മുല്ലപ്പള്ളിക്കെതിരെ എ, ഐ പടയൊരുക്കം ; സമരം പൊളിക്കാനുള്ള മുല്ലപ്പള്ളിയുടെ നീക്കമെന്ന് ചെന്നിത്തല
തിരുവനന്തപുരം
പ്രവാസിപ്രശ്നത്തിൽ താൻ നടത്തിയ സമരം പൊളിക്കാനാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോഗ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിനും യുഡിഎഫിനും മുല്ലപ്പള്ളി നാണക്കേട് വരുത്തിയെന്ന് ഉമ്മൻചാണ്ടി. കോവിഡ് പ്രതിരോധത്തിന് തുരങ്കംവച്ച പ്രതിപക്ഷ നടപടികൾ അക്കമിട്ട് വ്യക്തമാക്കിയ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനുശേഷമാണ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും പരസ്പരം ഈ വികാരം പങ്കുവച്ചത്. മുസ്ലിംലീഗും പരസ്യപ്രതികരണത്തിന് മുതിർന്നതോടെ മുല്ലപ്പളളിക്കെതിരെ അവസരം മുതലെടുത്ത് തൽക്കാലം ഒരുമിച്ച് നീങ്ങാനും എ, ഐ ഗ്രൂപ്പുകൾ ധാരണയിലെത്തി.

മുസ്ലിംലീഗിന്റെ പരസ്യമായ എതിർപ്പ് യുഡിഎഫിലെ മറ്റുകക്ഷികളിലും ചലനം സൃഷ്ടിക്കും. പലകാര്യങ്ങളിലും മുല്ലപ്പള്ളിയുടെ നിലപാട് പ്രായോഗികമല്ലെന്ന വികാരം കുറെ നാളായി മുസ്ലിംലീഗിനുണ്ട്. ഇത് കോൺഗ്രസ് നേതൃത്വത്തോട് വ്യക്തമാക്കിയിട്ടും മാറ്റം വന്നില്ലെന്നാണ് പരാതി. ആരോഗ്യമന്ത്രിയെ അപമാനിച്ചത് കൂടി കണക്കിലെടുത്ത് മുല്ലപ്പള്ളിയെ തള്ളാനും ഉമ്മൻചാണ്ടിയെ നേതൃത്വത്തിൽ എത്തിക്കാനുമാണ് ലീഗിന്റെ നീക്കം.
കോൺഗ്രസിൽ മൂന്ന് ധ്രുവങ്ങളിലാണ് മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻചാണ്ടിയും. മൂന്നുപേരും പരസ്പരം ആശയവിനിമയമില്ലെന്ന പരാതി കെപിസിസി നേതൃയോഗത്തിൽവരെ ഉയർന്നതാണ്. ഈ പശ്ചാത്തലത്തിലായിരുന്നു സംയുക്ത വാർത്താസമ്മേളനം. ഒരുമിച്ചാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യം. അതിനുശേഷവും മൂന്ന് വാർ റൂം തുറന്നു തന്നെയാണ് മൂവരും തമ്മിൽ ഏറ്റുമുട്ടിയത്. സർക്കാരിനെതിരെ നിരന്തരം വാർത്താസമ്മേളനം നടത്തിയാണ് പ്രതിപക്ഷ നേതാവ് രംഗത്തുവന്നത്. മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും മത്സരിച്ച് പ്രസ്താവനയിറക്കി.
കെപിസിസി ഭാരവാഹികളുടെ ചുമതല വിഭജിച്ചതോടെ ചേരിപ്പോര് ശക്തമായി. എ ഗ്രൂപ്പുകാരനായ തമ്പാനൂർ രവിക്ക് പകരം കെ പി അനിൽകുമാറിന് സംഘടനാ കാര്യങ്ങളുടെ ചുമതല നൽകി മുല്ലപ്പള്ളി വെല്ലുവിളിച്ചത് ഉമ്മൻചാണ്ടിയെ ചൊടിപ്പിച്ചു. ഐ വിഭാഗത്തിലുള്ളവരെയും പ്രധാന ചുമതലകളിൽനിന്ന് ഒഴിവാക്കി. ഇതിൽ കലിമൂത്ത് നിൽക്കുകയായിരുന്ന എ, ഐ ഗ്രൂപ്പുകൾക്ക് ഇപ്പോൾ മുല്ലപ്പള്ളിക്കെതിരെ അവസരം വീണുകിട്ടിയിരിക്കുകയാണ്.
Credits Kerala || Deshabhimani Online News https://ift.tt/37ZGwo1
Comments