നാലിലൊന്ന്‌ ഇന്ത്യക്കാരിൽ ആന്റിബോഡി ; ഡൽഹിയിൽ 28.35 ശതമാനം


ന്യൂഡൽഹി
ഇന്ത്യയിൽ നാലിലൊന്ന് പേർക്ക് കോവിഡ് വന്നുപോയിട്ടുണ്ടാകാമെന്ന് സ്വകാര്യ ലാബിന്റെ പരിശോധനാഫലങ്ങളിൽ സൂചന. തൈറോകെയർ ലാബ് രാജ്യവ്യാപകമായി രണ്ടുലക്ഷത്തിലധികം പേരിൽ നടത്തിയ ആന്റിജെൻ പരിശോധനയിൽ 24 ശതമാനം പേരിലും കോവിഡ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. ശരീരം വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ആന്റിബോഡിയുണ്ടാകുന്നത്. ഡൽഹിയിൽ 29 ശതമാനം പേരിലും മഹാരാഷ്ട്രയിൽ 20 ശതമാനം പേരിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി തൈറോകെയർ മാനേജിങ് ഡയറക്ടർ ആരോക്യസ്വാമി വേലുമണി പറഞ്ഞു.

മുംബൈയിൽ 27 ശതമാനം പേരിലും താനെയിൽ 33 ശതമാനം പേരിലും നവിമുംബൈയിൽ 21 ശതമാനം പേരിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. പുണെയിലെ ചില മേഖലകളിൽ 52 ശതമാനംവരെയാണ് ആന്റിബോഡി സാന്നിധ്യം.
മുംബൈയിൽ കഴിഞ്ഞ മാസം സർക്കാർ നടത്തിയ സെറോ സർവേയിൽ ചേരിപ്രദേശങ്ങളിലെ 57 ശതമാനം പേരിൽ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിരുന്നു. സമൂഹത്തിലെ 60–-70 ശതമാനം പേരിൽ ആന്റിബോഡി സൃഷ്ടിക്കപ്പെട്ടാൽ ‘ഹെർഡ് ഇമ്യൂണിറ്റി’(കൂട്ട പ്രതിരോധം) കൈവന്നതായി കണക്കാക്കും. ഇത്തരമൊരു സാഹചര്യത്തിൽ രോഗവ്യാപനം സ്വഭാവികമായും ഇല്ലാതാകും. ധാരാവി പോലുള്ള ചേരികളിൽ രോഗവ്യാപനത്തിന്റെ തീവ്രത കുറഞ്ഞത് കൂട്ടപ്രതിരോധ ശേഷിയുടെ ഫലമാണെന്നാണ് വിലയിരുത്തൽ.

ഡൽഹിയിൽ 28.35 ശതമാനം
ഡൽഹിയിൽ നടത്തിയ രണ്ടാം സെറോ സർവേയിൽ 28.35 ശതമാനം പേരിൽ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. ജൂലൈയിൽ നടത്തിയ ആദ്യ സർവേയിൽ 23 ശതമാനം പേരിൽ ആന്റിബോഡി കണ്ടെത്തിയിരുന്നു. ഡൽഹിയിൽ ഏതാണ്ട് മൂന്നിലൊന്നു പേർക്ക് രോഗം വന്നുപോയെന്നാണ് രണ്ടാമത് സെറോ സർവേ ഫലം നൽകുന്ന സൂചന. ആഗസ്ത് ആദ്യവാരമായിരുന്നു രണ്ടാം സർവേ. 11 ജില്ലയിൽനിന്നായി 15,000 സാമ്പിൾ ശേഖരിച്ചു. ഫലം സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.



Credits National || Deshabhimani ​Online ​News https://ift.tt/2Yxq76L

Comments

Archive

Contact Form

Send