കോവിഡ്‌ –19: പാലക്കാട് സ്ഥിതി രൂക്ഷമാകുന്നു: എ കെ ബാലൻ

പാലക്കാട് > അതിർത്തി പ്രദേശമായ പൊന്നാനി താലൂക്ക് പൂർണമായി അടയ്ക്കുകയും തമിഴ്നാട്ടിൽ രോഗികൾ വൻതോതിൽ വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ കോവിഡ് രോ​ഗാവസ്ഥ രൂക്ഷമാകുകയാണെന്ന് മന്ത്രി എ കെ ബാലൻ. കോവിഡ് അവലോകനയോഗ ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടക്കം മുതൽ നല്ല ജാഗ്രതയും ഇടപെടലും ജില്ലാ ഭരണകേന്ദ്രത്തിൽ നിന്നുണ്ടായി. മൂന്നാം ഘട്ടത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരികയാണ്. ഇതോടെ പുറത്തുനിന്നുള്ളവരുടെ വരവ് കൂടും. അതിർത്തി കടക്കാൻ പാസ് വേണ്ട എന്നാണ് കേന്ദ്രസർക്കാർ നിർദേശം. കേരളത്തിലേക്ക് വരുന്നവർ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷമേ അതിർത്തി കടക്കാവൂ.

ജില്ലയിൽ 22 ഊടുവഴികളിലൂടെ ആളുകൾ വരുന്നത് അപകടകരമായ സ്ഥിതിയുണ്ടാക്കും. പുറത്തുനിന്ന് വരുന്നവർ കർശനമായി നിരീക്ഷണത്തിൽ കഴിയണം. പ്രവാസികൾക്കും മറ്റുസംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്കും 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാണ്. അതിൽ വീഴ്ച വന്നാൽ സമ്പർക്ക വ്യാപനവും സമൂഹ വ്യാപനവും ഉണ്ടാകും. നിരീക്ഷണം ലംഘിക്കാതിരിക്കാൻ വാർഡ്, പഞ്ചായത്ത് സമിതികളും വളണ്ടിയർമാരും ബോധവൽക്കരണം നടത്തും. നിരീക്ഷണം കർശനമാക്കിയാൽ കോവിഡിനെ തടഞ്ഞുനിർത്താനാവുമെന്നും തുടർന്നും ലോക്ക്ഡൗൺ പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ കൃഷ്ണൻകുട്ടി, കലക്ടർ ഡി ബാലമുരളി, ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം, എഡിഎം ആർ ടി സുരേഷ്കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ജാഗ്രതാ പോർട്ടലിൽ രജിസ്ട്രേഷൻ നിർബന്ധം

പാലക്കാട് > അന്തർ സംസ്ഥാന യാത്രകൾക്ക് പാസ് നിർബന്ധമില്ലെന്ന പശ്ചാത്തലത്തിൽ ജില്ലയിലെ ഏഴു ചെക്പോസ്റ്റുകളിലും 22 ഊടുവഴികളിലും പൊലീസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. വാളയാർ ചെക്പോസ്റ്റ് വഴി കേരളത്തിലേക്ക് വരുന്നവർ കോവിഡ് –-19 ജാഗ്രതാ പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാനാവാത്തവർക്ക് വാളയാർ ചെക്പോസ്റ്റിൽ രജിസ്റ്റർ ചെയ്യാം. മറ്റ് ചെക്പോസ്റ്റുകളിൽ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

40 വെന്റിലേറ്ററിന് അനുമതി

പാലക്കാട് > സമൂഹ വ്യാപനമുണ്ടായാൽ നേരിടാൻ ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്നതിന് പുറമെ പാലക്കാട് ഗവ.മെഡിക്കൽ കോളേജും മാങ്ങോട് കേരള മെഡിക്കൽ കോളേജ് ആശുപത്രിയും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവർത്തിക്കുന്നുണ്ട്. ജില്ലാ ആശുപത്രിയിൽ ഐസിയു, ഒമ്പത് വെന്റിലേറ്റർ എന്നിവയുണ്ട്. ഇതിന് പുറമെ 40 വെന്റിലേറ്ററുകൾക്ക് അനുമതി ലഭിച്ചതിൽ അഞ്ചെണ്ണം എത്തിയതായി മന്ത്രി എ കെ ബാലൻ അറിയിച്ചു.

കഞ്ചിക്കോട് കിൻഫ്ര പാർക്കിലെ കെട്ടിടവും അടുത്തഘട്ടത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കും. രോഗബാധിതർ വർധിക്കുന്നത് നേരിടാൻ കൂടുതൽ കെട്ടിടങ്ങളും കണ്ടെത്തി. നാഷണൽ ഹെൽത്ത് മിഷൻ മുഖേന ആരോഗ്യ വകുപ്പിൽ 500 ഓളം ജീവനക്കാരെ ജില്ലയില് നിയമിക്കാൻ സർക്കാർ തീരുമാനിച്ചതിൽ 40 ഓളം പേർ ജോലിയിൽ പ്രവേശിച്ചു. ബാക്കിയുള്ളവരെ മൂന്ന് ഘട്ടങ്ങളിലായി നിയമിക്കും. 5000 അപേക്ഷ ലഭിച്ചു. 18,000 പിപിഇ കിറ്റ്, 38,980 ത്രീ ലെയർ മാസ്ക്, 11,966 എൻ 95 മാസ്ക്, സ്രവ പരിശോധനയ്ക്ക് 4000 ഉപകരണങ്ങൾ എന്നിവയും ഉറപ്പാക്കി. മെഡിക്കൽ കോളേജിൽ 600 സാമ്പിളുകൾ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. ഇതിനു പുറമെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ആലപ്പുഴയിലെ നാഷണല് വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിലും (എൻഐവി) സ്രവം പരിശോധനയ്ക്ക് അയക്കുന്നുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2VJKyf4

Comments

Archive

Contact Form

Send