ക്രോപ്പ് ചെയ്ത ഫോട്ടോയുമായി 'സൂചനകൾ' നിറച്ച് 24ന്യൂസിന്റെ എക്സ്ക്ലൂസീവ് വാർത്താ നിർമിതി
കൊച്ചി > സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കോൾ ഓഫീസർമാരുമായി അടുത്ത ബന്ധമെന്ന് സ്ഥാപിക്കാൻ, ക്രോപ്പ് ചെയ്ത ഫോട്ടോയുമായി 24ന്യൂസിന്റെ വാർത്താ നിർമിതി. രണ്ട് ഉദ്യോഗസ്ഥരുടെ അടുത്ത് നിൽക്കുന്ന ചിത്രം ഉപയോഗിച്ചാണ് എക്സ്ക്ലൂസീവ് വാർത്തയെന്ന മട്ടിൽ 24 ന്യൂസ് അവതരിപ്പിച്ചത്. എന്നാൽ സ്വപ്ന യുഎഇ കോൺസൽ ജനറലിന്റെ സെക്രട്ടറിയായിരുന്ന കാലത്ത് നടന്ന പരിപാടിയിലേതാണ് ഫോട്ടോ. 2018ലെ യുഎഇ ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട് കോൺസുലേറ്റിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് പങ്കെടുത്ത സർക്കാർ പൊതുഭരണ പൊളിറ്റിക്കൽ വകുപ്പിലെ ജീവനക്കാർ കോൺസൽ ജനറലിനൊപ്പം ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ്. അതിന്റെ ഒരു വശം ക്രോപ്പ് ചെയ്ത് എടുത്താണ് 24 ന്യൂസ് എക്സ്ക്ലുസിവും സൂചനാ വാർത്തയും നിർമ്മിച്ചിരിക്കുന്നത്. 24 ന്യൂസിന്റെ വാർത്തയെ തുറന്നുകാട്ടി സോഷ്യൽ മീഡിയയിൽ നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
സി എൻ മിലാഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
24 ന്യൂസ് പുതിയ എക്സ്ക്ലുസിവ് ഫോട്ടോയുമായി ഇറങ്ങിയിട്ടുണ്ട്. സംസ്ഥാനസർക്കാരിന്റെ പ്രോട്ടോക്കോൾ ഓഫീസർമാർ സ്വപ്നയുമായി നിൽക്കുന്ന ഫോട്ടോയാണ്. വാർത്തയിൽ കാണിക്കുന്ന ഫോട്ടോ കണ്ടപ്പോഴാണ് അവർ കഴുത്തിലൂടെ ഇട്ടിരിക്കുന്ന ഷാൾ പോലെയുള്ള തുണി മുമ്പ് എവിടെയോ കണ്ടതായി ഓർമ്മ വന്നത്. പ്രതിപക്ഷനേതാവ് ചെന്നിത്തലജിയുടെയും നേമം എംഎൽഎ രാജഗോപാൽജിയുടെയും കൂടെ സ്വപ്ന നിൽക്കുന്ന ഫോട്ടോയിൽ അവരും ധരിച്ചിട്ടുണ്ടായിരുന്നു ഈ ഷാൾ. അവർ അന്ന് പങ്കെടുത്തത് യുഎഇ ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ടായിരുന്നു. അപ്പോൾ ഈ പറഞ്ഞ ഉദ്യോഗസ്ഥരും ആ പരിപാടിയിൽ ഔദ്യോഗികമായി പങ്കെടുത്തതാകും.

ഈ ഒരു സംശയം വെച്ച് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു ക്രോപ്പ് ചെയ്ത ഫോട്ടോയാണെന്ന് മനസിലാകുന്നത്. 2018ലെ യുഎഇ ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട് കോൺസുലേറ്റിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് പങ്കെടുത്ത സർക്കാർ പൊതുഭരണ പൊളിറ്റിക്കൽ വകുപ്പിലെ ജീവനക്കാർ കോൺസൽ ജനറലിനൊപ്പം ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ്. അതിന്റെ ഒരു വശം ക്രോപ്പ് ചെയ്ത് എടുത്താണ് 24 ന്യൂസ് എക്സ്ക്ലുസിവാക്കിയിട്ടുള്ളത്. അത് വെച്ചാണ് ഒരു സൂചനാ വാർത്ത നിർമ്മിക്കുന്നത്. ക്രോപ്പ് ചെയ്യാത്ത ഫോട്ടോ ഇതോടൊപ്പമുണ്ട്. അന്ന് കോൺസൽ ജനറലിന്റെ പെഴ്സണൽ സെക്രട്ടറിയാണ് സ്വപ്ന.
സ്വപ്ന കഴിഞ്ഞ വർഷം സെപ്തംബർ വരെ യുഎഇ കോൺസൽ ജനറലിന്റെ സെക്രട്ടറിയായിരുന്നു. ആ തസ്തികയിൽ അവർ പ്രവർത്തിക്കുമ്പോൾ കോൺസുലേറ്റുമായി ബന്ധപ്പെട്ട ഔദ്യോഗികചടങ്ങുകളിൽ അവരോടൊപ്പം നിൽക്കുന്ന ഫോട്ടോകൾ വെച്ച് ആരെയെങ്കിലും സംശയമുനയിൽ നിർത്തുന്നത് അസംബന്ധമാണ്. കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഔദ്യോഗിക ഇടപാടുകൾ നടത്തേണ്ട സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥർ അവരുടെ ഔദ്യോഗികകപ്പാസിറ്റിയിൽ പങ്കെടുത്ത പരിപാടിയുടെ ഫോട്ടോ വെച്ചാണ് അനാവശ്യ ആരോപണങ്ങൾ 24 ന്യൂസ് നടത്തുന്നത്.

വ്യാജവാർത്ത നൽകിയതിന് ട്വന്റി ഫോർ ന്യൂസ് മേധാവി ശ്രീകണ്ഠൻ നായരെ പോലിസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ആ കേസിൽ മൂൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ പോയ നായരോട് കോടതി പറഞ്ഞതൊക്കെ പൊതുസമൂഹത്തിന് മുന്നിലുള്ള കാര്യങ്ങളാണ്. കോടതിയുടെ വാക്കുകളെ നിഷേധിക്കുന്ന നിലപാടുകൾ ശ്രീകണ്ഠൻ നായർ തുടരുകയാണ്.
ഈ ഫോട്ടൊ 24 ന്യൂസിന് ഇത്ര എക്സ്ക്ലുസിവാകാൻ ഒരു കാരണമുണ്ട്. രണ്ട് വർഷമായി നയതന്ത്ര പാഴ്സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ എൻഐഎക്കും കസ്റ്റംസിനും വിവരം നൽകിയത് കഴിഞ്ഞ ദിവസമാണ്.
എൻഐഎ ആവശ്യപ്പെട്ടത് പ്രകാരം ഇന്നലെ അസി. പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണൻ നേരിട്ട് തന്നെ ഈ വിവരം എൻ ഐ എ ഓഫീസിലെത്തി കൈമാറിയിരുന്നു. ഇത് 24 ന്യൂസ് ഉൾപ്പെടെ എല്ലാ മാധ്യമങ്ങളും ആ വിവരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഔദ്യോഗികമായി വിവരം കൈമാറാൻ പോയ ഹരികൃഷ്ണനെ എൻഐഎ കസ്റ്റഡിയിലെടുത്തു എന്നാണ് ഇന്ന് 24 ന്യൂസ് പറയുന്നത്. അതേ ഹരികൃഷ്ണനെക്കൂടി ഉൾപ്പെടുത്തിയാണ് ഇന്ന് 24 ന്യൂസ് ഫോട്ടോ സ്റ്റോറി ഇറക്കുന്നത്.
എൻഐഎയുടെ മുമ്പാകെ ഔദ്യോഗികമായി വിവരം നൽകാൻ പോയ ഉദ്യോഗസ്ഥനെ സ്വന്തം വാർത്ത തന്നെ തിരുത്തി കസ്റ്റഡിയിലെടുത്തു എന്ന് കള്ളവാർത്ത നൽകുന്നതിന് പിന്നിലെ ചേതോവികാരമെന്താണ്.
നയതന്ത്ര പാഴ്സലുകൾക്ക് സർക്കാർ അനുമതി ലഭിക്കാതെയാണ് കസ്റ്റംസ് ക്ലിയറൻസ് ലഭിച്ചത് എന്ന വിവരം 24 ന്യൂസിനെ ടെൻഷനാക്കുന്നുണ്ടോ.
പ്രോട്ടോക്കോൾ ഓഫീസറുടെ സർട്ടിഫിക്കറ്റ് ഇല്ലാതെ കസ്റ്റംസ് എങ്ങനെ ബാഗേജുകൾ വിട്ടുനൽകി എന്ന വിവരം 24 ന്യൂസിനെ ആശങ്കപ്പെടുത്തുന്നുണ്ടോ.
പ്രോട്ടോക്കോൾ ഓഫീസർമാരായി സേവനമനുഷ്ഠിക്കുന്നവരെ ആക്ഷേപിച്ച് ആരെയാണ് 24 ന്യൂസ് രക്ഷപ്പെടുത്താൻ നോക്കുന്നത്.
ഒടുവിലായി, 24 ന്യൂസിന്റെ ഒരു ഡയറക്ടറും ഇതേ നാഷണൽ ഡെ ആഘോഷങ്ങളിൽ പങ്കെടുത്തത് കൂടെ എക്സ്ക്ലുസിവാക്കിക്കൂടെ മിസ്റ്റർ എസ്കേഎൻ. ആ ഡയറക്ടർക്ക് വേണ്ടിയുള്ള ക്വട്ടേഷനാണോ നിരപരാധികളായ ഉദ്യോഗസ്ഥരെ താറടിക്കുന്ന ഈ തറവേല.
Credits Kerala || Deshabhimani Online News https://ift.tt/3hiBDKy
Comments