മനുഷ്യരാശിയുടെ സുരക്ഷയ്ക്കായി സേവനം നൽകുന്ന ആതുരശുശ്രൂഷകർക്ക് ആദരം: മുഖ്യമന്ത്രി
തിരുവനന്തപുരം> മഹാമാരിയുടെ കാലത്ത് മനുഷ്യരാശിയുടെ സുരക്ഷയ്ക്കായി അഹോരാത്രം സേവനം അനുഷ്ഠിക്കുന്ന എല്ലാ ആതുര ശുശ്രൂഷകരോടും നന്ദിപറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.
പോസ്റ്റ് ചുവടെ
ഇന്ന് ഡോക്ടർമാരുടെ ദിനമാണ്. ലോകം അസാധാരണമായ പകർച്ചവ്യാധിയോട് പൊരുതുന്ന ഘട്ടത്തിൽ ഈ ദിവസത്തിൻ്റെ പ്രാധാന്യം സാധാരണയിലും വലുതാണ്. മനുഷ്യരാശിയുടെ സുരക്ഷയ്ക്കായി അഹോരാത്രം സേവനം അനുഷ്ഠിക്കുന്ന ആതുരശുശ്രൂഷകരെ ബഹുമാനപുരസ്സരം ഓർക്കാനും നന്ദി പറയാനും ഈ ദിനം നമുക്ക് മാറ്റിവയ്ക്കാം.
കേരളത്തിൽ, കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ ശരിയായ ദിശയിൽ കൊണ്ടുപോകുന്നതിൽ നിസ്തുല പങ്കാണ് ഡോക്ടർമാർ വഹിക്കുന്നത്. സമൂഹം അർപ്പിച്ച വിശ്വാസത്തിനോടും പ്രതീക്ഷയോടും നീതിപുലർത്തിക്കൊണ്ട് എല്ലാ മേഖലകളിലുമുള്ള ഡോക്ടർമാർ അഹോരാത്രം കർമ്മ നിരതരാകുന്നു. അവർക്കെല്ലാം സർക്കാരിനും ജനങ്ങൾക്കും വേണ്ടി ആദരവ് രേഖപ്പെടുത്തുന്നു.
ബി.സി റോയിയോടുള്ള ആദരസൂചകമായാണ് ഡോക്ടർമാരുടെ ദിനം ആചരിക്കാൻ രാഷ്ട്രം തീരുമാനിച്ചത്. ഈ മഹാമാരിയുടെ കാലത്ത് വലിയ വെല്ലുവിളികൾ ഏറ്റെടുത്ത്, ഒരുമിച്ച് നിന്ന്, ആത്മാർഥമായ പരിശ്രമങ്ങളിലൂടെ നമുക്ക് മുൻപോട്ട് പോകാം.
Credits Kerala || Deshabhimani Online News https://ift.tt/2Zlbov4
Comments