വീണ്ടും ചിരിപ്പിച്ച് ചെന്നിത്തല ; ഇ മൊബിലിറ്റി കൺസൾട്ടൻസി നൽകിയതിൽ അഴിമതിയെന്ന്
വാങ്ങാൻ തീരുമാനിക്കാത്ത ബസിനെച്ചൊല്ലി കഴമ്പില്ലാത്ത പുതിയ ആരോപണവുമായി വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്താകുന്ന ഇ മൊബിലിറ്റി പദ്ധതിയിൽ 4500 കോടി രൂപയ്ക്ക് 3000 വൈദ്യുത ബസ് വാങ്ങുന്നതിനുള്ള സാധ്യതാപഠനത്തിന് പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിയെ കൺസൾട്ടന്റായി നിയോഗിച്ചതിൽ അഴിമതിയുണ്ടെന്നാണ് പുതിയ ആരോപണം. കൺസൾട്ടൻസി നൽകിയത് കേന്ദ്രസർക്കാരിന്റെ മാനദണ്ഡം പാലിച്ചാണെന്ന വസ്തുത പുറത്തുവന്നതോടെ ഈ ആരോപണവും പൊളിഞ്ഞു. കേന്ദ്ര സർക്കാരിന്റെ എൻഐസിയുടെ (നാഷണൽ ഇൻഫർമാറ്റിക് സെന്റർ സർവീസസ്) എംപാനൽ പട്ടികയിലുള്ളതാണ് കമ്പനി. എൻഐസി നിശ്ചയിച്ച 82 ലക്ഷം രൂപയാണ് ഫീസ് നിശ്ചയിച്ചത്.
ഇ ബസുകൾ വാങ്ങുന്നതിന് പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനി (പിഡബ്ല്യുസി)ക്ക് കൺസൾട്ടൻസി നൽകിയെന്നാണ് ചെന്നിത്തലയുടെ പ്രധാന ആരോപണം. എന്നാൽ, വാഹനം വാങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. കേരളത്തിൽ ഇ വാഹനനിർമാണ മേഖലയിൽ നിക്ഷേപിക്കാൻ തയ്യാറായി ലോകപ്രശസ്ത കമ്പനികളായ തോഷിബ, അറൈവൽ തുടങ്ങിയവ ധാരണപത്രം ഒപ്പിടാൻ തയ്യാറായിരുന്നു. ഒപ്പിടുംമുമ്പ് ഇതിന്റെ സാധ്യത പഠിക്കാൻ സർക്കാർ തീരുമാനിച്ചു. അതിനാണ് ഈ രംഗത്ത് പരിചയമുള്ള പിഡബ്ല്യുസിയെ ചുമതലപ്പെടുത്തിയത്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ‘ജിം’ നിക്ഷേപ സംഗമത്തിന്റെ ചുമതല ഈ കമ്പനിക്കായിരുന്നു. കമ്പനി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കരിമ്പട്ടികയിൽ പെടുത്തിയതാണെന്ന് ചെന്നിത്തല ആരോപിക്കുന്നു. കേന്ദ്ര സർക്കാർ എംപാനൽ ചെയ്ത കമ്പനിക്ക് പിന്നീട് കാലാവധിയും നീട്ടി. അതുകൊണ്ടാണ് ടെൻഡർ നടപടിയില്ലാതെ കൺസൾട്ടൻസി നൽകിയത്.

ഇ മൊബിലിറ്റിക്ക് പുറമെ ബസ്പോർട്ടും ലോജിസ്റ്റിക് പോർട്ടും നിർമിക്കാനും കൺസൾട്ടൻസി നൽകിയിട്ടുണ്ട്. ഇ മൊബിലിറ്റിക്കാണ് പിഡബ്ല്യുസിയെ ചുമതലപ്പെടുത്തിയത്. മറ്റുള്ളവയ്ക്ക് കെപിഎംജി, ഏൺസ്റ്റ് ആൻഡ് യംഗ് ഗ്ളോബൽ എന്നീ കമ്പനികളെയാണ് തെരഞ്ഞെടുത്തത്. റീബിൾഡ് കേരളയുടെ കൺസൾട്ടന്റായി കെപിഎംജിയെ നിയമിച്ചതിനെതിരെ കഴിഞ്ഞദിവസം ചെന്നിത്തല അഴിമതി ആരോപിച്ചിരുന്നു. ഇതിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയതിനുപിന്നാലെ ചെന്നിത്തല മലക്കം മറിഞ്ഞു. നേരത്തെ സ്പ്രിങ്ക്ളർ, ഖനനം തുടങ്ങിയ ആരോപണവും ഉണ്ടയില്ലാവെടിയായിരുന്നു.
ഇ മൊബിലിറ്റി കൺസൾട്ടൻസി നൽകിയതിൽ അഴിമതിയെന്ന്
ഇ മൊബിലിറ്റി പദ്ധതിയിൽ 4500 കോടി രൂപയ്ക്ക് 3000 വൈദ്യുത ബസ് ഇറക്കുന്നതിന് കൺസൾട്ടന്റായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനിയെ തെരഞ്ഞെടുത്തതിൽ അഴിമതിയുള്ളതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടെൻഡർ ഇല്ലാതെയാണ് കരാർ നൽകിയത്. ഇത് ഗതാഗത മന്ത്രി അറിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനിക്ക് സെബിയുടെ നിരോധനവുമുണ്ട്.
കെപിഎംജിലെ റീബിൽഡ് കേരളയുടെ കൺസൾട്ടൻസിയായി തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനിയെ തെരഞ്ഞെടുത്തതിൽ പാലിച്ചില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2AbLlxX
Comments