കണ്ണൂർ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഓഫീസ് അടച്ചു; പ്രവർത്തനത്തെ ബാധിക്കില്ല
കണ്ണൂർ > സിഐഎസ്എഫ് ജവാന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിഐഎസ്എഫ് ഓഫീസ് അടച്ചു. അണുവിമുക്തമാക്കിയശേഷം തുറന്നുപ്രവർത്തിക്കും. അവധി കഴിഞ്ഞെത്തി 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയവർക്കാണ് രോഗബാധ കണ്ടെത്തിയതെന്നും അതിനാൽ ക്വാറന്റൈൻ കാലാവധി 28 ദിവസമാക്കി വർധിപ്പിച്ചതായും കിയാൽ എംഡി വി തുളസീദാസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ലോക്ക്ഡൗണിനു മുമ്പ് അവധിയിൽ പോയ അമ്പതോളം സിഐഎസ്എഫ് ജവാന്മാർ ലോക്ക്ഡൗൺ കഴിഞ്ഞ് തിരികെ വന്നപ്പോൾ 14 ദിവസം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ ആദ്യം ഒരാൾക്കും പിന്നീട് മൂന്നു പേർക്കും രോഗലക്ഷണങ്ങൾ കണ്ടതോടെ ആരോഗ്യവകുപ്പിനെ അറിയിച്ച് ചികിത്സ തേടി. ഇതിനുശേഷം ഇവരോടൊപ്പം ക്വാറന്റൈനിൽ കഴിഞ്ഞ നാലുപേരെക്കൂടി പ്രകടമായ രോഗലക്ഷണങ്ങളില്ലെങ്കിലും പരിശോധനയിൽ കോവിഡ് പോസിറ്റീവായി കണ്ടെത്തുകയായിരുന്നു. ഇവരിൽ ഒരാൾ ക്വാറന്റൈൻ കാലാവധി കഴിഞ്ഞ് രോഗലക്ഷണങ്ങളില്ലെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം കഴിഞ്ഞ ദിവസം എയർപോർട്ട് ബേസ്മെന്റിലെ സിഐഎസ്എഫ് ഓഫീസിൽ ജോലിക്കായി റിപ്പോർട്ട് ചെയ്തു. പിറ്റേന്ന് തലവേദന തോന്നിയതിനാൽ കൂത്തുപറമ്പ് ഗവ. ആശുപത്രിയിൽ പരിശോധനയ്ക്കു വിധേയനായി. ഡോക്ടറുടെ നിർദ്ദേശപ്രകാരം അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലെത്തി സ്രവം പരിശോധിച്ചപ്പോഴാണ് പോസിറ്റീവാണെന്നു കണ്ടെത്തിയത്.
ഈ ജവാൻ റിപ്പോർട്ടു ചെയ്ത സമയം മുതൽ തിരിച്ചുപോകുന്നതു വരെ സിഐഎസ്എഫ് ഓഫീസിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. വിമാനത്താവള സുരക്ഷാ ചുമതലകളെ ഇതുബാധിക്കില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Credits Kerala || Deshabhimani Online News https://ift.tt/37Uju1I
Comments