നികുതിതർക്കം ഓൺലൈനിൽ തീർക്കാം ; 52,000 വ്യാപാരികൾക്ക്‌ ആശ്വാസം



തിരുവനന്തപുരം
സംസ്ഥാനത്തെ 52,000 വ്യാപാരികളുടെ നികുതി കുടിശ്ശിക ഓൺലൈനിൽ തീർപ്പാക്കാം. ചരക്കുസേവന നികുതി നിയമം നിലവിൽ വരുന്നതിന് മുമ്പുള്ള കുടിശ്ശിക തീർപ്പാക്കാനാണ് സംവിധാനം. 14,000 കോടി രൂപയുടെ കുടിശ്ശിക ഇങ്ങനെ തീർപ്പാക്കും.

റവന്യൂ നടപടിയിൽ തിരിച്ചുപിടിക്കാനാകാത്തത് (500 കോടി), വ്യാപാരം അവസാനിപ്പിച്ചതോ ജിഎസ്ടിയിലേക്ക് മാറാത്തതോ ആയ വ്യാപാരികളുടെ കുടിശ്ശിക(5500 കോടി), കോടതിയിലും അപ്പീലിലുള്ളതുമായ(5000 കോടി), മറ്റ് വിവിധ വിഭാഗം (3000 കോടി) എന്നിങ്ങനെയാണ് കുടിശ്ശിക. സംസ്ഥാന ബജറ്റിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. പലിശയും പിഴപ്പലിശയുമുൾപ്പെടെയുള്ള ബാധ്യത ഒഴിവാക്കിയാണ് ഒറ്റത്തവണ തീർപ്പാക്കൽ. ഇത് വ്യാപാരികൾക്ക് വലിയ ആശ്വാസമാകും. വ്യാപാരികളുടെ ബാധ്യത 14,000 കോടിയിൽനിന്ന് 3000 കോടിയിൽ താഴെയാകും.

വെബ്സൈറ്റിലൂടെ അടയ്ക്കാം
സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും വിപുലമായ പരിപാടി. കേരള മൂല്യവർധിത നികുതി, കേന്ദ്ര വിൽപ്പന നികുതി, ആഡംബര നികുതി, കാർഷികാദായ നികുതി, പൊതുവിൽപ്പന നികുതി, സർചാർജ് നിയമം പ്രകാരമുള്ള കുടിശ്ശിക വിവരം എന്നിവ www.keralataxes.gov.in വെബ്സൈറ്റിൽ ലഭിക്കും. 1970 മുതലുള്ള കുടിശ്ശിക അറിയാം. പേര്, ഇ മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് ഓൺലൈനിൽ പ്രവേശിക്കാം.

വൻ ഇളവ്
ഒറ്റത്തവണ തീർപ്പാക്കലിന് വലിയ ഇളവുണ്ട്. പലിശ, പിഴപ്പലിശ പൂർണമായും ഒഴിവാക്കും. കുടിശ്ശിക ഒരുമിച്ച് അടയ്ക്കുന്നവർക്ക് തുകയിൽ 60 ശതമാനം കുറയും. തവണകളാക്കിയാൽ ഇളവ് 50 ശതമാനവും. ആദ്യ തവണയിൽ 20 ശതമാനവും ബാക്കി നാലു തവണയുമായി നിശ്ചയിക്കും. വകുപ്പുതല അപ്പീൽ കേസിനും പദ്ധതി ബാധകമാണ്. ജൂലൈ 31 വരെയാണ് ആനുകൂല്യം.



Credits Kerala || Deshabhimani ​Online ​News https://ift.tt/3epPmxI

Comments

Archive

Contact Form

Send