ദയ അല്ല നീതിയാണ് ആവശ്യപ്പെടുന്നതെന്ന് പ്രശാന്ത് ഭൂഷൺ; നിലപാട് മാറ്റാൻ അരമണിക്കൂർ അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി > കോടതിയലക്ഷ്യക്കേസിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് മാപ്പ് പറയാൻ അരമണിക്കൂർ സമയം കൂടി അനുവദിച്ച് സുപ്രീം കോടതി. പ്രശാന്ത് ഭൂഷണെതിരായ നടപടികൾ അവസാനിപ്പിക്കണമെന്ന് അറ്റോർണി ജനറൽ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ബെഞ്ചിന്റെ നിർദേശം. എന്നാൽ തനിക്ക് ദയ അല്ല നീതിയാണ് ആവശ്യമെന്നും താൻ കുറ്റക്കാരനെന്ന വിധി റദ്ദാക്കണമെന്നുമായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച്, നിരുപാധികം മാപ്പു പറയാൻ പ്രശാന്തിന് ഇന്നലെവരെയാണ് സമയമനുവദിച്ചിരുന്നത്.

സുപ്രീം കോടതിയിൽ ജനാധിപത്യം പരാജയപ്പെട്ടതായി മുൻ ജഡ്ജിമാർ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന്, എജി കെ കെ വേണുഗോപാൽ കോടതിയിൽ പറഞ്ഞു. ഈ കേസിൽ കോടതി പ്രശാന്ത് ഭൂഷണോടു ക്ഷമിക്കുകയാണ് വേണ്ടത്. വേണമെങ്കിൽ അദ്ദേഹത്തെ താക്കീതു ചെയ്യാം, ശിക്ഷിക്കരുതെന്ന് എജി പറഞ്ഞു. എന്നാൽ മാപ്പു പറയാൻ തയാറല്ലാത്തയാളെ താക്കീത് ചെയ്തിട്ട് എന്തു കാര്യമെന്ന് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. കുറച്ചുകൂടി മെച്ചപ്പെട്ട കാര്യങ്ങളാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്നും ജസ്റ്റിസ് മിശ്ര ചോദിച്ചു.

കോടതി ബലം പ്രയോഗിച്ച് മാപ്പ് പറയിക്കാൻ ശ്രമിക്കുകയാണെന്ന് പ്രശാന്തിന്റെ അഭിഭാഷകനായ രാജീവ് ധവാൻ പറഞ്ഞു. കടുത്ത വിമർശനങ്ങൾ കേൾക്കാൻ തയ്യാറായില്ലെങ്കിൽ കോടതി തകരും. നിരുപാധിക മാപ്പ് മാത്രമേ അംഗീകരിക്കൂ എന്ന ഉത്തരവ് ബലപ്രയോഗമാണെന്നും അഭിഭാഷകൻ പറഞ്ഞു.

ക്രിമിനൽ കോടതിയലക്ഷ്യമെന്നു കോടതി വിധിച്ച ട്വീറ്റുകൾക്ക് മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷൺ നേരത്തെ അറിയിച്ചിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/34xc4S7

Comments

Archive

Contact Form

Send