പോക്സോ: ശിക്ഷ ഉറപ്പാക്കാൻ പുതിയ നടപടിക്രമം ; യൂണിസെഫ് സഹായത്തോടെ പഠനം
പോക്സോ കേസുകളിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ നടപടി. അന്വേഷണവും വിചാരണയും പഴുതടച്ച് കുറ്റമറ്റതാക്കാൻ നടപടി ക്രമങ്ങൾ ഏകീകരിച്ച് കേരള പൊലീസ് പുതിയ സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജ്യർ (എസ്ഒപി) തയ്യാറാക്കും. യൂണിസെഫ് സഹായത്തോടെയാണ് പദ്ധതി. വിവിധ ഘട്ടങ്ങളിൽ കോടതി വെറുതെവിട്ട 200 പോക്സോ കേസ് പഠിച്ചാണ് എസ്ഒപി തയ്യാറാക്കുക. കേസുകളിൽ നിയമവിദഗ്ധർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തുടങ്ങിയവർ സഹായം ഉറപ്പാക്കും. ബിഹാർ മുൻ ഡിജിപിയും നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് ഡയറക്ടർ ജനറലുമായിരുന്ന പി എം നായരുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്, ദക്ഷിണ മേഖലാ ഐജി ഹർഷിത അട്ടല്ലൂരി എന്നിവർ സമിതി അംഗങ്ങളാണ്.
പോക്സോ കേസുകളിൽ ശിക്ഷാനിരക്ക് കുറയുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണ് നടപടിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. കേസുകളിൽ അടുത്ത ബന്ധുക്കൾക്കു പുറമെ മറ്റുള്ളവരെയും സാക്ഷികളാക്കുന്നതടക്കം പരിഗണിക്കും. പഠനത്തിനായി 200 കേസിന്റെ പട്ടിക തയ്യാറാക്കിയതായി പോക്സോ കേസുകളുടെ മേൽനോട്ടം വഹിക്കുന്ന ഐജി എസ് ശ്രീജിത് പറഞ്ഞു. ആഗസ്തോടെ എസ്ഒപി തയ്യാറാക്കും.
സംസ്ഥാനത്ത് നിലവിൽ 11,954 പോക്സോ കേസാണുള്ളത്. ഇതിൽ 9457 എണ്ണം വിചാരണയിലും 2497എണ്ണം അന്വേഷണഘട്ടത്തിലുമാണ്. നേരത്തെ 17 ശതമാനമായിരുന്നു പോക്സോ കേസുകളുടെ ശിക്ഷാനിരക്ക്. സർക്കാർ ഇടപെടൽ കാരണം 2018ൽ ഇത് 24 ശതമാനമായി ഉയർന്നു.
എന്താണ് പോക്സോ
18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുവേണ്ടി 2012ൽ കൊണ്ടുവന്ന നിയമമാണ് ‘പോക്സോ (ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസ്). ലൈംഗികാക്രമണം, ലൈംഗികപീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളിൽനിന്നും കുട്ടികളെ സംരക്ഷിക്കുന്നതിലും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കുവേണ്ടി പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കുംവേണ്ടിയാണ് ഈ നിയമം.
എന്താണ് എസ്ഒപി
പൊലീസ് ഉദ്യോഗസ്ഥർക്കുള്ള വിശദമായ മാർഗനിർദേശമാണ് സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജ്യർ–-എസ്ഒപി. നിയമത്തിൽ പറഞ്ഞ ഒരുകാര്യം നടപ്പാക്കാൻ നിയമവിധേയമായി എന്തെല്ലാം ചെയ്യാമെന്നതാണ് ഇതിൽ വിവരിക്കുക. അന്വേഷണത്തിന്റെ തുടക്കംമുതൽ വിചാരണ ഘട്ടംവരെയുള്ള പ്രക്രിയ എസ്ഒപിയിൽ ഉണ്ടാകും.
Credits Kerala || Deshabhimani Online News https://ift.tt/2BMN9xT
Comments