ഇന്ദിരയ്ക്കെതിരെ ഇന്ദിര വിളിച്ചു ‘അടിയന്തരാവസ്ഥ അറബിക്കടലിൽ’; സമരചരിത്രത്തിലെ ജ്വലിക്കുന്ന ഓർമ
കൊട്ടാരക്കര > അടിയന്തരാവസ്ഥയ്ക്കെതിരെ കേരള നിയമസഭയുടെ സന്ദർശക ഗ്യാലറിയിയിൽ കയറി മുദ്രാവാക്യം മുഴക്കി പ്രതിഷേധത്തിന്റെ പുതിയ ചരിത്രമെഴുതിയ കുളക്കട ഇന്ദിര (65) അന്തരിച്ചു. കുടുംബവീടായ കൊട്ടാരക്കര പെരുംകുളം ഇന്ദുഭവനിൽ വ്യാഴാഴ്ച പകൽ 11നായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ.
ശാരീരിക അവശതകളാൽ കഴിഞ്ഞ മൂന്നുവർഷമായി പൊതുപ്രവർത്തനത്തിൽനിന്ന് വിട്ടുനിന്നിരുന്ന ഇന്ദിരയെ ശ്വാസതടസ്സത്തെതുടർന്ന് കഴിഞ്ഞ ദിവസം കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരിക്കെ സംഘടനാരംഗത്ത് സജീവമായിരുന്ന ഇന്ദിരയുടെ നേതൃത്വത്തിലുള്ള ആറംഗ വനിതാസംഘം 1976ൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് നിയമസഭയുടെ സന്ദർശക ഗ്യാലറിയിൽ കയറി മുഖ്യമന്ത്രി സി അച്യുതമേനോൻ, ആഭ്യന്തരമന്ത്രി കെ കരുണാകരൻ എന്നിവരുടെ മുഖത്തുനോക്കി ‘ഇൻക്വിലാബ് സിന്ദാബാദ്, അടിയന്തരാവസ്ഥ അറബിക്കടലിൽ... ’ എന്ന മുദ്രാവാക്യം വിളിച്ചു. പ്രക്ഷോഭകരെ പൊലീസ് പിടികൂടി കൊടിയ മർദനത്തിന് ഇരയാക്കി ജയിലിലടച്ചു. പതിനെട്ട് വയസ്സായിരുന്നു അന്ന് ഇന്ദിരയ്ക്ക് പ്രായം.
കശുവണ്ടി മേഖലയിൽ ഉൾപ്പെടെ നിരവധി തൊഴിലാളി സമരങ്ങൾക്ക് നേതൃത്വം നൽകി. സിപിഐ എം താലൂക്ക് കമ്മിറ്റി അംഗം, സിഐടിയു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം, മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, കാഷ്യൂ വർക്കേഴ്സ് സെന്റർ അംഗം, മൈലം പഞ്ചായത്ത് പ്രസിഡന്റ്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
കുറെനാളായി മകൾ ഇന്ദുനാഥി (വെണ്ടാർ എസ്സിബി)നൊപ്പം കുണ്ടറയിലായിരുന്നു താമസം. സിപിഐ എം നേതാവായിരുന്ന പരേതനായ ടി ജി ഗോപിനാഥനാണ് ഭർത്താവ്. മൃതദേഹം വെള്ളിയാഴ്ച രാവിലെ 9.30ന് കൊട്ടാരക്കര സിപിഐ എം ഓഫീസിലും തുടർന്ന് പെരുംകുളത്തെ വീട്ടിലും പൊതുദർശനത്തിനു വയ്ക്കും. മരുമകൻ: രാധാകൃഷ്ണൻ (കെടിഡിസി, കൊല്ലം).
'അടിയന്തരാവസ്ഥ അറബിക്കടലിൽ'
കൊല്ലം > 1976 ജൂലൈ 26. അടിയന്തരാവസ്ഥ ഒരു വർഷവും ഒരു മാസവും പിന്നിട്ട സമയം. കേരള നിയമസഭാ സമ്മേളനം നടക്കുന്നു. സന്ദർശക ഗ്യാലറിയിൽ വിരലിലെണ്ണാവുന്നവർ മാത്രം. സൂചിവീണാൽ കേൾക്കാവുന്ന സഭയുടെ നിശ്ശബ്ദ അന്തരീക്ഷത്തെ ഭേദിച്ച് ഗ്യാലറിയിൽനിന്ന് ഉച്ചത്തിൽ പെൺശബ്ദം ഉയർന്നു. ‘ഇൻക്വിലാബ് സിന്ദാബാദ്, അടിയന്തരാവസ്ഥ അറബിക്കടലിൽ... ’
മുഷ്ടി ചുരുട്ടി സിരകളിലെ മുഴുവൻ ഊർജവും ആവാഹിച്ചു മുദ്രാവാക്യം മുഴക്കിയ ആ പതിനെട്ടുകാരി കൊട്ടാരക്കര ഇന്ദിരഭവനിൽ ഇന്ദിരയായിരുന്നു. ഒപ്പം ഏറ്റുവിളിക്കാൻ അഞ്ചു സ്ത്രീകളും. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ഏടായ അടിയന്തരാവസ്ഥയ്ക്കും അത് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കുമെതിരെ നിയമസഭയുടെ സന്ദർശക ഗ്യാലറിയിൽ കയറി മുദ്രാവാക്യം മുഴക്കിയ ആറംഗ വനിതാസംഘത്തിന് നേതൃത്വം നൽകിയ കുളക്കട ഇന്ദിര ഇനി കേരളത്തിന്റെ സമരചരിത്രത്തിലെ ജ്വലിക്കുന്ന ഓർമ.
ഇരവിപുരം കൈയാലയ്ക്കൽ ലക്ഷംവീട്ടിൽ പ്രഭാവതി, കരിക്കോട് ശാരദ, കുണ്ടറ മാധവി, ഷെരീഫ, നാവായിക്കുളം കൊച്ചിക്ക എന്നിവരായിരുന്നു ഇന്ദിരയ്ക്കൊപ്പം ഉണ്ടായിരുന്നവർ. സ്ത്രീകളുടെ മുദ്രാവാക്യം വിളിയിൽ സഭ സ്തംഭിച്ചു. മുഖ്യമന്ത്രി സി അച്യുതമേനോൻ, ആഭ്യന്തരമന്ത്രി കെ കരുണാകരൻ എന്നിവരുടെ മുഖത്തുനോക്കി മുദ്രാവാക്യം വിളിക്കാൻ ധൈര്യം കാണിച്ച ഇന്ദിര പൊലീസ് രാജ് അനുഭവിച്ചറിഞ്ഞു. അറസ്റ്റിലായ സംഘത്തിന് കൊടിയ പീഡനമായിരുന്നു. സഭയിലേക്ക് അയച്ചതാരാണെന്നു ചോദിച്ച് പൊലീസ് ക്രൂരമായി മർദിച്ചു. കൂടുതൽ മർദനം ഏറ്റുവാങ്ങിയത് ഇന്ദിരയായിരുന്നു. ചൂരൽ പിണച്ചുകെട്ടി മുതുകത്ത് കിട്ടിയ തല്ലിന്റെ ഓർമപ്പെടുത്തലായി ശ്വാസംമുട്ടലും തുമ്മലും സന്തതസഹചാരികളായി.
ഭാസ്കരൻ എന്ന ബന്ധുവാണ് ഇന്ദിരയെ സിപിഐ എമ്മുമായി അടുപ്പിച്ചത്. 18 കഴിഞ്ഞ കേഡർമാർക്ക് നൽകിയിരുന്ന മെമ്പർഷിപ് 16–-ാം വയസ്സിൽ ഇന്ദിരയ്ക്കു ലഭിച്ചു. കശുവണ്ടി മേഖലയിൽ യൂണിയൻ പ്രവർത്തകയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. ആ കാലത്താണ് നഷ്ടത്തിലാണെന്നു പറഞ്ഞ് മുതലാളിമാർ കശുവണ്ടി ഫാക്ടറികൾ പൂട്ടിയത്.
അടിയന്തരാവസ്ഥയായതിനാൽ തൊഴിലാളികളെ സംഘടിപ്പിക്കലും സമരവും സാധ്യമായിരുന്നില്ല. നിയമസഭയിൽ വിഷയം എത്തിക്കാൻ പാർടിയും യൂണിയനും തീരുമാനിച്ചു. അങ്ങനെ ആറു സ്ത്രീകളെ സഭയിൽ അയക്കാൻ തീരുമാനിച്ചു. സമീപ വീട്ടിൽനിന്ന് സാരിയും ബ്ലൗസും കടംവാങ്ങി കൊട്ടാരക്കര ക്ഷേത്രത്തിൽ പോകുകയാണെന്നു പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. പൊലീസ് പിടിക്കാതിരിക്കാൻ ആറുപേരും വെവ്വേറെയാണ് തിരുവനന്തപുരത്ത് എത്തിയത്. ചെങ്ങന്നൂർ എംഎൽഎയായിരുന്ന പുരുഷോത്തമൻപിള്ളയുടെ പാസിലാണ് സഭയിൽ കയറിയത്.
കശുവണ്ടിത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ചിരുന്നെങ്കിലും വിതരണംചെയ്തിരുന്നില്ല. ഇക്കാര്യം പി ജി പുരുഷോത്തമൻപിള്ള സബ്മിഷനായി ഉന്നയിച്ചു. മന്ത്രി വക്കം പുരുഷോത്തമൻ മറുപടി പറഞ്ഞപ്പോഴാണ് ഇന്ദിരയും സംഘവും മുദ്രാവാക്യം മുഴക്കിയത്. ‘മന്ത്രി പറഞ്ഞത് കളവാണ്, സൗജന്യ റേഷൻ ലഭിക്കുന്നില്ല’. തുടർന്ന് ഉയർന്ന മുദ്രാവാക്യം ആരും പ്രതീക്ഷിച്ചതായിരുന്നില്ല. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള ഏതു ശബ്ദവും അടിച്ചമർത്തും എന്നറിഞ്ഞിട്ടും സർവശക്തിയിലും ഉയർന്ന മുദ്രാവാക്യം കാലത്തിന്റെ കാതുകളിൽ പ്രതിധ്വനിക്കുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3l95SpE
Comments