മണിപ്പുരിൽ കൂടുതൽ കോൺഗ്രസ്‌ നേതാക്കൾ ബിജെപിയിലേക്ക്‌

ന്യൂഡൽഹി > മണിപ്പുരിൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപി സ്ഥാനാർഥിക്ക് വോട്ടുചെയ്ത് ജയം ഉറപ്പാക്കിയതിനു പിന്നാലെയാണ് പൊട്ടിത്തെറി. എംഎൽഎമാരായ ആർ കെ ഇമൊയും ഒക്റാം ഹെൻറിയുമാണ് ബിജെപി സ്ഥാനാർഥി ലെയ്സെമ്പ സനജൗബയ്ക്ക് വോട്ടുചെയ്തത്.

കോൺഗ്രസ് വിശദീകരണം തേടിയതോടെ ഒരു വിഭാഗം കോൺഗ്രസ് എംഎൽഎമാർ ആഗസ്തിൽ ബിജെപിയിലേക്ക് പോകുമെന്ന് ഭീഷണി മുഴക്കി. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ആർ കെ ജയ്ചന്ദ്ര സിങ്ങിന്റെ മകനും നിലവിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എൻ ബിരേൺ സിങ്ങിന്റെ മരുമകനുമാണ് ഇമോ. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഒക്റാം ജബോബി സിങ്ങിന്റെ മകനാണ് ഒക്റാം ഹെൻറി. ഇരുവരുമായും എഐസിസി നേതൃത്വം ചർച്ച തുടരുന്നുണ്ടെങ്കിലും ഇമോയെ പൂർണവിശ്വാസത്തിലെടുക്കുന്നില്ല.
ഭരണകക്ഷിയായ ബിജെപിയുടെ മൂന്ന് എംഎൽഎമാർ രാജിവച്ച് സഖ്യകക്ഷിയായ എൻപിപിയിലും കോൺഗ്രസിലും ചേർന്നിരുന്നു. ഭരണം അട്ടിമറിക്കുമെന്ന ഇവരുടെ ഭീഷണിക്കിടെയാണ് പുതിയ നീക്കം.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 60ൽ 28 സീറ്റ് കോൺഗ്രസ് ജയിച്ചു. എംഎൽഎ ശ്യാംകുമാർ ബിജെപിയിൽ ചേർന്നു. മൂന്നുപേരെ അയോഗ്യരാക്കി. അതോടെ അംഗസംഖ്യ 24 ആയി കുറഞ്ഞു. 21 എംഎൽഎമാരുള്ള ബിജെപിയിൽനിന്ന് മൂന്നുപേർ രാജിവച്ചെങ്കിലും എൻപിപി, തൃണമൂൽ സഖ്യകക്ഷികളുടെ ബലത്തിൽ അധികാരം നിലനിർത്തി.

കോൺഗ്രസ് കൗൺസിലർമാർ ബിജെപിയിൽ

ഇംഫാൽ മുനിസിപ്പൽ കോർപറേഷനിലെ ആകെയുള്ള ഒമ്പതിൽ ആറ് കോൺഗ്രസ് കൗൺസിലർമാരും ബുധനാഴ്ച ബിജെപിയിൽ ചേർന്നു. നേരത്തെ മുൻ ഡെപ്യൂട്ടി സ്പീക്കർ എം കെ പ്രഷോ അടക്കമുള്ള മൂന്ന് കോൺഗ്രസ് നേതാക്കളും സുഗ്നു മുനിസിപ്പൽ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർമാരും ബിജെപിയിൽ ചേർന്നിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/2P8lgDS

Comments

Archive

Contact Form

Send