കുട്ടമ്പുഴയിൽ നിറയുന്നു അക്ഷരവെളിച്ചം; ആദിവാസിക്കുട്ടികൾക്കായി മുളകൊണ്ട് നിർമിച്ച ഓൺലൈൻ പഠനകേന്ദ്രം
കൊച്ചി > ആദിവാസിക്കുട്ടികൾക്കായി മുളകൊണ്ട് നിർമിച്ച ഓൺലൈൻ പഠനകേന്ദ്രം കണ്ടിട്ടുണ്ടോ..? കുട്ടമ്പുഴ പഞ്ചായത്തിലെ മീൻകുളം ആദിവാസിക്കുടിയിലേക്ക് വരൂ, മക്കൾക്ക് പഠിക്കാൻ രക്ഷിതാക്കൾ മുളയിൽ തീർത്ത മനോഹരമായ പഠനകേന്ദ്രം കാണാം. ക്ലാസ്മുറിമാത്രമല്ല, കുട്ടികൾക്ക് ഇരിക്കാനുള്ള ബെഞ്ചും വച്ചെഴുതാനുള്ള ഡെസ്കും ടെലിവിഷൻ വയ്ക്കാനുള്ള മേശയുമെല്ലാം മുളയിൽ നിർമിച്ചവയാണ്. മീൻകുളം ആദിവാസിക്കുടിയിലെ വീടുകളെല്ലാം മുളയിൽ തീർത്തവയാണ്. വീടും കട്ടിലും മേശയുമെല്ലാം മുളയിൽ തീർത്ത് പരിചയമുള്ളതിനാൽ, കുട്ടികൾക്ക് പഠനകേന്ദ്രം ഒരുക്കാനും മുള തെരഞ്ഞെടുത്തു.
ഒരാഴ്ചമുമ്പാണ് മീൻകുളം ആദിവാസിക്കുടിയിലെ ഒഴിഞ്ഞ പറമ്പിൽ മുളവിദ്യാലയം ഉയർന്നത്. വിദ്യാ വളന്റിയറായ ശശിയുടെ നേതൃത്വത്തിലായിരുന്നു നിർമാണം. കുടിയിലേക്കുള്ള വഴിയിൽ നിന്ന മുളകളാണ് നിർമാണത്തിന് ഉപയോഗിച്ചത്. രക്ഷിതാക്കളും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ 16 പേർ പരിശ്രമിച്ചപ്പോൾ സീറോ ബജറ്റിൽ ഒരാഴ്ചയ്ക്കുള്ളിൽ പഠനകേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായി. ഇപ്പോൾ കുടിയിലെ 16 കുട്ടികൾ ഇവിടെ ഓൺലൈൻ പഠനം നടത്തുന്നു.
വൈദ്യുതിയോ ഇന്റർനെറ്റ് സൗകര്യമോ ഇല്ലാതിരുന്ന മീൻകുളത്തേക്ക് കോതമംഗലം ബിആർസിയുടെയും ആദിവാസിക്ഷേമ വകുപ്പിന്റെയും സന്നദ്ധസംഘടനകളുടെയും ശ്രമഫലമായാണ് സൗരവൈദ്യുതിയും ഓൺലൈൻ പഠനത്തിന് ആവശ്യമായ ഉപകരണങ്ങളും എത്തിയത്.
ഒരു കുടിലിന്റെ മണ്ണ് മെഴുകിയ ചാവടിയിലിരുന്നാണ് കുട്ടികൾ ആദ്യം പഠിച്ചിരുന്നത്. ഇതിനേക്കാൾ മെച്ചപ്പെട്ട പഠനകേന്ദ്രം ഒരുക്കുകയെന്ന ബിആർസിയുടെയും സന്നദ്ധപ്രവർത്തകരുടെയും രക്ഷിതാക്കളുടെയും ലക്ഷ്യമാണ് മുളവിദ്യാലയത്തിലൂടെ പൂർത്തിയായത്. ഒന്നുമുതൽ 12–-ാംക്ലാസുവരെയുള്ള കുട്ടികളാണ് മീൻകുളം ആദിവാസിക്കുടിയിലുള്ളത്. ദിവസവും രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വിക്ടേഴ്സ് ചാനലിലൂടെ കുട്ടികൾ ഓൺലൈൻ ക്ലാസിലിരിക്കും. വെള്ളിയാഴ്ചകളിൽ കുട്ടികൾക്കുള്ള നോട്ടുകൾ പെൻഡ്രൈവിലാക്കി ബിആർസിയുടെ ചുമതലയുള്ള അധ്യാപകരെത്തും.
മാപ്പിളപ്പാറ ആദിവാസിക്കുടിയിലും കുട്ടികൾക്കായി മുളയിൽ തീർത്ത പഠനകേന്ദ്രം ഒരുക്കിയിട്ടുണ്ട്. ഈറ്റയും മുളയും ഉപയോഗിച്ചാണ് ഇതിന്റെ നിർമാണം. ആദിവാസിക്കുട്ടികളുടെ വിദ്യാഭ്യാസത്തിന് രക്ഷിതാക്കൾ കൂടുതൽ പ്രാധാന്യം നൽകുന്നുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്, സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ അവർ നിർമിച്ച പഠനകേന്ദ്രങ്ങളെന്ന് സമഗ്രശിക്ഷാ കേരള എറണാകുളം ജില്ലാ പ്രോജക്ട് കോ–-ഓർഡിനേറ്റർ ഉഷ മാനാട്ട് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2OAm0Bg
Comments