പ്രതികൾ ലക്ഷ്യമിട്ടത് ഷംനയെ തട്ടിക്കൊണ്ടുപോകാൻ: കമ്മീഷണർ
കൊച്ചി > നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെടാനാണ് പ്രതികൾ ലക്ഷ്യമിട്ടതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ. ഷംന പൊലീസിൽ പരാതി നൽകിയതിനാൽ പദ്ധതി നടപ്പാക്കാനായില്ലെന്നും കമ്മീഷണർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം പരാജയപ്പെട്ടതോടെതാണ് ഷംനയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത്. കേസിൽ പ്രാഥമികമായ അന്വേഷണം പൂർത്തിയായി. കേസിലെ എല്ലാ പ്രതികളെയും കണ്ടെത്തി. 12 പ്രതികളുള്ള കേസിൽ നാല് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇതിലൊരാൾക്ക് കൊറോണ ബാധയുണ്ട്.
സിനിമ മേഖലയിലെ അറിയപ്പെടുന്ന പല താരങ്ങളെയും കെണിയിൽപ്പെടുത്താൻ പ്രതികൾ ശ്രമിച്ചിരുന്നു. സിനിമാ നിർമാതാക്കളെന്ന പേരിലാണ് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയെ സംഘം സമീപിക്കുന്നത്. ഇതു പോലെ മറ്റു രണ്ട് പേരിൽ നിന്നും താരങ്ങളുടെ നമ്പർ വാങ്ങി. നിർമാതാക്കളെന്ന് തെറ്റിദ്ധരിച്ചാണ് ഇവർ പ്രതികൾക്ക് നമ്പർ നൽകിയത്.
വിവാഹ ആലോചനയ്ക്ക് എന്ന പേരിലാണ് പ്രതികൾ ഷംനയെ സമീപിച്ചത്. തുടർന്ന് പണം ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെയാണ് ഭീഷണി മുഴക്കിയത്. ഹാരിസ്, റഫീഖ്, ഷരീഫ് എന്നിവരാണ് തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത്. സ്വർണ്ണ കടത്തുമായി പ്രതികൾക്ക് ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ല.
ഷംന കാസിമിനെ ചതിക്കാനായി ആദ്യം സ്വർണ്ണ ബിസിനസിന്റെ കാര്യം പറഞ്ഞ് പ്രതികൾ സമീപിച്ചിരുന്നു. നിയമപരമായുള്ള സ്വർണ്ണ ബിസിനസാണെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചു. ഇത് നടക്കാതായതോടെ വിവാഹാലോചനയുമായെത്തി. നിരവധി സിനിമാ താരങ്ങളുടെ നമ്പർ വാങ്ങി സ്വർണ്ണ ബിസിനസിന് താൽപര്യമുണ്ടോയെന്ന് ഇവർ തിരക്കി. ആരും താൽപര്യമറിയിച്ചില്ല.
ഷംനയുടേത് ഉൾപ്പെടെ എട്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. യുവതികളെ വടക്കഞ്ചേരിയിലും വാളയാറിലും ഹോട്ടൽ മുറികളിൽ അടച്ചിട്ട് ഭീഷണിപ്പെടുത്തുകയും സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്തതിനാണ് ഏഴ് കേസ്. ഇരുപതിലധികം യുവതികൾ സംഘത്തിനെതിരെ പരാതി നൽകി. ഷംനയുടെ മൊഴി വീഡിയോ കോൺഫറൻസിലൂടെ രേഖപ്പെടുത്തിയതായും വിജയ് സാഖറെ പറഞ്ഞു.
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളുടെയും സാക്ഷികളുടെയും വിശദാംശങ്ങളും ഇതുവരെ ലഭ്യമായ വിവരങ്ങളും നൽകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് പൊലീസിന് കത്തു നൽകി. പരാതിക്കാരും സാക്ഷികളും സ്വർണം, കറൻസി കടത്തിനെപ്പറ്റി സൂചന നൽകിയതിനെത്തുടർന്നാണിത്.
Credits Kerala || Deshabhimani Online News https://ift.tt/2YJaQjs
Comments