യുപിയിൽ പെൺമക്കളുടെ മുന്നിൽവെച്ച് അക്രമി സംഘം വെടിവെച്ച മാധ്യമപ്രവർത്തകൻ മരിച്ചു
ന്യൂഡൽഹി > ഉത്തർപ്രദേശിൽ രണ്ട് പെൺമക്കളുടെ മുന്നിൽവെച്ച് അക്രമി സംഘം വെടിവെച്ച മാധ്യമപ്രവർത്തകൻ മരിച്ചു. ഗാസിയാബാദിലെ പ്രതാപ് വിഹാറിൽ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ജൻ സാഗർ ടുഡേയുടെ മാധ്യമപ്രവർത്തകൻ വിക്രം ജോഷിക്ക് വെടിയേറ്റത്. മക്കൾക്കൊപ്പം ബൈക്കിൽ യാത്രചെയ്യവെ പത്തംഗസംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. യശോദ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ വിക്രം മരിച്ചു. അനന്തരവളെ അധിക്ഷേപിച്ച അക്രമികൾക്കെതിരെ ജൂൺ 16ന് വിക്രം പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഈ സംഘമാണ് വിക്രമിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
പത്തംഗ അക്രമി സംഘത്തിലെ മുഖ്യ പ്രതികളായ രവി, ചോട്ടു എന്നിവരടക്കം ഒൻപതുപേർ പൊലീസ് പിടിയിലായി. അക്രമിക്കാനുപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തു. പെൺകുട്ടിയെ അധിക്ഷേപിച്ച പരാതിയിൽ നടപടി എടുക്കാത്തതുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സസ്പെന്റുചെയ്തെന്ന് എസ്എസ്പി കലാനിധി നൈതാനി പറഞ്ഞു. ജൂലൈ 17ന് പരാതിയിൽ നടപടി ആവശ്യപ്പെട്ട് എസ്എസ്പിക്ക് വിക്രം തപാൽമാർഗം പരാതി അയച്ചിരുന്നു. പരാതിയിൽ പൊലീസ് നടപടി എടുത്തിരുന്നെങ്കിൽ ഈ ദുരന്തം ഉണ്ടാകില്ലായിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വിക്രമിനെ തടഞ്ഞുനിർത്തി മർദ്ദിക്കുന്നതും പെൺമക്കൾ ഭയന്ന് ഓടുന്നതും ഉൾപ്പെട്ട സിസിടിവി ദൃശ്യം പുറത്തുവന്നു. വിക്രമിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു വിട്ടുനൽകാതെ മാധ്യമപ്രവർത്തകർ ആശുപത്രിയിൽ പ്രതിഷേധിച്ചു. വിക്രമിന്റെ കുടുംബത്തിന് 10 ലക്ഷംരൂപ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ഡിവൈഎസ്പി അടക്കം എട്ടു പൊലീസുകാർ കൊല്ലപ്പെടുകയും കേസിലെ മുഖ്യപ്രതി വികാസ് ദുബേയെ ‘ഏറ്റുമുട്ടലിൽ’ വകവരുത്തുകയും ചെയ്ത് ആഴ്ചകൾക്കിപ്പുറമാണ് വീണ്ടും യുപിയിൽ അക്രമിസംഘങ്ങൾ അഴിഞ്ഞാടുന്നത്. രാമരാജ്യം വാഗ്ദാനം ചെയ്തവർ ഗുണ്ടാരാജാണ് നൽകുന്നതെന്ന് രാഹുൽഗാന്ധി ട്വീറ്റുചെയ്തു. അനന്തരവളെ അധിക്ഷേപിച്ചത് എതിർത്തതിനാലാണ് വിക്രം കൊലചെയ്യപ്പെട്ടതെന്ന് രാഹുൽ പറഞ്ഞു. കൊറോണ വൈറസിനേക്കാൾ കുറ്റകൃത്യങ്ങളുടെ വൈറസ് പടർന്ന് ആളുകളിൽ ആഘാതമേൽപ്പിക്കുകയാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. കൊലപാതകങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർധിക്കുന്നത് തടയാൻ സർക്കാർ തയാറാകണമെന്ന് മായവതി ആവശ്യപ്പെട്ടു.
Credits National || Deshabhimani Online News https://ift.tt/3jsrvA9
Comments