കോവിഡിന്റെ മറവിൽ റെയിൽവേയിൽ നിയമന നിരോധനം
കോഴിക്കോട്
കോവിഡിന്റെ മറവിൽ റെയിൽവേയിൽ നിയമന നിരോധനം. പുതിയ തസ്തികകളെല്ലാം ഉടൻ മരവിപ്പിക്കണമെന്ന് റെയിൽവേ ബോർഡ് ഇറക്കിയ ഉത്തരവിൽ പറയുന്നു. പുതിയ നിയമനങ്ങൾ പൂർണമായി നിർത്തലാക്കി സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടുന്നതാണ് കേന്ദ്ര സർക്കാർ നടപടി.
മുൻകാല പ്രാബല്യത്തോടെ തസ്തികകൾ മരവിപ്പിക്കണമെന്നാണ് 19 ന് ഇറക്കിയ ഉത്തരവിലെ കർശന നിർദേശം. രണ്ടു വർഷത്തിനുള്ളിൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന് (ആർആർബി) റിപ്പോർട്ട് ചെയ്ത തസ്തികകൾ എല്ലാം മരവിപ്പിക്കും. ലാഭകരമല്ലാത്ത ബ്രാഞ്ച് ലൈനുകൾ അടയ്ക്കുന്നതടക്കം റെയിൽവേയുടെ അടിവേര് മുറിയ്ക്കുന്ന ഒട്ടേറെ നിർദേശങ്ങൾ ഉത്തരവിലുണ്ട്. എല്ലാ നിർദേശങ്ങളും ഉടൻ നടപ്പാക്കണം. ഇത് കർശനമായി പരിശോധിക്കാൻ സോണൽ ജനറൽ മാനേജർമാർക്കാണ് ചുമതല.

കോവിഡിനെയും അടച്ചിടലിനെയും തുടർന്ന് റെയിൽവേക്ക് 58 ശതമാനം വരുമാനം കുറഞ്ഞതായി ഉത്തരവിൽ പറയുന്നു. ഇത് മറികടക്കാനെന്ന പേരിലാണ് ജീവനക്കാരെ കുറച്ചും ആനുകൂല്യങ്ങൾ കവർന്നും സ്വകാര്യവൽക്കരണ പരിഷ്കാരവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നത്. ഒഴിഞ്ഞു കിടക്കുന്ന മൂന്നു ലക്ഷത്തോളം തസ്തികകൾ ഇനിയൊരിക്കലും നികത്തില്ലെന്നതിന്റെ പ്രഖ്യാപനം കൂടിയായി റെയിൽവേയുടെ ഉത്തരവ്. മുമ്പിറക്കിയ ഉത്തരവുകൾ പരിഷ്കരിച്ചാണ് ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്ന കുറിപ്പോടെ പുതിയ ഉത്തരവിറക്കിയത്.
പ്രധാന നിർദേശങ്ങൾ: രണ്ടുവർഷത്തിനകം റിപ്പോർട്ട് ചെയ്ത തസ്തികകൾ മരവിപ്പിക്കുക. റിസർവേഷൻ കേന്ദ്രങ്ങൾ കുറയ്ക്കുക. ജീവനക്കാരെ പുനർവിന്യസിക്കുക. വർക്ക് ഷോപ്പുകളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക. ലാഭമില്ലാത്ത ബ്രാഞ്ച് റെയിൽവേ ലൈനുകൾ അടയ്ക്കുക. പുനർ നിയമിതരായ വിരമിച്ച ജീവനക്കാരുടെ എണ്ണം കുറയ്ക്കും. പുതിയ കംപ്യൂട്ടറുകൾ, വാഹനങ്ങൾ, ഫർണിച്ചറുകൾ എന്നിവ വാങ്ങാൻ അനുമതിയില്ല. ജീവനക്കാരുടെ ഓവർ ടൈം അലവൻസ്, ടിഎ എന്നിവ 50 ശതമാനവും മറ്റ് അലവൻസുകൾ 33 മുതൽ 50 ശതമാനം വരെയും കുറയ്ക്കും. ഇന്ധന ഉപയോഗം കുറയ്ക്കാൻ ഊർജ ഓഡിറ്റ്.
Credits Kerala || Deshabhimani Online News https://ift.tt/2NiH3HT
Comments