അങ്കമാലിയിൽ അച്ഛന്റെ മർദ്ദനത്തിരയായ കുഞ്ഞിനും അമ്മയ്ക്കും സംരക്ഷണമൊരുക്കി വനിതാ കമ്മീഷൻ
കൊച്ചി > അച്ഛന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന പിഞ്ചു കുഞ്ഞ് സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. കുട്ടിയെ ശിശുക്ഷേമസമിതി ഉത്തരവ് പ്രകാരവും, കുട്ടിയുടെ അമ്മയെ സംസ്ഥാന വനിതാ കമ്മീഷൻ ഉത്തരവു പ്രകാരവും ഭാരവാഹികൾ ഏറ്റെടുത്ത ശേഷം പുല്ലുവഴി സ്നേഹ ജ്യോതി മാതൃ ശിശു പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.
എറണാകുളം ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് അഡ്വ. കെ. എസ് അരുൺകുമാർ, ചൈൽഡ് വെൽഫയർ കമ്മിറ്റിയംഗം മഞ്ജുള വി എൻ, സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിൽ ആണ് കുട്ടിയെയും അമ്മയെയും ഏറ്റെടുത്തത്. തന്റെ കുട്ടിയെ ക്രൂരമായി മർദ്ദിച്ച പിതാവിനോടും കുടുംബത്തോടൊപ്പം തുടർന്ന് താമസിക്കുവാൻ തനിക്ക് താല്പര്യമില്ല എന്നും തനിക്ക് സ്വന്തം നാടായ നേപ്പാളിലേക്ക് തിരികെ പോകണമെന്നും കുട്ടിയുടെ അമ്മ വനിതാ കമ്മീഷൻ അധ്യക്ഷയോടും ശിശുക്ഷേമ സമിതി ഭാരവാഹികളോടും പറഞ്ഞിരുന്നു. തുടർന്നാണ് കേസ് അന്വേഷണം പൂർത്തിയാകുന്നതുവരെ കുട്ടിയെയും അമ്മയെയും എറണാകുളം ജില്ലയിലെ പുല്ലുവഴി സ്നേഹ ജ്യോതി മാതൃ ശിശു പരിചരണ കേന്ദ്രത്തിൽ താമസിപ്പിക്കുവാൻ ശിശുക്ഷേമസമിതിയും വനിതാ കമ്മീഷനും തീരുമാനിച്ചത്. കുട്ടിയുടെ തുടർചികിത്സയും യാത്ര സൗകര്യങ്ങളും ഉറപ്പു വരുത്തുമെന്ന് ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് അഡ്വ.കെ എസ് അരുൺകുമാർ അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/2VKZ6Ln
Comments