ഹൃദയശസ്‌ത്രക്രിയ നടത്തിയ തൃപ്പൂണിത്തുറ സ്വദേശിയെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി
കൊച്ചി > ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ തൃപ്പൂണിത്തുറ സ്വദേശിയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മുറിയിലേക്ക് മാറ്റി. മൂന്നു ദിവസത്തിന് ശേഷം ഹൃദയം പുതിയ വ്യക്തിയുടെ ശരീരവുമായി പൂർണ്ണമായി പൊരുത്തപ്പെട്ടോ എന്നറിയുന്നതിനുള്ള എൻഡോ മയോകാർഡിയൽ ബയോപ്സി പരിശോധന നടത്തും. അദ്ദേഹം സാധാരണ നിലയിലേക്ക് വളരെ വേഗം മടങ്ങി വരുന്നുണ്ടെന്നും ഒരാഴ്ചക്ക് ശേഷം ആശുപത്രി വിടാനാകുമെന്നും ഡോ: ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.
മസ്തിഷ്ക മരണം സംഭവിച്ച കൊട്ടാരക്കര സ്നദേശി അനുജിത്തിന്റെ ഹൃദയാണ് തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിൽ ശസ്ത്രക്രിയ നടത്തി ചേർത്തത്. തിരുവനന്തപുരത്ത് നിന്നും സർക്കാർ ഹെലികോപ്ടറിലാണ് ഹൃദയം അതിവേഗം കൊച്ചിയിലെത്തിച്ചത്.
12 വർഷമായി ഹൃദയ തകരാറിനെ തുടർന്ന് ചികിത്സയിലാണ് സണ്ണി തോമസ്. ഹൃദയഭിത്തിയിലെ മസിലുകൾക്ക് തകാരാറ് സംഭവിക്കുന്ന ഡയലേറ്റഡ് കാർഡിയോ മിയോപതി എന്ന രോഗാവസ്ഥയിലായിരുന്ന ഇദ്ദേഹത്തിന്റെ ഹൃദയം 15 ശതമാനം മാത്രമാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ എട്ടുമാസമായി എറണാകുളം ലിസി ആശുപത്രിയിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ ചികിത്സയിലാണ്. ഹൃദയം മാറ്റിവയ്ക്കാനായി മൃതസഞ്ജീവിനിയിൽ രജിസ്റ്റർ ചെയ്ത് അനുയോജ്യമായ ഹൃദയത്തിനായി കാത്തിരിക്കുകയായിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/2OTMptQ
Comments