അവിഹിതബന്ധം ചോദ്യംചെയ‌്തതിന്‌‌ ഭാര്യയെ മർദിച്ച യുവമോർച്ച നേതാവിനെതിരെ കേസ‌്

ചേർത്തല > അവിഹിതബന്ധം ചോദ്യംചെയ്ത ഭാര്യയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചതിന് യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ തൈക്കാട്ടുശേരി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. തേവർവട്ടം കണ്ണാട്ട് വീട്ടിൽ വിനോദ്കുമാറിനെതിരെയാണ് കേസ്. ഭാര്യ തൃപ്പൂണിത്തുറ ആമേട ഗ്രീൻവാലി വില്ലയിൽ ലക്ഷ്മിപുരം വീട്ടിൽ ലക്ഷ്മിപ്രിയയുടെ പരാതിയിലാണ് ഉദയംപേരൂർ പൊലീസ് ഐപിസി 498 എ പ്രകാരം സ്ത്രീപീഡനത്തിന് കേസെടുത്തത്.

അധികസ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായും മൊഴിയിലുണ്ട്. 11ന് രാത്രി 7.30 ഓടെയാണ് ലക്ഷ്മിപ്രിയയെ ഒടുവിൽ ഉപദ്രവിച്ചത്. കിടപ്പുമുറിയിൽനിന്ന് ലഭിച്ച മൂർച്ചയേറിയ ആയുധം എന്തിനുള്ളതാണെന്ന് ചോദിച്ചതോടെ വിനോദ് ക്രൂരമർദനം തുടങ്ങി. അടിയേറ്റ് കട്ടിലിൽ വീണപ്പോൾ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു. നിലവിളിച്ചപ്പോൾ വീണ്ടും മർദിക്കുകയും പുറത്തേക്ക് വലിച്ചിഴയ്ക്കുകയുംചെയ്തു. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ വിളിച്ച് സംഭവം പറഞ്ഞു. പൊലീസ് തൃപ്പൂണിത്തുറയിലെ വീട്ടുകാരെ അറിയിച്ചതനുസരിച്ച് അവരെത്തി കൊണ്ടുപോയി. തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ ചികിത്സനേടി. 12ന് ഉദയംപേരൂർ പൊലീസിന് മൊഴിനൽകിയതോടെ കേസെടുത്തു.

2012 ഏപ്രിലിൽ വിവാഹിതരായ വിനോദ്﹣-ലക്ഷ്മി ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. കംപ്യൂട്ടർ എൻജിനിയറിങ് ആൻഡ് നെറ്റ് വർക്കിങ്ങിൽ ബിരുദാനന്തര ബിരുദധാരിയാണ് ലക്ഷ്മി. വിവാഹ സമയത്ത് വീട്ടുകാർ നൽകിയ 51 പവൻ ആഭരണങ്ങൾ വിനോദ് സ്വന്തം ആവശ്യത്തിന് വിറ്റു. വീണ്ടും ആഭരണങ്ങൾ ആവശ്യപ്പെട്ട് മർദിക്കുമായിരുന്നു.

അവിഹിതബന്ധം ചോദ്യംചെയ്തപ്പോൾ കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ട്. അരൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റുകൂടിയായ വിനോദ് കണ്ണാട്ടിനായി ബിജെപി ജില്ലാനേതാക്കൾ പലകുറി ഇടപെട്ടു. അന്വേഷണം പൂച്ചാക്കൽ പൊലീസിന് കൈമാറിയിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2CfLr8R

Comments

Archive

Contact Form

Send