ജനങ്ങൾക്ക് ഈ സർക്കാരിലുള്ള വിശ്വാസം കൂടി; പ്രതിപക്ഷത്തിന് അവരിൽത്തന്നെ അവിശ്വാസം: മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം > ആർക്കെതിരെയാണ് പ്രതിപക്ഷം വിശ്വാസം കൊണ്ടുവന്നതെന്ന കാര്യത്തിൽ അവ്യക്തതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിനുള്ളിൽ അവിശ്വാസം വളർന്നു വരികയാണ്, അതിലെ ഘടകകക്ഷികൾ തമ്മിലുള്ള ബന്ധം വലിയ രീതിയിൽ ശിഥിലമാകുകയാണ്. പ്രതിപക്ഷത്തിന് അവരിൽ തന്നെയാണ് അവിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
യുഡിഎഫിലെ അസ്വസ്ഥതകൾ പ്രമേയത്തിന് കാരണമായിരിക്കാം. വിശ്വാസയോഗ്യമായ ഒരു കാര്യം പോലും അവതരിപ്പിക്കാൻ യുഡിഎഫിന് കഴിവില്ല. സ്വന്തം അണികളിൽ നിന്നും നേതൃത്വത്തിന്റെ കഴിവിലുള്ള അവിശ്വാസം വരുന്നുണ്ട്.
91 സീറ്റുമായി അധികാരത്തിലെത്തിയ സർക്കാരിന് ഇപ്പോൾ 93 സീറ്റുകളുണ്ട്. ജനങ്ങളുടെ വിശ്വാസം സർക്കാരിനുണ്ടെന്ന് തെളിയിക്കുന്നതാണിത്. ജനവിശ്വാസത്തിൽ ചോർച്ച വന്നത് യുഡിഎഫിന് തന്നെയാണെന്ന് കാണാനാകും. യുഡിഎഫിന് ജനങ്ങളിൽ വിശ്വാസമില്ലാതായി. ജനങ്ങളെ വിശ്വാസമുണ്ടെങ്കിൽ കാൽചുവട്ടിലെ മണ്ണൊലിച്ച് പോകുന്നത് യുഡിഎഫിന്റേത് തന്നെയാണെന്ന് മനസിലാക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിലെ നേതാക്കൾ പരസ്പരം വിശേഷിപ്പിക്കുന്നത് ബിജെപി ഏജന്റുമാർ എന്നാണ്. അടിത്തറയ്ക്കുമേൽ മേൽക്കൂര നിലംപൊത്തിയ അവസ്ഥയിലാണ് കോൺഗ്രസ്. അടിമുടി ബിജെപിയാകാൻ കാത്തിരിക്കുന്ന ഒരു കൂട്ടമായി കോൺഗ്രസ് മാറി. രാജ്യം വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് ഈ ചർച്ചകളൊക്കെ നടക്കുന്നത്.
നേതാവിനെ തെരഞ്ഞെടുക്കാൻ പോലും കെൽപ്പില്ലാത്ത പാർടിയായി കോൺഗ്രസ് മാറി. മുതിർന്ന നേതാക്കൾ പോലും നേതൃസ്ഥാനം ഏറ്റെടുക്കാൻ മടിച്ച് നിൽക്കുകയാണ്. രാഹുലിന്റെ കേരളത്തിലെ മത്സരം ദേശീയ തലത്തിൽ വലിയ നഷ്ടമുണ്ടാക്കുമെന്ന് ഇടതുപക്ഷം നേരത്തേ പറഞ്ഞതാണ്. അന്ന് അത് കേട്ടില്ല. ഇപ്പോൾ അതിന്റെ പേരിൽ കോൺഗ്രസിനുള്ളിൽ തമ്മിൽത്തല്ല് നടക്കുന്നു.
രാജ്യം നേരിടുന്ന ഏതേലും വിഷയത്തിൽ ഒന്നിച്ചൊരു നിലപാട് കോൺഗ്രസിനില്ല. അയോധ്യ രാമക്ഷേത്ര നിർമാണം സർക്കാർ പരിപാടിയാക്കിയപ്പോൾ കോൺഗ്രസ് മിണ്ടിയില്ല. പോരാത്തതിന് ബിജെപിക്കൊപ്പം പിന്നണി പാടാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ എത്തി. നല്ലൊരു വാഗ്ദാനവുമായി ബിജെപി വരുന്നതും കാത്തിരിക്കുന്ന നേതാക്കളാണ് കോൺഗ്രസിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം തുടരുകയാണ്.
Credits Kerala || Deshabhimani Online News https://ift.tt/2EeU7xg
Comments