ചികിത്സാ സഹായത്തുക തട്ടിയെടുക്കാന്‍ ശ്രമം; സന്നദ്ധ പ്രവര്‍ത്തകരെ ചോദ്യം ചെയ്തു
കൊച്ചി> അമ്മയുടെ കരള്മാറ്റ ശസ്ത്രക്രിയക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധപ്രവര്ത്തകര് പെണ്കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന കേസില് മൂന്നുപേരെ പൊലീസ് ചോദ്യംചെയ്തു. സന്നദ്ധ പ്രവര്ത്തകരായ സാജന് കേച്ചേരി, സലാം, ഷാഹിദ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇവരില്നിന്നു വിവരങ്ങള് ശേഖരിച്ചതായും പെണ്കുട്ടിയെ ഫോണില് വിളിച്ചുവെന്ന് ഇവര് സമ്മതിച്ചതായും എസിപി കെ ലാല്ജി പറഞ്ഞു.
ഫിറോസ് കുന്നപറമ്പിലിനെ അടുത്തദിവസങ്ങളില് ചോദ്യംചെയ്യും. ഇവര് പണം ആവശ്യപ്പെട്ടത് എന്തിനെന്ന് വ്യക്തമായിട്ടില്ല. ലഭിച്ച തുകയില് ഒരു വിഹിതം മറ്റു രോഗികളുടെ ചികിത്സയ്ക്കായി നല്കാനാണ് ആവശ്യപ്പെട്ടതെന്നാണ് പ്രതികളുടെ വിശദീകരണം. എന്നാല് ഇതിന്റെ വസ്തുത പൊലീസ് പരിശോധിക്കും.
പെണ്കുട്ടിയുടെ ബാങ്ക് അക്കൗണ്ട് പൊലീസ് പരിശോധിച്ചു. വിദേശത്തുനിന്നടക്കം നിരവധി അക്കൗണ്ടുകളില് നിന്നാണ് തുകകള് എത്തിയത്. കേസില് ഹവാല ബന്ധമുള്ളതിന് തെളിവുകളില്ലെന്നും പൊലീസ് വ്യക്തമാക്കി.
കണ്ണൂര് തളിപ്പറമ്പ് സ്വദേശിനി വര്ഷയുടെ പരാതിയിലാണ് ഇവര്ക്കെതിരെ ചേരാനെല്ലൂര് പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തി പണംതട്ടാന് ശ്രമിച്ചതിനാണ് കേസ്. പെണ്കുട്ടിയുടെ അമ്മ രാധയുടെ ശസ്ത്രക്രീയയ്ക്കായുള്ള പണം കണ്ടെത്താന് സാമൂഹ്യമാധ്യമങ്ങളിലൂടെ അഭ്യര്ത്ഥന നടത്തിയതിനു പിന്നാലെ വര്ഷയുടെ അക്കൗണ്ടിലേയ്ക്ക് ഒന്നേകാല് കോടിയിലേറെ രൂപ എത്തിയിരുന്നു. ഇതില് ഒരു വിഹിതം ആവശ്യപ്പെട്ട് പ്രതികള് ഭീഷണിപ്പെടുത്തിയതോടെയാണ് പരാതിയുമായി വര്ഷ പൊലീസിനെ സമീപിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/2ZHYcBU
Comments