പ്രവാസി ഇന്ത്യക്കാരുടെ ശമ്പള കുടിശ്ശികയും വിദേശങ്ങളിലെ നിയമനടപടികളും; ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു
കൊച്ചി> പ്രവാസി ഇന്ത്യക്കാരുടെ ശമ്പള കുടിശ്ശികയും നഷ്ടപരിഹാരവും രേഖപ്പെടുത്താനും വിദേശങ്ങളിലെ നിയമനടപടികള്‍ക്കും സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു. ലോയേഴ്സ് ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന സംഘടനക്കു വേണ്ടി സുപ്രിം കോടതി അഭിഭാഷകനായ സുഭാഷ് ചന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. ഗുരുതരമായ വിഷയമാണന്നും ഭരണഘടനക്കും അന്താരാഷട്ര ഉടമ്പാടികള്ക്കും അനുസൃതമായി നടപടികള്‍ വേണ്ട സംഗതിയാണന്നും ഡിവിഷന് ബഞ്ച് അഭിപ്രായപ്പെട്ടു.
കൊവിഡ് 19 രോഗത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അടിയന്തിരമായി ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നുവെന്നും കൊവിഡ് പ്രതിസന്ധി മൂലം ഇവരില്‍ ബഹുഭൂരിപക്ഷത്തിനും മാസങ്ങളായി ശമ്പളമുള്‍പ്പടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തൊഴില്‍ ദാതാക്കള്‍ നല്‍കിയിരുന്നില്ലെന്നും ഇത് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസുമാരായ എസ്.വി.ഭാട്ടി, ബച്ചു കുര്യന് തോംസ് എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ച് പരിഗണിച്ചത്.
ഇന്ത്യയിലേക്കു മടങ്ങിയെത്തിയ പ്രവാസികളില്‍ ഒരു വലിയ വിഭാഗം തൊഴില്‍ നഷ്ടപ്പെട്ടവരാണ്. കൊവിഡ് പ്രതിസന്ധി മൂലം അടിയന്തരമായി മടങ്ങേണ്ടി വന്നപ്പോള്‍ ഇതില്‍ ബഹുഭൂരിപക്ഷത്തിനും അര്‍ഹമായ സാമ്പത്തിക ആനുകൂല്യങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് ഹര്‍ജി ഭാഗം ബോധിപ്പിച്ചു.
മഹാമാരിയുടെ അവസരം മുതലെടുത്ത് വമ്പിച്ച 'കൂലി മോഷണ'ത്തിനാണ് അന്താരാഷ്ട്ര തലത്തില്‍ വമ്പന്‍ കോര്പ്പറേറ്റുകളുള്പ്പെടെ ശ്രമിക്കുന്നത്. 'കൂലി മോഷണ'ത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.
തൊഴില്‍ സംബന്ധവും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച കേസുകള്‍ അതത് രാജ്യങ്ങളിലാണ് നല്‍കേണ്ടതെന്നിരിക്കെ, കൊവിഡ് പ്രതിസന്ധി മൂലം ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും കവര്‍ന്നെടുക്കുന്ന തൊഴിലുടമകള്‍ക്കെതിരെ നിയമ നടപടികള്‍ പോലും സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രവാസികളെന്നും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് പി.വി.സുരേന്ദ്രനാഥ് ബോധിപ്പിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/31NBeuD
Comments