മായില്ല, മനക്കരുത്തിന്റെ നറുപുഞ്ചിരി ; ശാന്തിരാജ് യാത്രയായി
അഞ്ചാലുംമൂട്
അർബുദം കാർന്നുതിന്നുമ്പോഴും മനക്കരുത്തിന്റെ മായാത്ത ചിരിയുമായി പൊതുരംഗത്ത് സജീവമായിരുന്ന കടവൂർ കരുണാസദനത്തിൽ ശാന്തിരാജ് (22)ഓർമയായി. എസ്എഫ്ഐ മാതൃകം ജില്ലാ കമ്മിറ്റിഅംഗം, കൊല്ലം ഗവ. വനിതാ ഐടിഐ ആർട്സ് ക്ലബ് സെക്രട്ടറി എന്നീ നിലകളിൽ വിദ്യാർഥി –-യുവജനസംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ശാന്തിരാജ് ഞായറാഴ്ചയാണ് വിടപറഞ്ഞത്.
വനിതാ ഐടിഐയിൽ ആർട്സ് ക്ലബ് സെക്രട്ടറിയായിരിക്കുമ്പോഴാണ് അർബുദബാധിതയായത്. അപ്രതീക്ഷിതമായെത്തിയ രോഗത്തിനുമുന്നിൽ തോറ്റുകൊടുക്കാൻ മനസ്സുണ്ടായിരുന്നില്ല ആ യുവ പോരാളിക്ക്. മുടികൊഴിഞ്ഞുപോയ തലയിൽ മനോഹരമായ ഷാൾ ചുറ്റിക്കെട്ടി പൊതുപ്രവർത്തനങ്ങളിൽ പങ്കാളിയായി. കോവിഡ് കാലത്തിനു മുമ്പ് കേരള സർവകലാശാല യൂണിയൻ കൊല്ലത്ത് സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഓടിനടന്ന ശാന്തിയുടെ മുഖം പരിചയമുള്ളവരുടെ ഓർമയിൽ മായാതെനിൽക്കും. ഡിവൈഎഫ്ഐയിൽ സജീവമാകുന്നതിനിടെയാണ് ക്യാൻസറിന്റെ രണ്ടാംവരവ്. വേദനയെ കൂസാതെ, ചിരിച്ച മുഖവുമായി രോഗത്തെ നേരിട്ടു. രോഗത്തെക്കുറിച്ച് സംഘടനയിലെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമ്പോൾ ആശങ്കയുടെ ലാഞ്ചനപോലും ആ
മുഖത്ത് ഉണ്ടായിരുന്നില്ല. രോഗം ബാധിച്ച ഗർഭപാത്രം നീക്കംചെയ്ത് ശയ്യാവലംബയായിരിക്കുമ്പോഴും വായനയും സംഗീതവും കൊണ്ട് ജീവിതം ആഘോഷിച്ചു. കടവൂർ കരുണാസദനത്തിൽ സന്ദർശകരായി എത്തിയ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ ചിരിച്ച മുഖവുമായി അഭിവാദ്യംചെയ്ത ശേഷമാണ് ശാന്തിയുടെ വിടവാങ്ങൽ. ‘മുടിമുറിച്ചതെന്തേ’ എന്ന ചോദ്യത്തിന് ‘കീമോ കഴിഞ്ഞതാ സഖാവേ’ എന്ന് നിറഞ്ഞ ചിരിയോടെ മറുപടി പറഞ്ഞ ശാന്തിയുടെ ആത്മവിശ്വാസത്തെക്കുറിച്ച് അത്ഭുതാദരങ്ങളോടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം സാമൂഹ്യമാധ്യമത്തിൽ എഴുതിയ കുറിപ്പ് നാട് ഒന്നാകെ ഏറ്റെടുത്തിരുന്നു. രാജ്മോഹൻപിള്ളയുടെയും അനിലയുടെയും മകളാണ്. സഹോദരൻ: ശ്യാംരാജ്.
Credits Kerala || Deshabhimani Online News https://ift.tt/3hCGAgN
Comments