അഭിമന്യു വധം: സാക്ഷികള്‍ സഹലിനെ തിരിച്ചറിഞ്ഞു; ആയുധം കണ്ടെടുക്കാന്‍ വേമ്പനാട്ട് കായലില്‍ തെരച്ചില്‍

കൊച്ചി> എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന പ്രതി സഹല് ഹംസയെ (23) സാക്ഷികള് തിരിച്ചറിഞ്ഞു. കുത്താന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാന് വേമ്പനാട്ട് കായലില് അന്വേഷണസംഘം തെരച്ചില് നടത്തി.

കേസിലെ പ്രധാന സാക്ഷികളില് ഏഴുപേരാണ് സഹലിനെ തിരിച്ചറിഞ്ഞത്. എറണാകുളത്തെ പ്രത്യേക കേന്ദ്രത്തില് എത്തിച്ചായിരുന്നു തിരിച്ചറിയല് പരേഡ്. ഞായറാഴ്ച രാവിലെ 9.30ന് വെണ്ടുരുത്തി പാലത്തിനുസമീപത്താണ് അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമിന്റെ സഹായത്തോടെ ആയുധത്തിനായി തെരച്ചില് നടത്തിയത്. മെറ്റല് ഡിറ്റക്ടര്, ടോര്ച്ച് എന്നിവ ഉപയോഗിച്ച് രണ്ട് മണിക്കൂര് തെരഞ്ഞിട്ടും ആയുധം കിട്ടിയില്ല.

ശക്തമായ ഒഴുക്കും പരിശോധനയ്ക്ക് തടസ്സമായി. എക്കല് വന്ന് അടിഞ്ഞതിനാല് ആയുധം കണ്ടെടുക്കാന് വീണ്ടും തെരച്ചില് നടത്തുമെന്നും എസിപി എസ് ടി സുരേഷ്കുമാര് പറഞ്ഞു. കൊലയ്ക്കുശേഷം സഹലും മറ്റ് നാലു പ്രതികളും ഓട്ടോയില് കയറി തോപ്പുംപടി ഭാഗത്തേക്കാണ് പോയത്. വെണ്ടുരുത്തി പാലത്തിലെത്തിയപ്പോള് ആയുധം കായലില് എറിഞ്ഞെന്നാണ് സാക്ഷിമൊഴി.

അഭിമന്യുവിന്റെ രക്തംപുരണ്ട സ്വന്തം വസ്ത്രവും സഹല് കായലിലേക്ക് എറിഞ്ഞു. ഇക്കാര്യം ചോദ്യം ചെയ്യലില് സഹലും സമ്മതിച്ചതായാണ് സൂചന. ചുള്ളിക്കലില് എത്തിയ സംഘം പലവഴിക്കായി പിരിഞ്ഞു. പിന്നീടാണ് കര്ണാടകത്തിലേക്ക് കടന്നത്. ഷിമോഗ, ബംഗളൂരു, ഏര്വാടി എന്നിവിടങ്ങളില് ഒളിവില് കഴിഞ്ഞു. ഇതിന് പോപ്പുലര് ഫ്രണ്ടിന്റെ സഹായം ലഭിച്ചു. ഒളിവില് കഴിഞ്ഞ സ്ഥലങ്ങളില് തെളിവെടുപ്പ് നടത്തുമെന്നും എസിപി വ്യക്തമാക്കി.

തോപ്പുംപടിയിലെ പെട്രോള് പമ്പിലെയും ചുള്ളിക്കലിലെയും സിസിടിവി ക്യാമറകളില് സഹലിന്റെയും മറ്റ് പ്രതികളുടെയും ചിത്രങ്ങള് പതിഞ്ഞിട്ടുണ്ട്. 30 വരെയാണ് കേസിലെ പത്താംപ്രതിയായ സഹലിന്റെ കസ്റ്റഡി കാലാവധി. ഇയാളുടെ ആദ്യ റിമാന്ഡ് കാലാവധി ജൂലൈ രണ്ടിന് തീരും. കൂടുതല് അന്വേഷണങ്ങള്ക്കായി സഹലിനെ വിട്ടുകിട്ടുന്നതിന് പൊലീസ് അപേക്ഷ നല്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/2VmWmUo

Comments

Archive

Contact Form

Send