ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ കേരളത്തിൽ രണ്ട് ശതമാനത്തിൽ താഴെ; രോഗികളിൽ 95 ശതമാനവും പുറത്തുനിന്നെത്തിയവർ
തിരുവനന്തപുരം > സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത കോവിഡ് കേസുകൾ രണ്ടു ശതമാനത്തിലും താഴെ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലാകെ ഇത് 40 ശതമാനമാണ്. 98 ശതമാനത്തിലും നമുക്ക് ഉറവിടം കണ്ടെത്താനായിട്ടുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത പ്രദേശങ്ങളിൽ ക്ലസ്റ്ററുകൾ രൂപീകരിക്കുകയും സമൂഹവ്യാപനത്തിന് കാരണമായിട്ടുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യുന്നു. ഇവയെ കണ്ടെയ്ൻമെന്റ് സോണുകളായി തിരിക്കും. ക്ലസ്റ്ററുകളായി തിരിച്ച് സമൂഹവ്യാപനം സംഭവിക്കുന്നത് തടയാൻ ഇതുവരെ സാധിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
രോഗലക്ഷണമില്ലാത്ത വിഷയത്തിൽ വലുതായി ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധർ പറയുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തെല്ലായിടത്തും 60 ശതമാനം കോവിഡ് ബാധിതരിലും രോഗലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയോ അല്ലെങ്കിൽ ലക്ഷണങ്ങൾ വളരെ ലഘുവോ ആണ്. 20 ശതമാനം കേസുകളിൽ മിതമായ രീതിയിൽ മാത്രമാണ് രോഗലക്ഷണങ്ങൾ കാണുന്നത്. തീവ്രമായ തോതിൽ ലക്ഷണങ്ങൾ കാണിക്കുന്നത് ബാക്കിവരുന്ന 20 ശതമാനം ആളുകളിലാണ്. അവരിൽ അഞ്ച് ശതമാനത്തിൽ താഴെ ആളുകളെ മാത്രമാണ് ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ 15മുതൽ 22വരെ രോഗം സ്ഥിരീകരിച്ചവരിൽ 95 ശതമാനം പേരും പുറത്തു നിന്ന് എത്തിയവരാണ്. മെയ് 4ന് ശേഷം സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 2811പേർക്കാണ്. ഇതിൽ 2545പേരും മറ്റു രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Credits Kerala || Deshabhimani Online News https://ift.tt/2Z1QGAb
Comments