നിയമവാഴ്‌ച ഉറപ്പാക്കണം ; യുപി സർക്കാരിനോട് സുപ്രീംകോടതി
ന്യൂഡൽഹി
നിയമവാഴ്ച ഉയർത്തിപ്പിടിക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്ന് ഉത്തർപ്രദേശ് സർക്കാരിനെ ഓര്മിപ്പിച്ച് സുപ്രീംകോടതി. കൊടും കുറ്റവാളി വികാസ് ദുബെ അടക്കം ആറുപേരുടെ ‘ഏറ്റുമുട്ടൽ കൊല’ അന്വേഷിക്കുന്ന സമിതി വിപുലീകരിക്കാനും സുപ്രീംകോടതി നിർദേശിച്ചു. വികാസ് ദുബെയ്ക്ക് നേരത്തെ ജാമ്യംകിട്ടി പുറത്തിറങ്ങാനിടയായതും അന്വേഷിക്കണം.
കുറ്റവാളികൾക്ക് വിചാരണയിലൂടെ ശിക്ഷ ഉറപ്പാക്കുകയാണ് സംസ്ഥാനങ്ങളുടെ കർത്തവ്യം. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായശേഷം 6126 ‘ഏറ്റുമുട്ടലുകളിൽ’ 122 പേർ കൊല്ലപ്പെട്ടെന്ന കണക്ക് അവഗണിക്കാനാകില്ല. ‘ഏറ്റുമുട്ടൽ’ കൊലകളെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നടത്തുന്നുവെന്ന ഹർജിക്കാരായ പിയുസിഎല്ലിന്റെ ആരോപണം ശരിയാണോയെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആരാഞ്ഞു.
‘ഏറ്റുമുട്ടൽ’ കൊലകളെക്കുറിച്ച് അന്വേഷിക്കാൻ അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി ശശി കാന്തിനെ ഉത്തർപ്രദേശ് സർക്കാർ നിയമിച്ചിരുന്നു. എന്നാൽ, അന്വേഷണത്തിന് വിശ്വാസ്യത ഉണ്ടാകാൻ സുപ്രീംകോടതി മുൻ ജഡ്ജിയെയും മുൻ ഡിജിപിയെയും ഉൾപ്പെടുത്തി സമിതി വിപുലീകരിക്കണമെന്നും കോടതി നിര്ദേശിച്ചു. 22ന് വാദംകേൾക്കൽ തുടരും.
Credits National || Deshabhimani Online News https://ift.tt/3jpAO3O
Comments