പേരാമ്പ്രയിൽ സജീവ മുസ്ലിം ലീഗ് പ്രവർത്തകർ സിപിഐ എമ്മിനൊപ്പം; ജമാഅത്തെ, എസ്‌ഡിപിഐ സഖ്യത്തിൽ പ്രതിഷേധം
പേരാമ്പ്ര > പേരാമ്പ്ര മത്സ്യ മാർക്കറ്റിലെ സജീവ മുസ്ലീം ലീഗ് പ്രവർത്തകരും ഏറെക്കാലം കെഎംസിസിയുടെ പ്രവർത്തകരുമായ ആറു പേർ കുടുംബസമേതം രാജിവെച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ചു. ചാലിൽ മുഹമ്മദലിപേരാമ്പ്ര, മരുതോറച്ചാലിൽ ഒടി ഷാഹിദ് പേരാമ്പ്ര, കുട്ടിപ്പറമ്പിൽ സി കെ നൗഷാദ് മമ്മിളിക്കുളം, കണ്ണകണ്ടി ഷമീർ പേരാമ്പ്ര, കോട്ടയം പുറത്ത് മീത്തൽ കെഎം അബ്ദുൾ സലാം എടവരാട്, കാപ്പുമ്മൽ അൻസാർ പേരാമ്പ്ര എന്നിവരാണ് രാജിവെച്ചത്. വർഗീയ കക്ഷികളായ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവയുമായി കൂട്ടുചേരാനുള്ള നീക്കം ന്യൂനപക്ഷ ക്ഷേമമല്ല, അധികാരത്തോടുള്ള ആർത്തിയാണ് മുസ്ലിം ലീഗിനെ നയിക്കുന്നതെന്ന് രാജിവെച്ചവർ പറഞ്ഞു.
പ്രവാസികളുടെ ക്ഷേമത്തിനായി പിണറായി സർക്കാർ നടപ്പാക്കിയ പദ്ധതികളിൽ ഏറെക്കാലം പ്രവാസികളായ തങ്ങൾക്ക്ഏറെസന്തുഷ്ടിയാണുള്ളതെന്നും ഇവർ വ്യക്തമാക്കി. പേരാമ്പ്ര എ കെ ജി ഹാളിൽ ചേർന്ന യോഗത്തിൽ രാജി വെച്ചവരെ സി പി ഐ എം ജില്ലാ സെക്രട്ടരിയറ്റംഗം കെ കുഞ്ഞമ്മത് ചെങ്കൊടി നൽകി സ്വീകരിച്ചു. ഏരിയാ സെക്രട്ടറി എൻ പി ബാബു, ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, ബ്ലോക്ക് പഞ്ചായത്തംഗം വി കെ സുനീഷ്, വി കെ ഭാസ്ക്കരൻ, കെ കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി വി കെ പ്രമോദ് അധ്യക്ഷനായി. വെസ്റ്റ് ടൗൺ ബ്രാഞ്ച് സെക്രട്ടറി വി ശ്രീനി സ്വാഗതവും സിഎം അഹമ്മദ് കോയ നന്ദിയും പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/31oOHZC
Comments