"മദ്യവും ലോട്ടറിയും ഇല്ലെങ്കിൽ കേരളത്തിന്റെ വരുമാനം പൂജ്യം'; എന്താണ് ഇതിലെ വാസ്തവം...?
ലളിതമായി പറഞ്ഞാൽ 2010-19 കാലയളവിൽ 2,57,017 കോടി രൂപ കേരളത്തിൽ നിന്ന് പിരിച്ചിട്ട് നമുക്ക് തിരിച്ചു നല്കുന്നതോ 1,55,077 കോടി രൂപ മാത്രം! കേരളത്തിൽ നിന്ന് പിരിച്ചതിൽ 1,01,940 കോടി രൂപ കേരളത്തിന് കിട്ടുന്നില്ല. എസ് അഭിലാഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
"മദ്യവും ലോട്ടറിയും ഇല്ലങ്കിൽ കേരളത്തിന്റെ വരുമാനം പൂജ്യം'
ഈ സ്തോഭ ജനകമായ വാദം ഇടതുപക്ഷം ഭരിക്കുമ്പോൾ, സംസ്ഥാനത്തെ പൊതു ധനകാര്യത്തെ കുറിച്ച് ചർച്ച നടത്തുമ്പോൾ വലതുപക്ഷം ഏറ്റവുമധികം ഉയർത്തുന്ന വാദമാണ്. "നിത്യനിദാന ചെലവുകൾക്കായി അല്ലെങ്കിൽ എന്തിനും അതിനും കേന്ദ്ര സർക്കാരിന്റെ മുന്നിൽ കൈനീട്ടുന്നു, സംസ്ഥാന ധനകാര്യ മന്ത്രി നികുതി പിരിക്കുന്നതിൽ ശ്രദ്ധിക്കാതെ കേന്ദ്രത്തെ കുറ്റം പറയുന്നു. കേന്ദ്രത്തിനു മുന്നിൽ ഭിക്ഷ പാത്രവുമായി നിൽക്കുന്നു, പെട്രോളും മദ്യവും ലോട്ടറിയും ഇല്ലെങ്കിൽ സംസ്ഥാന ഖജനാവിൽ പൂച്ച പെറ്റ് കിടക്കും ...." ഇങ്ങനെ പോകുന്നു ആരോപനങ്ങൾ
എന്താണ് ഇതിലെ വാസ്തവം?
ഭരണഘടനാ പ്രകാരം യൂണിയൻ ലിസ്റ്റിൽ പെടുന്ന പ്രധാന ടാക്സുകളാണ് ഇൻകം ടാക്സ്,കോർപ്പറേറ്റ് ഇൻകം ടാക്സ്,, ഉൾപ്പെടെയുള്ള ഡയറക്ട് ടാക്സുകളും കസ്റ്റംസ്,എക്സൈസ് സർവീസ് ടാക്സ് (ഇപ്പോൾ ജി എസ് ടിയുടെ ഭാഗം) ഉൾപ്പെടെയുള്ള ഇൻഡയറക്ട് ടാക്സുകളും.അതായത് ഇന്ത്യയൊട്ടുക്കും ഈ ടാക്സുകൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിന് മാത്രമാണ്.ഇങ്ങനെ പിരിച്ചെടുക്കുന്ന ടാക്സുകൾ ഭരണഘടനയുടെ അനുച്ഛേദം 280 പ്രകാരം രൂപീകൃതമായ ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്യുന്നത് പ്രകാരം സംസ്ഥാനങ്ങൾക്ക് വീതിക്കണം.
അപ്പോൾ ഉയർന്നു വരുന്ന ഒരു ചോദ്യം കേരളത്തിൽ നിന്ന് പിരിക്കുന്ന ഈ നികുതികൾ പിരിച്ചെടുക്കുന്നതിനുള്ള ചിലവ് കഴിച്ച സംസ്ഥാനങ്ങൾക്കു ലഭിക്കുന്നുണ്ടോ?
ഇതിനുള്ള മറുപടിക്കായി ഏകദേശം മൂന്നു മാസമായി ശ്രമിക്കുകയായിരുന്നു. പ്രശ്നം കേരളത്തിൽ നിന്ന് പിരിക്കുന്നതിന്റെ കണക്കു വ്യത്യസ്ത ഏജൻസികളിൽ നിന്നാണ് ലഭിക്കേണ്ടിയിരുന്നത്.മിക്കവാറും വിവരങ്ങൾ പൊതുമണ്ഡലത്തിൽ ലഭ്യമല്ല.വിവരാവകാശ നിയമ പ്രകാരവും CBDT റിപ്പോർട്ടുകളും അക്കൗണ്ടന്റ് ജനറൽ റിപ്പോർട്ടുകളും പരിശോധിച്ചാണ് ധാരണയിലെത്താൻ കഴിഞ്ഞത്.
2010-11 മുതൽ 2018-19 വരെ മുകളിൽ പറഞ്ഞ നികുതിയിനങ്ങളിൽ നിന്നായി കേരളത്തിൽ നിന്ന് കേന്ദ്രം 2,57,017 കോടി രൂപയാണ് പിരിച്ചെടുത്തത് ഇതിൽ ധനകാര്യ കമ്മീഷൻ ശുപാർയായി മടക്കി നൽകിയത് 97155 കോടി രൂപ മാത്രമാണ്. അതായത് 1,59,862 കോടി രൂപ സംസ്ഥാനത്തിന് മടക്കി നൽകിയില്ല .
അപ്പോൾ ഉയർത്തുന്ന എതിർ വാദം കേന്ദ്രം പല തരത്തിലുമുള്ള ഗ്രാന്റുകൾ സംസ്ഥാനത്തിന് നല്കുന്നില്ലെയെന്ന്?
തീർച്ചയായും നൽകുന്നുണ്ട് കേരളത്തിന് മാത്രമല്ല മറ്റെല്ലാ സംസ്ഥാനങ്ങൾക്കും ലഭിക്കുന്നുണ്ട് .ഒരു ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണ് അത് .അതിനുള്ള വരുമാനം കണ്ടു പിടിക്കുന്നത് കേന്ദ്രത്തിന് സംസ്ഥാനങ്ങളെ അപേക്ഷിച്ച എളുപ്പമാണ് .കാരണം നികുതിയേതര വരുമാന മാര്ഗങ്ങളും കടമെടുക്കലും കേന്ദ്രത്തിനു വളരെയെളുപ്പമാണ് .എന്നിരുന്നാലും വലതുപക്ഷം ആരോപിക്കും.. അത് പറ്റില്ല ഓരോ സംസ്ഥാനത്തിൽ നിന്നും ലഭിക്കുന്നത് മാത്രമേ ഇങ്ങനെ ഗ്രാന്റുകൾ ആയി വിതരണം നടത്താൻ കഴിയുകയുള്ളൂ എന്ന്...ശരി.എങ്കിൽ ആ രീതിയിൽ തന്നെ പരിശോധിച്ചു നോക്കാം
ഈ കാലയളവിൽ കേന്ദ്രം കേരളത്തിന് നൽകിയ എല്ലാ ഗ്രാന്റുകളും കൂടി ഒന്നൊഴിയാതെ കൂട്ടിനോക്കിയാൽ കേരളത്തിന് ലഭിച്ചത് 57,922 കോടി രൂപയാണ് .നികുതി വിഹിതവും എല്ലാ ഗ്രാന്റുകളും കൂട്ടിയാലും 1,55,077 കോടി രൂപ മാത്രമാണ് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത്.
ലളിതമായി പറഞ്ഞാൽ 2010-19 കാലയളവിൽ 2,57,017 കോടി രൂപ കേരളത്തിൽ നിന്ന് പിരിച്ചിട്ട് നമുക്ക് തിരിച്ചു നല്കുന്നതോ 1,55,077 കോടി രൂപ മാത്രം! കേരളത്തിൽ നിന്ന് പിരിച്ചതിൽ 1,01,940 കോടി രൂപ കേരളത്തിന് കിട്ടുന്നില്ല.
അതുകൊണ്ടു തന്നെ, നമുക്ക് അർഹതപ്പെട്ടതാണ് നാം ചോദിക്കുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/31j0RmH
Comments