എൻ ജെ നായർ മൂല്യാധിഷ്‌ഠിത മാധ്യമപ്രവർത്തനത്തിന്റെ പ്രതീകം: കോടിയേരി
തിരുവനന്തപുരം > മൂല്യാധിഷ്ഠിത മാധ്യമ പ്രവർത്തനത്തിന്റെ പ്രതീകമായിരുന്നു ഹിന്ദുഡെപ്യൂട്ടി എഡിറ്റർ എൻ ജെ നായരെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരള സമൂഹത്തിന്റെ പുരോഗമനപരമായ നിലനിൽപ്പിന് കരുത്ത് പകരുന്ന പത്രപ്രവർത്തനമാണ് എൻ ജെ നായരിൽ നിന്നുണ്ടായത്. ഒരു വിഷയമുണ്ടായാൽ ഇരുപക്ഷത്തേയും കേട്ട് റിപ്പോർട്ട് ചെയ്യുന്ന ഉദാത്തശൈലിയ്ക്കു ഉടമയായിരുന്നുവെന്നും കോടിയേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
യാഥാസ്ഥിതികചേരിയെ ശക്തമാക്കാനുള്ള വിഷലിപ്ത മാധ്യമ കൂട്ടുകെട്ടുകളിൽ ഉൾപ്പെടാതെ മാനവികത ഉയർത്തിപ്പിടിച്ച എൻ ജെ നായർ നിസ്വാർത്ഥമായി നാടിനും നാടിന്റെ വികസനത്തിനും വേണ്ടി നിലകൊണ്ടു. ചാനൽ ചർച്ചകളിലെ പങ്കാളിത്തവും ഇടപെടലും ഇത് കൂടുതൽ സാക്ഷ്യപ്പെടുത്തി. രാഷ്ട്രീയ നേതാക്കളുടേയും ഭരണാധികാരികളുടേയും വാർത്താസമ്മേളനങ്ങൾ പോലും വളച്ചൊടിക്കുന്ന പ്രവണതയിൽ നിന്നും വ്യത്യസ്തമായി വസ്തുനിഷ്ഠമായി റിപ്പോർട്ട് ചെയ്യുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. എൻ ജെ നായരുടെ ആകസ്മിക വേർപാട് മാധ്യമ ലോകത്തിനും പുരോഗമന കേരളത്തിനും നഷ്ടമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/348lMdt
Comments