വർഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നു; വിവാഹ നോട്ടീസ് രജിസ്‌ട്രേഷൻ വെബ്‌സൈറ്റിൽ ഇടില്ല
തിരുവനന്തപുരം > പ്രത്യേക വിവാഹ നിയമപ്രകാരം സമർപ്പിക്കുന്ന വിവാഹ നോട്ടീസ് രജിസ്ട്രേഷൻ വകുപ്പിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് നിർത്തിവയ്ക്കാൻ നിർദേശിച്ചതായി മന്ത്രി ജി സുധാകരൻ അറിയിച്ചു. നോട്ടീസ് സബ്രജിസ്ട്രാർ ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം.
രജിസ്ട്രേഷൻ വകുപ്പിലെ സേവനങ്ങൾ ഓൺലൈനായി മാറിയതോടെ ഫോട്ടോയും മേൽവിലാസവും സഹിതമുള്ള വിവാഹ നോട്ടീസുകൾ 2019 മുതൽ രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇത്തരം വിവാഹ നോട്ടീസുകൾ ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതടക്കമുള്ള പരാതികൾ മുഖ്യമന്ത്രിക്കും രജിസ്ട്രേഷൻ മന്ത്രിക്കും ലഭിച്ചിരുന്നു.
രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് നിർദേശമെന്നും മന്ത്രി അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/2WP9FOf
Comments