പ്രതിഫലത്തില്‍ തീരുമാനമാകാതെ അമ്മ; കുറയ്ക്കാമെന്ന് മാക്ട ഫെഡറേഷന്‍
കൊച്ചി> കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില് താരങ്ങളും സാങ്കേതിക പ്രവര്ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന നിര്മാതാക്കളുടെ ആവശ്യത്തില് താരസംഘടനയായ എഎംഎംഎ(അമ്മ)യുടെ തീരുമാനം നീളും. വിഷയം ചര്ച്ച ചെയ്യാനായി ഞായറാഴ്ച ചേര്ന്ന അമ്മ യോഗം മാറ്റിവച്ചു.
അതേസമയം, സിനിമ സാങ്കേതിക പ്രവര്ത്തകരുടെ പ്രതിഫലം 50 ശതമാനം കുറയ്ക്കാന് തയ്യാറാണെന്ന് മാക്ട ഫെഡറേഷന് ജനറല് സെക്രട്ടറി ബൈജു കൊട്ടാരക്കര പറഞ്ഞു. പ്രതിഫലം കുറയ്ക്കുന്നതിനുള്ള വിഷയം ചര്ച്ച ചെയ്യാനാണ് എഎംഎംഎ യോഗം ഞായറാഴ്ച കൊച്ചിയില് ചേര്ന്നത്. എന്നാല് കണ്ടെയ്ന്മെന്റ് സോണിന് ചേര്ന്നുള്ള ഹോട്ടലില് യോഗം ചേരുന്നത് ഉചിതമല്ലാത്തതിനാലാണ് യോഗം മാറ്റിയതെന്ന് അമ്മ ജനറല് സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
കോവിഡ് പ്രോട്ടോക്കോള് പാലിക്കുന്നതിന്റെ ഭാഗമായി യോഗം നിര്ത്തിവയ്ക്കുകയായിരുന്നു. പ്രതിസന്ധിയുടെ പശ്ചാത്തലത്തില് താരങ്ങളും സാങ്കേതിക പ്രവര്ത്തകരും അമ്പതു ശതമാനമെങ്കിലും പ്രതിഫലം കുറയ്ക്കണമെന്ന് നിര്മ്മാതാക്കള് ആവശ്യപ്പെട്ടിരുന്നു. സിനിമാ വ്യവസായത്തെ രക്ഷിക്കുന്നതില് താരങ്ങള് ഒറ്റക്കെട്ടായി നില്ക്കും. എന്നാല് വിഷയം പൂര്ണമായും ചര്ച്ച ചെയ്യാന് ആവശ്യമായ സമയം ലഭിച്ചില്ല.
പലപ്പോഴും സംഘടനയുടെ യോഗം ചേര്ന്നിരുന്നത് ഇതേ ഹോട്ടലില് തന്നെയാണ്. അതിനാലാണ് ഇത്തവണയും ഇവിടെ യോഗം നടത്താന് തീരുമാനിച്ചതെന്നും ഇടവേള ബാബു പറഞ്ഞു. എംഎല്എമാരായ മുകേഷ്, ഗണേഷ്കുമാര്, അംഗങ്ങളായ ബാബുരാജ്, സിദ്ധിഖ്, ടിനി ടോം, ആസിഫ് അലി, രചന നാരായണന്കുട്ടി എന്നിവരും യോഗത്തില് പങ്കെടുത്തു.
പ്രതിഫലം കുറയ്ക്കാമെന്ന തീരുമാനം ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും അറിയിച്ചതായും ബൈജു കൊട്ടാരക്കര വ്യക്തമാക്കി.
Credits Kerala || Deshabhimani Online News https://ift.tt/31MduqM
Comments