഞത്. അതുണ്ടായില്ലെന്നുമാത്രമല്ല, ഭീഷണി തുടർന്നെന്നും പെൺകുട്ടി വ്യക്തമാക്കി. ഭീഷണി ഭയന്നാണ് പൊലീസിലെ പരാതിയുമായി മുന്നോട്ടുപോകാൻ മടിച്ചതെന്നും അവർ പറഞ്ഞു.
അന്വേഷണം സിനിമാ മേഖലയിലേക്ക്
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണം സിനിമാമേഖലയിലേക്ക്. മുഖ്യപ്രതികളായ മുഹമ്മദ് ഷെരീഫ്, റഫീഖ് എന്നിവരെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ സിനിമാബന്ധം വ്യക്തമാക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചത്. സിനിമാമേഖലയുമായി ബന്ധപ്പെട്ട വലിയ റാക്കറ്റ് സംഘത്തിന് പിന്നിലുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.
റഫീഖുമായി അടുത്തബന്ധമുള്ള ഹെയർ സ്റ്റൈലിസ്റ്റിന്റെ പങ്ക് പരിശോധിക്കുന്നു. ഗൾഫിൽ സലൂണുള്ള ഇയാൾക്ക് വലിയ സിനിമാബന്ധങ്ങളുണ്ട്. ഷംന കാസിമിനെ പരിചയപ്പെടാൻ പ്രതികൾക്ക് വഴിയൊരുക്കിയത് ഇയാളാണ്. നിർമാതാവിൽനിന്ന് ഷംനയുടെ നമ്പറും വിവരങ്ങളും ഇയാളാണ് പ്രതികൾക്ക് കൈമാറിയത്. വലിയ കുടുംബമാണെന്നും ഉയർന്ന സാമ്പത്തികസ്ഥിതിയുള്ളവരാണെന്നും തെറ്റിദ്ധരിപ്പിച്ച് നടന്ന ആലോചനയ്ക്ക് ഇടനിലക്കാരനായിനിന്ന ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുക്കും. ഇടുക്കി സ്വദേശിനിയാണ് മോഡലുകൾക്ക് വാഗ്ദാനം നൽകി പാലക്കാട് എത്തിച്ചതെന്ന് പരാതിക്കാരിൽ ഒരാളുടെ മൊഴിയുണ്ട്. ഷംനയുമായി ഈ സ്ത്രീ ഫോണിൽ സംസാരിച്ചിരുന്നു. ഇവരെ പിടികൂടിയാൽ നിർണായകവിവരങ്ങൾ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. തട്ടിപ്പുസംഘത്തിൽ നിരവധിപേരുണ്ടെന്നും സംശയിക്കുന്നുണ്ട്. കൂടുതൽ ചോദ്യം ചെയ്യലുകളും അറസ്റ്റുമുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3ictAQj
Comments