കുത്തൊഴുക്കിൽപ്പെട്ട് വയോധിക, പുഴയിലേക്ക് എടുത്തുചാടി സിപിഐ എം ബ്രാഞ്ച് സെക്രട്ടറി; ഓമനയ്ക്ക് രണ്ടാം ജന്മം
തിരുവല്ല > മണിമലയാറ്റിലെ കുത്തൊഴുക്കിൽപ്പെട്ട വയോധികയുടെ ജീവൻ അതിസാഹസികമായി രക്ഷിച്ച് സിപിഐ എം നേതാവ്. തിരുവല്ല പ്ലാമ്പറമ്പ് സ്വദേശിയും സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുമായ റെജിയാണ് കോട്ടയം മണിമല സ്വദേശി ഓമനയുടെ ജീവൻ രക്ഷിച്ചത്.
മണിമലയിൽ നിന്നുമാണ് ഓമന ഒഴുക്കിൽപ്പെട്ടുപോയത്. മൃതശരീരമെന്ന് കരുതി പലരും കാഴ്ച്ചക്കാരായി നിന്നപ്പോഴാണ് തോണ്ടറപ്പാലത്തിന് താഴെ വളരെ ആഴമുള്ള ആറ്റിലേക്ക് റെജി എടുത്ത് ചാടിയത്. ഓമനയെ കരയ്ക്കെത്തിച്ച ഉടൻ തന്നെ റെജി പ്രദേശത്തെ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകരെ വിവരമറിയിച്ചു. പ്രവർത്തകരെത്തി തിരുവല്ല ഗവ. ആശുപത്രിയിൽ ഓമനയെ എത്തിക്കുകയായിരുന്നു. ഡോക്ടറുടെ നിരീക്ഷണത്തിൽ കഴിയുന്ന ഓമന ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണ്.
റെജി (ഇടത്), റെജിയെ ഡിവൈഎഫ്ഐ പ്രവർത്തകർ വീട്ടിലെത്തി ആദരിക്കുന്നു (വലത്)
കൂലിപ്പണിക്കാരനായ റെജി അമ്മയ്ക്കും ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം റോഡ് പുറമ്പോക്കിലാണ് താമസം. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി പ്രവർത്തകർ വീട്ടിലെത്തി റജിയെ ആദരിച്ചു.
കഴിഞ്ഞ ദിവസം, കാസർകോട് ക്വാറന്റൈനിൽ കഴിഞ്ഞ കുഞ്ഞിനെ പാമ്പ് കടിച്ചപ്പോൾ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി രക്ഷിച്ചത് വാർത്തയായിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/33aMDFh
Comments