കൺസ്യൂമർ ഫെഡിന്റെ 1850 ഓണച്ചന്തയ്ക്ക് തുടക്കമായി
തിരുവനന്തപുരം
സഹകരണ വകുപ്പിന്റെ കീഴിലുള്ള കൺസ്യൂമർ ഫെഡിന്റെ 1850 ഓണച്ചന്തയ്ക്ക് തുടക്കമായി. ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വിലക്കുറച്ച് സാധനങ്ങൾ ലഭ്യമാക്കി ആദായം ഉപഭോക്താവിന് എത്തിക്കുന്ന സാമൂഹ്യപ്രതിബദ്ധതയോടുള്ള നടപടിയാണ് കൺസ്യൂമർഫെഡ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ മാതൃകാപരമായ നടപടികളാണ് കൺസ്യൂമർഫെഡിനെ ദുരിതക്കയത്തിൽനിന്ന് രക്ഷപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചത്.
പൊതുചടങ്ങുകൾ ഇല്ലെങ്കിലും വീടുകളിൽ മലയാളി ഓണം ആഘോഷിക്കുകയാണ്. ഓണക്കാലത്തും നാട്ടിൽ കടകളും ഓണച്ചന്തകളും നിശ്ചിത സമയങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം വിതരണം എന്നേയുള്ളൂ. വരുന്ന ആളുകളും കൂട്ടംകൂടാതെ ശാരീരിക അകലം പാലിക്കണം. ഓണച്ചന്തകളിലും ക്യൂ പാലിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. സിവിൽ സപ്ലൈസ് കോർപറേഷന്റെ രണ്ടായിരത്തോളം ഓണച്ചന്തകൾക്ക് പുറമേയാണ് കൺസ്യൂമർ ഫെഡിന്റെ 1850 ഓണച്ചന്തകൂടി ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നഷ്ടക്കണക്കുകളിൽനിന്ന് മാറി പ്രവർത്തനലാഭം നേടുന്ന സ്ഥാപനമായി കൺസ്യൂമർഫെഡിനെ കഴിഞ്ഞ നാലുവർഷമായി ഉയർത്താൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
13 ഇനം സബ്സിഡി സാധനങ്ങളോടൊപ്പം 10 മുതൽ 30 ശതമാനംവരെ വിലക്കുറവിൽ മറ്റ് നിത്യോപയോഗ സാധനങ്ങളും ഓണച്ചന്തകളിൽ ലഭിക്കും. സാമൂഹ്യ അകലം പാലിച്ചായിരിക്കും ഓണച്ചന്തകളിലെ വിതരണം.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ആദ്യവിൽപ്പന നടത്തി. കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ്, എക്സിക്യൂട്ടീവ് ഡയറക്ടർ ലേഖാ സുരേഷ്, റീജ്യണൽ മാനേജർ ടി എസ് സിന്ധു തുടങ്ങിയവർ സംബന്ധിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/2QkFN8B
Comments