പുതിയവിദ്യാഭ്യാസനയം മഹത്തായ മാതൃകകളെ തലകീഴായി പിടിക്കുന്നത്: എഫ്‌‌യുടിഎ

തിരുവനന്തപുരം > വിദ്യാഭ്യാസത്തിന്റെ മൗലികതയെ തകർത്തു സാമൂഹികനീതി എന്ന മഹത്തായ ആശയത്തെ ദുർബലപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്ന് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻസ് പ്രസ്താവനയിൽ പറഞ്ഞു. സർവകലാശാലകളെ സർട്ടിഫിക്കറ്റ് വിതരണ കേന്ദ്രങ്ങളായി പരിമിതപ്പെടുത്തുകയും, ഗവേഷണമെന്നത് കൂലിത്തൊഴിലാക്കി മാറ്റിയും, ചരിത്രമുള്ള നമ്മുടെ കോളേജുകളെ ഘട്ടംഘട്ടമായി ദുർബലപ്പെടുത്തിയും സുഘടിത വിദ്യാഭ്യാസ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്ന മുതലാളിത്ത പരിഷ്കാരങ്ങളാണ് പുതിയ നയത്തിലുള്ളത്. യൂജിസി പോലുള്ള അക്കാദമിക ആട്ടോണമിയുള്ള സ്ഥാപനങ്ങൾക്ക് പൂട്ടിട്ടുകൊണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രി നേരിട്ട് വിദ്യാഭ്യാസത്തെ ചൂരലുമായി നിയന്ത്രിക്കുന്ന വിദ്യാഭ്യാസനയം ഫെഡറലിസത്തെ വെല്ലുവിളിക്കലാണെന്നും എഫ്യുടിഎ പ്രസ്താവനയിൽ പറഞ്ഞു.

ഗവേഷണ വിഷയങ്ങൾ കെട്ടിയിറക്കിയും, എന്തെഴുതണം എന്നുകൽപിച്ചും അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന നിയന്ത്രണങ്ങൾ വിദ്യാഭ്യാസരംഗത്ത് ബോധപൂർവം നടപ്പാക്കുകയാണ്. രാജ്യഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധയ്ക്കെതിരെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഉയർന്നുവന്ന അതിശക്മായ പ്രതിഷേധം ഇനി ഉണ്ടാകരുതെന്ന താൽപര്യമാണ് പാർലമെന്റിനെപ്പോലും നോക്കുകുത്തിയാക്കിക്കൊണ്ട് ധൃതിയിൽ ഈ നയം നടപ്പാക്കിയതിന് പിറകിൽ.

വിദേശ സർവകലാശാലകൾക്ക് യഥേഷ്ടം വഴിയൊരുക്കി, പൊതുവിദ്യാലയങ്ങളെ അരികുവൽക്കരിച്ച്, സാധാരണവിദ്യാർത്ഥികളെ ഉന്നതപഠനരംഗത്തുനിന്ന് ഒഴിവാക്കാനുള്ള എല്ലാ പൊടിക്കൈകളും ഈ നയത്തിൽ ഉണ്ട്. ചിട്ടപ്പെടുത്തിയ വിദ്യാഭ്യാസ വ്യവസ്ഥകൾ തകർത്തുകൊണ്ട്, ഗുണമേന്മാവിദ്യാഭ്യാസം പണമുള്ളവർക്ക് മാത്രം പ്രാപ്യമാകുന്ന മാർഗ്ഗരേഖകയാണ് അംഗൻവാടി മുതൽ സർവ്വകലാശാലയിൽ വരെ നടപ്പാക്കുന്നത്. സ്വയംഭരണം സാർവ്വത്രികമാക്കി വിദ്യാഭ്യാസരംഗത്ത് അരാജകത്വം സൃഷ്ടിക്കാനും, മത-ജാതി-വർഗ്ഗ താൽപര്യങ്ങൾ പരിധിയില്ലാതെ വളരാനും ഈ നയം വഴിയൊരുക്കും.

കേരളം രൂപപ്പെടുത്തിയ മഹത്തായ മൂല്യങ്ങളെയും ഗുണമേന്മാ വിദ്യാഭ്യാസത്തിന്റെ സാർവത്രികതയേയും തകർക്കുന്ന തെറ്റായ വിദ്യാഭ്യാസനയത്തിനെതിരെ അതിശക്തമായ ജനമുന്നേറ്റം ഉണ്ടാകണമെന്നും എഫ്യുടിഎ ജനറൽ സെക്രട്ടറി പ്രൊഫസർ ഫസിലത്തിലും പ്രസിഡന്റ് ഡോ. ജിജു പി അലക്സും പ്രസ്താവനയിൽ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/33faMdY

Comments

Archive

Contact Form

Send