സിബിഐക്കോ ഇൻർപോളിനോ അന്വേഷിക്കാം, ഉപ്പ് തിന്നവർ വെള്ളം കുടിക്കും: കോടിയേരി
തിരുവനന്തപുരം > സ്വർണക്കടത്ത് സംബന്ധിച്ച് ഏത് ഏജൻസിയുടെ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ കേന്ദ്ര ഏജൻസിയായ കസ്റ്റംസാണ് അന്വേഷിക്കുന്നത്. കേസ് സിബിഐക്ക് കൈമാറണമെന്നുണ്ടെങ്കിൽ അങ്ങനെയാകാം. ഇന്റർപോളിന്റെ സഹായം ആവശ്യമെങ്കിൽ അവരുടെ സഹായവും തേടിക്കൊണ്ട് ഇത് സംബന്ധിച്ച് എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.
നേരിട്ട് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സംസ്ഥാന സർക്കാരിന് ഇത് സംബന്ധിച്ച് യാതൊരുവിധ ബന്ധവുമില്ല. സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ സംബന്ധിച്ചുള്ള ചില വാർത്തകൾ വെച്ച് ഒരു പുകമറ സൃഷ്ടിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.
കേസിൽ ഉൾപ്പെട്ട ആരെയും സംസ്ഥാന സർക്കാർ സംരക്ഷിക്കാൻ പോകുന്നില്ല. ഒരാൾക്കും ഒരു സംരക്ഷണവും സർക്കാരും പാർടിയും നൽകില്ല. ഉപ്പ് തിന്നവർ വെള്ളം കുടിക്കണം. രാജ്യരക്ഷയുമായി ബന്ധപ്പെട്ട കേസാണ്. എല്ലാ കാര്യങ്ങളും പുറത്തുവരണമെന്നാണ് നിലപാടെന്നും കോടിയേരി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2VSTuiv
Comments