വീക്ഷണത്തിലും ചന്ദ്രികയിലും 7മാസമായി ശമ്പളമില്ല; ജീവനക്കാര്‍ പ്രതിഷേധത്തില്‍:

തൃശൂർ> കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും മുഖപത്രങ്ങളായ വീക്ഷണത്തിലെയും ചന്ദ്രികയിലെയും പ്രധാന യൂണിറ്റുകളിൽ ജീവനക്കാർക്ക് ഏറ്റവും ഒടുവിൽ ശമ്പളം ലഭിച്ചത് കഴിഞ്ഞവർഷം. വീക്ഷണത്തിന്റെ കൊച്ചി ഓഫീസിലേയും ചന്ദ്രികയുടെ തിരുവനന്തപുരം ഓഫീസിലെ എഡിറ്റോറിയൽ വിഭാഗം ഉൾപ്പെടെയുള്ള ജീവനക്കാരുടെയും ശമ്പളമാണ് ഏഴുമാസമായി മുടങ്ങിയത്. 2019 ഡിസംബറിലാണ് ഇരു യൂണിറ്റുകളിലും ജീവനക്കാർക്ക് ശമ്പളം ലഭിച്ചത്.

വീക്ഷണത്തിന് ആറും ചന്ദ്രികയ്ക്ക് ഏഴും യൂണിറ്റുകളാണ് നിലവിലുള്ളത്. ഈ യൂണിറ്റുകളിലെല്ലാം മൂന്നുമുതൽ ഏഴുമാസംവരെ ജീവനക്കാർക്ക് മാനേജ്മെന്റ് ശമ്പളം നൽകിയിട്ടില്ല. കോവിഡ് മഹാമാരിയുടെ കാലത്ത് സംസ്ഥാനത്തെ ഒരു സ്ഥാപനത്തിലെയും ജീവനക്കാരെ പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും ഹൈക്കോടതിയുടെയും ഉത്തരവ് നിലനിൽക്കേയാണിത്.

കോവിഡ് വ്യാപനകാലത്ത് ഡോക്ടർമാർ, നേഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർക്ക് മതിയായ പ്രതിഫലം നൽകണമെന്ന് വീക്ഷണത്തിന്റെ എംഡിയുടെ ചുമതലവഹിക്കുന്ന കെപിസിസി ജനറൽ സെക്രട്ടറി ജയ്സൺ ജോസഫ് സർക്കാരിനോട് ആവശ്യപ്പെടുമ്പോൾ സ്വന്തം സ്ഥാപനത്തിലെ ദുർഗതി മറക്കുന്നു. അതേസമയം, മാനേജ്മെന്റുമായി അടുപ്പമുള്ള ചിലർക്ക് കൃത്യമായി ശമ്പളം നൽകുന്നുണ്ടെന്ന് മറ്റു ജീവനക്കാർ പറയുന്നു.

ചന്ദ്രികയിലെ ജീവനക്കാർ കടുത്ത ദുരിതത്തിൽ തുടരുന്നതിനിടെയാണ് കോവിഡിന്റെപേരിൽ ശമ്പളം തടഞ്ഞുവച്ചിരിക്കുന്നത്. അലവൻസുൾപ്പെടെ ഏഴുമാസത്തെ ശമ്പളമാണ് തിരുവനന്തപുരത്തെ എഡിറ്റോറിയൽ വിഭാഗത്തിന് കുടിശിക. അതിനിടെ മെയ്മുതൽ നിലവിലെ ശമ്പളത്തിൽ 50 ശതമാനം വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചു. ചന്ദ്രികയുടെ ചുമതലയുള്ള ഇ ടി മുഹമ്മദ് ബഷീർ എംപി ചർച്ച നടത്തിയെങ്കിലും ജീവനക്കാർക്ക് തൊഴിലെടുത്ത കൂലിപോലും നൽകാൻ തയ്യാറായിട്ടില്ല.

ഏഴുവർഷമായി തിരുവനന്തപുരം യൂണിറ്റിൽ പ്രവർത്തിച്ചിരുന്ന ജിത കനകാധരൻ, അരുൺ സുധാകരൻ എന്നിവരെ ജൂലൈ 20ന് സർവീസിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. ചന്ദ്രികയിൽ സ്പെഷ്യൽ എക്സിറ്റ് സ്കീം പദ്ധതി നടപ്പാക്കിയിരിക്കയാണ്. സ്വയം വിരമിക്കാൻ തയ്യാറായവർ മാനേജ്മെന്റ് നൽകുന്ന പണം വാങ്ങി പടിയിറങ്ങുന്നതാണ് പദ്ധതി.



Credits Kerala || Deshabhimani ​Online ​News https://ift.tt/2ZKs5Bx

Comments

Archive

Contact Form

Send