VIDEO - ഗോത്രഭാഷയിൽ 'മ്യാവു' പറഞ്ഞ് തങ്കു പൂച്ച; ഗോത്രവിദ്യാർഥികളെയും ചേർത്തു നിർത്തി ഓൺലൈൻ പഠനം
കൽപ്പറ്റ > 'പൂച്ചക്ക് യാഹ കാലു ഇദേ? നാലക്ക്. കളവുലു ഹാല് കുടീത്താരെ' (പൂച്ചക്ക് എത്ര കാലുണ്ട് ? നാല്. പാല് മോഷ്ടിച്ച് കുടിക്കുകയാണ്). മീനങ്ങാടി അപ്പാട് ജിഎൽപി സ്കൂളിലെ അധ്യാപിക എം എസ് ശ്രീജ തങ്കുപൂച്ചയുടെയും മിട്ടുപൂച്ചയുടെയും കഥ പറയുമ്പോൾ ആസ്വദിക്കാൻ മുമ്പിൽ കുട്ടികൾ ഇല്ലെങ്കിലും ക്യാമറ ഒപ്പിയെടുക്കുന്നുണ്ട്. വരും ദിവസങ്ങളിൽ തന്റെ കഥ ആയിരങ്ങൾ കാണുമെന്ന് ടീച്ചർക്ക് അറിയാം. ഒന്നാം ക്ലാസിലെ പിഞ്ചുകുട്ടികളെ മനസ് നിറയെ കണ്ടാണ് അവതരണം.
ഗോത്രവിദ്യാർഥികൾക്ക് അവരുടെ ഭാഷയിൽ ഓൺലൈൻ പഠനം നൽകുന്നതിന്റെ ചിത്രീകരണം പെരുന്തട്ട ജിഎൽപി സ്കൂളിൽ നടക്കുകയാണ്. കാട്ടുനായ്ക്ക ഭാഷയിലായിരുന്നു ശ്രീജ ടീച്ചറുടെ അവതരണം. പിന്നാലെ മുത്തങ്ങ ജിഎൽപി സ്കൂളിലെ അധ്യാപിക ശ്രീജയുടെ അരങ്ങേറ്റമായി. കുറുമ ഭാഷയുമായാണ് ടീച്ചറുടെ വരവ്. ' നാന് പറയിന കഥലിത്ത ആള് നമ്മള നാട്ടിലും നമ്മ കുടിലിലും എപ്പളും കാണുന്ന ഒരാളാണ്'. പടിഞ്ഞാറത്തറ ജിഎൽപിയിലെ കെ മഞ്ജു, മാനന്തവാടിയിലെ സിനി, അഞ്ജു, ബത്തേരിയിലെ കൃഷ്ണജ എന്നിവരെല്ലാം ചേർന്ന് പണിയ, അടിയ, കുറിച്യ, ഊരാളി ഭാഷകളിലായി പാഠഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി. ഓൺലൈൻ പഠനത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച്ച മുഖ്യമന്ത്രി നിർവഹിക്കും.
ഗോത്രവിഭാഗം കുട്ടികൾക്ക് മാതൃഭാഷയിൽ പഠനം ഒരുക്കുന്നതിനുള്ള ചിത്രീകരണമാണ് നടന്നത്. ഓൺലൈൻ പഠനത്തിൽ ഗോത്രവിഭാഗം കുട്ടികളെ പൂർണമായും പങ്കാളികളാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെയും പൊതുവിദ്യാഭ്യാസവകുപ്പിന്റെയും തീരുമാനം. വിക്ടേഴ്സ് ചാനലിലുടെ കുട്ടികളുടെ ഹൃദയങ്ങൾ കിഴടക്കി സായ് ശ്വേത ടീച്ചർ പഠിപ്പിച്ച തങ്കുപൂച്ചയുടെയും മിട്ടുപൂച്ചയുടെയും കഥയടക്കമുള്ള ക്ലാസുകളാണ് ഗോത്രവിദ്യാർഥികൾക്ക് അവരുടെ ഭാഷയിൽ ഈ ടീച്ചർമാർ പുനരവതരിപ്പിക്കുന്നത്.
ഒന്നാം ക്ലാസിൽ ചേർന്ന ഗോത്രവിദ്യാർഥികൾക്ക് നിലവിലെ ഓൺലൈൻ ക്ലാസ് മനസിലാക്കാൻ ബുദ്ധിമുട്ടാണെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് അവരുടെ ഭാഷയിൽ ക്ലാസുകളുടെ വീഡിയോ റെക്കൊർഡ് ചെയ്ത് എത്തിക്കുന്നത്. സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ ആറ് ഭാഷകളിൽ ചീത്രീകരണം പൂർത്തിയാക്കി. ഗോത്രബന്ധു അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. ഒരാഴ്ചക്കകം വിക്ടേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യും. യു ട്യൂബ് വഴിയും ലഭ്യമാക്കും. ഗോത്രവിദ്യാർഥികൾ മുഴുവൻ ഓൺലൈൻ പഠനത്തിൽ പങ്കാളികളാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ജില്ലാ പ്രോഗ്രാം ഓഫീസർ ഒ പ്രമോദ് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3eDsZEM
Comments