സിസ്റ്റർ ലിനി കേരളത്തിന്റെ സ്വത്ത്; കോൺഗ്രസ് വേട്ടയാടലിൽനിന്ന് കുടുംബത്തിന് സംരക്ഷണം നൽകും: മുഖ്യമന്ത്രി
തിരുവനന്തപുരം > നിപാ പ്രതിരോധത്തിനിടയിൽ ജീവൻ ബലിയർപ്പിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ജോലിചെയ്ത സ്ഥലത്തേക്ക് കോൺഗ്രസ് മാർച്ച് നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം മുഴുവൻ ആദരിക്കുന്ന പോരാളിയാണ് സിസ്റ്റർ ലിനി. നിപാക്കെതിരായ പോരാട്ടത്തിന്റെ രക്ഷസാക്ഷിയാണ് ലിനി. ആ കുടുംബത്തെ വേട്ടായാടാതിരുന്നുകൂടെ. ജീവതത്തിലെ പ്രതിസന്ധി കാലത്ത് ആരാണ് കൂടെ നിന്നത് എന്ന് ആ ചെറുപ്പക്കാരൻ പറഞ്ഞു എന്നതിന്റെ പേരിലാണ് കോൺഗ്രസ് വേട്ടയാടൽ.
ആരോഗ്യമന്ത്രിയെക്കുറിച്ച് കെപിസിസി അധ്യക്ഷൻ ഏറ്റവും മ്ലേച്ഛമായി സംസാരിക്കുമ്പോൾ ആദ്യം പ്രതികരിക്കുക ലിനിയുടെ ഉൾപ്പെടെയുള്ള കുടുംബമായിരിക്കും. ഇതിന്റെ പേരിൽ ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ഒരു രീതിയിലും അനുവദിക്കില്ല. സിസ്റ്റർ ലിനി കേരളത്തിന്റെ സ്വത്താണ്. ആ കുഞ്ഞുമക്കൾക്കും സജീഷിനും ഈ നാട് സംരക്ഷണം നൽകും ‐ മുഖ്യമന്ത്രി പറഞ്ഞു.
സാധാരണയിൽ നിന്നും വ്യത്യസ്തമായി ചില കാര്യങ്ങൾ ഇന്ന് പറയാനുണ്ട്. കക്ഷി രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാധാരണ വാർത്താ സമ്മേളനങ്ങളിൽ പറയാറില്ല. എന്നാൽ ഇന്ന് അതിൽ മാറ്റം വരുത്തേണ്ട അവസ്ഥയാണ്:
നിപ പ്രതിരോധത്തിനിടെ ജീവൻ ബലിയർപ്പിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. ലിനിയുടെ ജീവത്യാഗം കേരളം കണ്ണീരോടെയാണ് കണ്ടത്. ലോകം മുഴുവൻ ആദരിക്കുന്ന രക്തസാക്ഷിയാണ് സിസ്റ്റർ ലിനി. അവരുടെ കുടുംബത്തെ നമ്മുടെ കുടുംബമായാണ് കേരളം കാണുന്നത്. അതിനെ അംഗീകരിക്കണ്ട. അതിനെ വേട്ടയാടാതിരുന്നുകൂടേ? എന്തിനാണ് ലിനിയുടെ കുടുംബത്തിനെതിരെ ഈ ക്രൂരത എന്നതാണ് ആശ്ചര്യകരം. ജീവിതത്തിലെ പ്രതിസന്ധികാലത്ത് തന്റെ കൂടെ നിന്നത് ആരാണെന്ന് ആ ചെറുപ്പക്കാരൻ പറഞ്ഞു എന്നതിന്റെ പേരിലാണ് പ്രതിഷേധം. നമ്മുടെ സഹോദരങ്ങൾ മരിച്ചുവീഴും എന്ന് ഭയപ്പെട്ട നിപയെ ചെറുത്തുതോൽപിച്ചതോർക്കുമ്പോൾ കണ്ണീരോടെ ഓർക്കേണ്ട ആദ്യമുഖം ലിനിയുടേതാണ്. നിപയ്ക്ക് എതിരായ പോരാട്ടത്തിൽ ആരോഗ്യമന്ത്രി മുന്നിൽ തന്നെ ഉണ്ടായിരുന്നു. ആ മന്ത്രിയെ മ്ലേച്ഛമായി അധിക്ഷേപിക്കുമ്പോൾ ആദ്യം ലിനിയുടെ കുടുംബം തന്നെ സ്വാഭാവികമായും പ്രതിഷേധിക്കാം. ആ കുടുംബത്തെ അധിക്ഷേപിച്ച കോൺഗ്രസ് എന്ത് പ്രതിപക്ഷധർമമാണ് നിറവേറ്റുന്നത്. സിസ്റ്റർ ലിനി കേരളത്തിന്റെ സ്വത്താണ്. ആ കുടുംബത്തിനൊപ്പമാണ് കേരളം. അവർക്ക് എല്ലാ സുരക്ഷിതത്വവും ഈ നാട് നൽകും.
കോൺഗ്രസ് നേതാക്കളുടെ ഇത്തരം ചെയ്തികളെക്കുറിച്ച് രാഷ്ട്രീയവിരോധം വച്ച് പറയുകയല്ല. ആരോഗ്യമന്ത്രിയെക്കുറിച്ച് ഉത്തരവാദിത്തനേതാക്കൾ നടത്തുന്ന പ്രസ്താവനകളുടെ പ്രകോപനമെന്താണ്? തന്നിൽ അർപ്പിതമായ ഉത്തരവാദിത്തം നിറവേറ്റുകയായിരുന്നു അവർ. അതിന് അവരെ വേട്ടയാടുകയല്ലേ? പൊതുസമൂഹം ഇതൊന്നും അംഗീകരിക്കില്ല.
ഈ സർക്കാരിനോട് അനുഭാവം കാട്ടാത്ത പത്രം മുഖപ്രസംഗത്തിന്റെ വാചകങ്ങൾ ശ്രദ്ധിക്കണം: പ്രവാസികളെ കേന്ദ്ര, സംസ്ഥാനസർക്കാരുകൾ അവഗണിക്കുന്നു എന്നാരോപിച്ച് ചെന്നിത്തല നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുമ്പോൾ മുല്ലപ്പള്ളി നടത്തിയ പ്രസ്താവന പാർട്ടിക്ക് എന്നല്ല നാടിന് തന്നെ വലിയ നാണക്കേട് വരുത്തി വയ്ക്കുന്നു. അന്ന് നിപ രാജകുമാരി, ഇന്ന് കൊവിഡ് റാണി എന്നീ പദവികൾക്കാണ് ആരോഗ്യമന്ത്രി ശ്രമിക്കുന്നത്.
സ്വന്തം നാവിന്റെ വിലയും നിലയും അവനവൻ തിരിച്ചറിയണം. വില കെട്ട വാക്കുകൾ ഒരു വനിതയ്ക്ക് നേരെ ഉപയോഗിക്കുമ്പോൾ അത് നിന്ദ്യമാകുന്നു. സർക്കാർ നിലപാടുകളിലെ വിയോജിപ്പ് പറയുന്നത് അന്തസ്സോടും ബഹുമാനത്തോടെയുമാകണം. നിപ പോരാളികളുടെ ആത്മധൈര്യം കെടുത്തുന്ന പരാമർശമാണ് കെപിസിസി പ്രസിഡന്റിന്റേത്.
സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉൻമാദാവസ്ഥയുടെ തടവുകാരനാവുകയാണ് കെപിസിസി പ്രസിഡന്റ്. കേരളത്തെക്കുറിച്ച് നല്ലത് പറയുന്നത് തന്നെ ക്ഷോഭിപ്പിക്കുന്നുണ്ടെങ്കിൽ എത്ര അധഃപതിച്ച മനസ്സാണത്? അദ്ദേഹത്തെ അസഹിഷ്ണുവാക്കുന്നതെന്ത്? കേരളം ലോകത്തിന് മാതൃകയാകുന്നു. അദ്ദേഹത്തിന്റെ മനോനിലയുടെ പ്രതിഫലനമാണ്. സ്ത്രീവിരുദ്ധവുമാണ്. ഇങ്ങനെയാണോ സ്ത്രീകളെ നിങ്ങൾ കാണുന്നത്? ഇങ്ങനെ പറഞ്ഞാലേ അണികളുടെ കയ്യടി കിട്ടൂ എന്ന് കരുതിയാണോ അദ്ദേഹം പറയുന്നുണ്ട്.
തരംതാണ പരാമർശമായിപ്പോയി ഇത്. ഇത് വെറും മന്ത്രിക്കെതിരായ പരാമർശം മാത്രമല്ല, കേരളം ഒന്നാമതെത്തിയത് സഹിക്കാനാകാഞ്ഞിട്ടുള്ള ക്ഷോഭം കൂടിയായിട്ടാണ്. ആ ക്ഷോഭം കൊണ്ട് പേശികൾക്ക് അധ്വാനം കൂടുമെന്നല്ലാതെ വേറൊന്നുമില്ല. രാഷ്ട്രീയതിമിരം ബാധിച്ച് യാഥാർത്ഥ്യം കാണാതെ പോയ മനസ്സിന്റെ ജൽപനം മാത്രമാണിത്. രോഗപ്രതിരോധത്തെ പരാജയപ്പെടുത്താൻ പല മാതിരി ശ്രമിച്ചവർ ഇത്തരം പ്രസ്താവന നടത്തുന്നതിനെ അവഗണിക്കുകയല്ലേ നല്ലത്? രോഗം വരുമ്പോൾ ഒരുമിച്ച് നിൽക്കുകയല്ലേ വേണ്ടത്? ഇത് ആ തരത്തിൽ കേരളത്തിനാകെ അപമാനകരമാകുന്നു. ലോകസമൂഹത്തിൽ കേരളത്തെ അപകീർത്തിപ്പെടുത്തലാണിത്. ലോകം മഹാമാരിയെ നേരിടുകയാണ്. ഇന്നത്തെ തലമുറ ഇത്തരം ഒരു ദുരന്തത്തെ കണ്ടിട്ടില്ല. സർക്കാർ തുടക്കം മുതൽ അതിനെ അങ്ങനെയാണ് കണ്ടത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരു വേദിയിലിരുന്ന് ചർച്ച നടത്തി. നിരവധി വിയോജിപ്പുകളുണ്ടായിട്ടും കേന്ദ്രവുമായി പൂർണമായി സഹകരിച്ചു. വിവാദത്തിലേക്ക് വലിച്ചിഴച്ചില്ല. സർക്കാർ നിലപാടുകളെ തുരങ്കം വയ്ക്കാൻ പ്രതിപക്ഷം നിരന്തരം ശ്രമിച്ചു.
നിങ്ങൾ മറന്നോ എന്നറിയില്ല. കൊറോണക്കാലത്തെ കെപിസിസി യോഗത്തിൽ കൊവിഡ് കാലത്തെ ക്രഡിറ്റ് സർക്കാരിനെ എടുക്കാൻ അനുവദിക്കരുത് എന്ന് തീരുമാനിച്ചവരാണിവർ. Corona risk mitigation പ്രധാനമാണെന്ന് പറഞ്ഞയാളാണ് പ്രതിപക്ഷനേതാവ്. Mitigation ആണ് ശരിയെന്ന അഭിപ്രായം അദ്ദേഹത്തിന്റെ പാർട്ടിക്കാർ ഇപ്പോൾ പറയുമോ? അമേരിക്കയെയും തമിഴ്നാടിനെയും രാജസ്ഥാനെയും മാതൃകയാക്കണം എന്ന് പറഞ്ഞ, വിവരങ്ങൾ ദിവസവും നൽകുന്നതിനെ മീഡിയ മാനിയ എന്ന് അധിക്ഷേപിച്ച, ദുരിതാശ്വാസനിധിയിലേക്ക് പണം എത്തിക്കരുത് എന്ന് പറഞ്ഞ്, കള്ളം പ്രചരിപ്പിച്ചവരാണിവർ.
സാലറി ചാലഞ്ച് വന്നപ്പോൾ, അതിനെ അട്ടിമറിക്കാൻ മുന്നിട്ടിറങ്ങി. ഉത്തരവ് കത്തിച്ചു. കോടതിയിൽ പോയി, പരാജിതരായി. പ്രവാസികളെ കൊണ്ടുവരുന്ന ഈ ഘട്ടത്തിൽ രോഗമുള്ളവരും ഇല്ലാത്തവരും ഒരു വിമാനത്തിൽ വരുന്നത് ഒഴിവാക്കാൻ പരിശോധന വേണമെന്ന് പറഞ്ഞതും എതിർത്തു.
Credits Kerala || Deshabhimani Online News https://ift.tt/2NeqcWD
Comments