പാപ്പുക്കുട്ടി വൈദ്യരുടെ നിര്യാണത്തിൽ മന്ത്രി എ കെ ബാലൻ അനുശോചിച്ചു

തിരുവനന്തപുരം> കേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുക്കുട്ടി ഭാഗവതരുടെ നിര്യാണത്തിൽ സാംസ്ക്കാരിക മന്ത്രി എ കെ ബാലൻ അനുശോചിച്ചു. മലയാള നാടക, സിനിമ, സംഗീത മേഖലകളിലെ ഒരു നൂറ്റാണ്ടിന്റെ വികാസപരിണാമങ്ങൾക്ക് സാക്ഷിയായ അദ്ദേഹം 107-ാം വയസിലാണ് വിട പറഞ്ഞത്.

പതിനയ്യായിരത്തോളം വേദികളില് അദ്ദേഹം നാടകം അവതരിപ്പിച്ചു. ഇരുപത്തഞ്ചോളം സിനിമകളിലും അഭിനയിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട്(2010) എന്ന സിനിമയിലാണ് അവസാനമായി അദ്ദേഹം പാടിയത്.

ഏഴാമത്തെ വയസ്സില് വേദമണി എന്ന സംഗീതനാടകത്തിലൂടെയാണ് അദ്ദേഹം അരങ്ങിലെത്തിയത്. വലിയ സംഗീതജ്ഞാനമുണ്ടെങ്കിൽ മാത്രം അഭിനയിക്കാൻ കഴിയുമായിരുന്ന നാടകങ്ങളിലാണ് അദ്ദേഹം കഴിവ് തെളിയിച്ചത്. പതിനേഴു വയസിൽ 'മിശിഹാചരിത്ര'ത്തില് മഗ്ദലന മറിയത്തിന്റെ വേഷമിട്ട് പ്രൊഫഷണല് നടനായി. പിന്നീട് നൂറു കണക്കിന് നാടകങ്ങളിൽ ആയിരക്കണക്കിന് വേദികളിലൂടെ അദ്ദേഹം ജനഹൃദയങ്ങളിലെത്തി.

മായ എന്ന നാടകം ഒരു വര്ഷം 290 സ്റ്റേജുകളിലാണ് അവതരിപ്പിച്ചത്. പ്രസന്നയാണ് ആദ്യ സിനിമ. അതില് പാടുകയും ചെയ്തു. ഗുരുവായൂരപ്പന്, സ്ത്രീഹൃദയം, മുതലാളി, വില കുറഞ്ഞ മനുഷ്യര്, പഠിച്ച കള്ളന്, അഞ്ചു സുന്ദരികള് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സത്യനും നസീറിനും വേണ്ടി പല തവണ പിന്നണി പാടി.

മേരിക്കുണ്ടൊരു കുഞ്ഞാടില് പ്രശസ്തമായ 'എന്റടുക്കെ വന്നടുക്കും പെമ്പിറന്നോളെ...' എന്ന പാട്ടു പാടി തന്റെ സാന്നിധ്യം അറിയിച്ചു.

മഹാനായ ഒരു കലാകാരനെയാണ് നമുക്ക് നഷ്ടമായത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3dlrxWd

Comments

Archive

Contact Form

Send