ഡല്‍ഹി ടെസ്റ്റുകളില്‍ മറിമായം; ആന്റിജൻ ടെസ്റ്റില്‍ നെഗറ്റീവായവരിൽ 15 ശതമാനവും രോഗികള്‍
ന്യൂഡൽഹി > ഡൽഹിയിൽ കോവിഡ് ബാധിതരുടെഎണ്ണത്തിൽ പെട്ടെന്നുണ്ടായ കുറവ് ആന്റിജൻ ടെസ്റ്റുകൾ നൽകുന്ന തെറ്റായ നെഗറ്റീവ് ഫലംമൂലമെന്ന്. ജൂൺ 18 മുതൽ 21 വരെ ഡൽഹിയിൽ ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ഫലം ലഭിച്ച സാമ്പിളുകളിൽ 15 ശതമാനത്തോളം ആർടി–- പിസിആർ ടെസ്റ്റിൽ പോസിറ്റീവ് ഫലം കാട്ടി.
നിലവിൽ ഡൽഹിയിലെ കോവിഡ് പരിശോധനകളിൽ മൂന്നിൽ രണ്ടും ആന്റിജൻ പരിശോധനകളാണ്. ആർടി–- പിസിആർ പരിശോധന ഗണ്യമായി കുറഞ്ഞു. ഞായറാഴ്ച 17,533 പരിശോധന നടത്തി. ഇതിൽ 5032 ആർടി–- പിസിആർ പരിശോധനയും 12,501 എണ്ണം ആന്റിജൻ പരിശോധനയുമാണ്.
ആന്റിജൻ പരിശോധന വർധിച്ചതോടെയാണ് ഡൽഹിയിൽ ദിവസേനയുള്ള രോഗികളുടെ എണ്ണം 1500ൽ താഴെയായത്. ഡല്ഹിയില് ഒറ്റദിവസത്തെ രോഗികളുടെ എണ്ണം ഒരു ഘട്ടത്തിൽ 4000 വരെ എത്തി. ജൂൺ 18 മുതൽ ജൂലൈ 21 വരെ ആന്റിജൻ പരിശോധന നെഗറ്റീവ് ഫലം കാട്ടുകയും എന്നാൽ രോഗലക്ഷണം പ്രകടമാകുകയും ചെയ്ത 2300 പേരെ ആർടി–- പിസിആർ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ 345 പേർക്ക് പോസിറ്റീവ് ഫലം ലഭിച്ചു. 60 ശതമാനത്തിലേറെ രോഗികളിലും ലക്ഷണം പ്രകടമാകാത്തതിനാൽ ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചവരിൽ നല്ലൊരു പങ്ക് പോസിറ്റീവാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്.
കോവിഡ് പോസിറ്റീവായശേഷം 10 ദിവസം രോഗലക്ഷണമില്ലെങ്കില് രോഗമുക്തരായി കണക്കാക്കാമെന്ന ഡൽഹി സർക്കാരിന്റെ വ്യവസ്ഥയും വിമർശിക്കപ്പെടുന്നു.
Credits National || Deshabhimani Online News https://ift.tt/332Zucy
Comments