ഗുരുതരാവസ്ഥയില്‍ ജയിലില്‍ കഴിയുന്ന വരവരറാവുവിനെ മോചിപ്പിക്കുക: പു ക സ
തിരുവനന്തപുരം> മഹാരാഷ്ട്രയിലെ തലോജ ജയിലില് ഗുരുതരാവസ്ഥയില് കഴിയുന്ന പൊതുപ്രവര്ത്തകന് വരവരറാവുവിന്റെ ജീവന് രക്ഷിക്കുന്നതിനു വേണ്ടി ശബ്ദമുയര്ത്തണമെന്ന് മുഴുവന് സാംസ്കാരിക പ്രവര്ത്തകരോടും അഭ്യര്ത്ഥിക്കുന്നതായി പുരോഗമന കലാസാഹിത്യ സംഘം. ബോധരഹിതനായി ആശുപത്രിയില് പ്രവേശിക്കപെട്ട അദ്ദേഹത്തെ വീണ്ടും ജയിലില് എത്തിച്ചുവെങ്കിലും സ്ഥിതി ഒട്ടും മെച്ചപ്പെട്ടിട്ടില്ലെന്നാണ് വാര്ത്തകള്. അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ചികിത്സക്കും പരിചരണത്തിനുമായി തങ്ങള്ക്ക് കൈമാറണമെന്നും കുടുംബം ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയിലെ വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന മുഴുവന് പേരും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് വരവരറാവു. അധ:സ്ഥിത ജനതക്കു വേണ്ടി സമര്പ്പിക്കപ്പെട്ട ജീവിതമാണ് അദ്ദേഹത്തിന്റേത്. മഹാരാഷ്ട്രയില് ഭീമ കൊറഗോവില് ഹിന്ദുരാഷ്ട്രവാദികള് നടത്തിയ ദളിത് വേട്ടയെ തുടര്ന്നുള്ള കേസിലാണ് 2018ല് അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടത്.
ഇന്ത്യയിലെമ്പാടും വീടുകളില് റെയിഡുകള് നടത്തി നിരവധി ബുദ്ധിജീവികളേയും സാംസ്കാരിക, പൗരാവകാശ പ്രവര്ത്തകരേയും അന്ന് അറസ്റ്റു ചെയ്തിരുന്നു. കൊറഗോവിലെ ദളിത് ജനതക്ക് ഒപ്പം നിന്നു എന്നതായിരുന്നു അവര്ക്കെതിരെ ഭരണകൂടം നീങ്ങാനുണ്ടായിരുന്ന കാരണം.
വരവരറാവുവിനെ മോചിപ്പിക്കണമെന്ന് പുരോഗമന കലാ സാഹിത്യസംഘം ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കുന്നതിനു വേണ്ടി ശബ്ദമുയര്ത്തണമെന്ന് മുഴുവന് സാംസ്കാരിക പ്രവര്ത്തകരോടും അഭ്യര്ത്ഥിക്കുന്നതായും പുകസ സംസ്ഥാന കമ്മറ്റി പ്രസ്താവനയില് അറിയിച്ചു
Credits Kerala || Deshabhimani Online News https://ift.tt/38NSKQU
Comments