VIDEO - ശരിക്കും കേരളം ഞെട്ടിച്ചു, ഈ കരുതലിന് വാക്കുകളില്ല; സർക്കാരിനെ അഭിനന്ദിച്ച് കോവിഡ് ഭേദമായ ബംഗളൂരു സ്വദേശി
കൊച്ചി > കോവിഡ് രോഗത്തിനെതിരെയുള്ള 'യുദ്ധം' ജയിച്ചു മടങ്ങുന്നരുടെ അഭിനന്ദനമേറ്റു വാങ്ങുകയാണ് സംസ്ഥാന സർക്കാരും ആരോഗ്യപ്രവർത്തകരുമെല്ലാം. കോവിഡ് ചികിത്സയിൽ മികച്ച ഇടപെടൽ നടത്തുന്ന എറണാകുളം ജില്ലാ ഭരണകൂടത്തിന് ലഭിക്കുന്ന പ്രതികരണങ്ങളും വ്യത്യസ്തമല്ല. ലോകോത്തര മാതൃകകളെക്കാൾ വളരെ മികച്ച രീതിയിലാണ് ജില്ലയിൽ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രമായ എറണാകുളം മെഡിക്കൽ കോളേജും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രമായ അഡ്ലക്സും പ്രവർത്തിക്കുന്നതെന്ന അഭിനന്ദനമാണ് ദിവസേന കളക്ടർക്കും ആരോഗ്യ പ്രവർത്തകർക്കും ലഭിക്കുന്നത്.
അഡ്ലക്സ് കോവിഡ് ചികിത്സ കേന്ദ്രത്തിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ രോഗം ഭേദമായി മടങ്ങിയ ബംഗളൂരു സ്വദേശി സലീൽ പുലേക്കർ വീഡിയോ സന്ദേശത്തിലാണ് അഭിനന്ദനമറിയിച്ചത്. രോഗ സംബന്ധമായ എല്ലാ സംശയങ്ങൾക്കും യാതൊരു മടിയും കൂടാതെ മറുപടി നൽകുന്ന ഡോക്ടർമാരും ലോകത്തിന് മാതൃകയാണെന്ന് ഇദ്ദേഹം പറഞ്ഞു. മരുന്നിനെക്കാൾ മനുഷ്യത്വപൂർണമായ ഇടപെടലാണ് രോഗത്തെ തോൽപ്പിക്കാനുള്ള മനക്കരുത്ത് നൽകിയത്. ഡോക്ടർമാരും നഴ്സുമാരും ഹെൽത്ത് ഇൻസ്പെക്ടർമാരുമുൾപ്പടെയുള്ള സംഘം ചികിത്സക്ക് പോരായ്മകൾ ഇല്ലെന്ന് ഉറപ്പ് വരുത്തിയപ്പോൾ ചികിത്സയെ കുറിച്ചും മറ്റ് സൗകര്യങ്ങളെ കുറിച്ചും അന്വേഷിച്ച് ആരോഗ്യവകുപ്പിൽ നിന്നും കോളുകളെത്തി. ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും ഇത്തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നത് രോഗം ബാധിച്ചവർക്കും അവരുടെ ബന്ധുക്കൾക്കും ആത്മവിശ്വാസം വർധിക്കാൻ സഹായകമാവുമെന്നും സലീൽ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/31U5xQi
Comments