ജീവനക്കാരുടെ എണ്ണം പകുതിയാക്കണം; പാക് പ്രതിനിധികളെ വെട്ടിക്കുറച്ച് ഇന്ത്യ
ന്യൂഡൽഹി
ഡൽഹിയിലെ പാക് ഹൈകമീഷനിലെ ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷനിലെ ജീവനക്കാരെയും സമാനമായി വെട്ടിക്കുറയ്ക്കും. ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം നടപ്പാക്കണം. ഇന്ത്യൻ ഹൈകമീഷനിലെ രണ്ട് ജീവനക്കാരെ പാക് സുരക്ഷ ഏജൻസികൾ കഴിഞ്ഞ ആഴ്ച കള്ളക്കേസിൽ കുടുക്കി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചിരുന്നു. ഇവരെ പിന്നീട് അതിർത്തി കടത്തി. ചൊവ്വാഴ്ച വാഗ അതിർത്തി കടന്നെത്തിയ ജീവനക്കാർ ദുരനുഭവം വിവരിച്ചതോടെയാണ് നയതന്ത്ര ബന്ധം വെട്ടിചുരുക്കാൻ തീരുമാനിച്ചത്.
പാക് ഹൈകമീഷന്റെ ചുമതലക്കാരനായ സയ്യദ് ഹൈദർ ഷായെ ബുധനാഴ്ച വിളിച്ചുവരുത്തിയാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ടതെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. പാക് ഹൈകമീഷൻ ജീവനക്കാരുടെ ചാരപ്രവൃത്തിയിലും തീവ്രവാദ സംഘടനകളുമായി പുലർത്തുന്ന ബന്ധത്തിലും ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷൻ ജീവനക്കാരോടുള്ള മോശമായ പെരുമാറ്റത്തിൽ രോഷം അറിയിച്ചു. ന്യായമായ നയതന്ത്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുകയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഹൈകമീഷനുകളിൽ 110 ജീവനക്കാരെ വീതമാണ് നിയമിക്കാവുന്നത്. 90 ലേറെ ജീവനക്കാരാണ് രണ്ട് ഹൈകമീഷനുകളിലുമുള്ളത്. ജമ്മു–-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന് ആഗസ്തിൽ പാകിസ്ഥാൻ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വെട്ടിക്കുറച്ചിരുന്നു. ഹൈകമീഷണറെ പിൻവലിക്കുകയും പകരം ചുമതലക്കാരനെ നിയമിക്കുകയും ചെയ്തു. ഇന്ത്യയും തുടർന്ന് ഹൈകമീഷണറെ പിൻവലിച്ചു.
Credits National || Deshabhimani Online News https://ift.tt/3euXblz
Comments