കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; സോണിയ രാജിക്ക്‌


ന്യൂഡൽഹി
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് സോണിയ ഗാന്ധി രാജിസന്നദ്ധത അറിയിച്ചു. പാർടിയിൽ സമ്പൂർണമായ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള മുതിർന്ന നേതാക്കളുടെ കത്ത് പുറത്തുവന്നതിന് പിന്നാലെയാണിത്. തിങ്കളാഴ്ച നിർണായകമായ പ്രവർത്തകസമിതി യോഗം ചേരാനിരിക്കെയാണ് അധ്യക്ഷസ്ഥാനത്ത് തുടരാൻ താൽപ്പര്യമില്ലെന്ന് സോണിയ മുതിർന്ന നേതാക്കളെ അറിയിച്ചത്.

ഇടക്കാല അധ്യക്ഷസ്ഥാനത്ത് സോണിയയുടെ ഒരു വർഷ കാലാവധി ആഗസ്ത് 10ന് അവസാനിച്ചിരുന്നു. എന്നാൽ, പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാത്ത സാഹചര്യത്തിൽ സോണിയയുടെ പദവിയിൽ മാറ്റമില്ലെന്ന് നേതൃത്വം വിശദീകരിച്ചിരുന്നു. ഇതിനിടെയാണ് പ്രവർത്തകസമിതി അംഗങ്ങളും മുൻ മുഖ്യമന്ത്രിമാരും മുൻ പിസിസി പ്രസിഡന്റുമാരടക്കം 23 മുതിർന്ന നേതാക്കൾ അയച്ച കത്ത് പുറത്തുവന്നത്. കേരളത്തിൽ നിന്നുള്ള ശശി തരൂർ, പി ജെ കുര്യൻ, മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദ്, ആനന്ദ് ശർമ, മുകുൾ വാസ്നിക്, ഭൂപീന്ദർ സിങ് ഹൂഡ, പൃഥ്വിരാജ് ചവാൻ, രജീന്ദർകൗർ ഭട്ടൽ, വീരപ്പ മൊയ്ലി തുടങ്ങിയവരാണ് കത്തിൽ ഒപ്പുവച്ചത്.

കടുത്ത പ്രതിസന്ധിയിലേക്ക്
അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ രാഹുലും പ്രിയങ്കയും വിസമ്മതിക്കുന്നതിനാൽ കടുത്ത പ്രതിസന്ധിയിലാകും കോൺഗ്രസ്. നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാളെ അധ്യക്ഷനാക്കുന്നതിനോട് രാഹുൽ ബ്രിഗേഡിന് താൽപ്പര്യമില്ല. എന്നാൽ, നെഹ്റു കുടുംബത്തിൽനിന്നായാലും പുറത്തുനിന്നായാലും പുതിയൊരു അധ്യക്ഷനെ കണ്ടെത്തിയേ തീരൂവെന്ന നിലപാടാണ് പല മുതിർന്ന നേതാക്കൾക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്കുശേഷം രാഹുൽ ബ്രിഗേഡും മുതിർന്ന നേതാക്കളുമായുള്ള ശീതസമരം കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയാണ് പുതിയ കത്ത്. ആഗസ്ത് ഏഴിന് അയച്ച കത്തിനെക്കുറിച്ച് അടുത്തിടെ പാർടിയിൽനിന്ന് പുറത്താക്കപ്പെട്ട സഞ്ജയ് ഝാ കഴിഞ്ഞയാഴ്ച ട്വിറ്ററിൽ പരാമർശിച്ചിരുന്നു. എന്നാൽ, ഇത്തരമൊരു കത്ത് ഇല്ലെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്.

മനസ്സ് തുറക്കാതെ രാഹുൽ
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി രാജിവച്ചതോടെ സോണിയയെ ഇടക്കാല അധ്യക്ഷയാക്കുകയായിരുന്നു. അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിൽ രാഹുൽ ഇനിയും മനസ്സുതുറന്നിട്ടില്ല. നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാളെ അധ്യക്ഷനാക്കണമെന്ന് രാഹുൽ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പ്രിയങ്കയും ഇതിനോട് യോജിച്ചു.

കേരള നേതാക്കൾക്കും രാഹുലിനുമെതിരായ കുറ്റപത്രം
മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിക്ക് എഴുതിയ കത്ത് രാഹുൽഗാന്ധിക്കും കേരളത്തിൽനിന്നുള്ള കോൺഗ്രസ് നേതാക്കൾക്കും എതിരായ കുറ്റപത്രം. യൂത്ത് കോൺഗ്രസിലും എൻഎസ്യുവിലും രാഹുൽ നടപ്പാക്കിയ തെരഞ്ഞെടുപ്പ് രീതിയിൽ അനർഹർ സ്ഥാനങ്ങൾ കൈയടക്കിയെന്ന് കത്തിൽ പറഞ്ഞു. സാമ്പത്തികശേഷിയും രാഷ്ട്രീയ രക്ഷാകർതൃത്വവും ഉള്ളവർക്ക് സ്ഥാനം ലഭിച്ചു. എല്ലാ സംസ്ഥാന ഘടകങ്ങൾക്കും പ്രാപ്യവും പ്രയോജനകരവുമായ എഐസിസി നേതൃത്വം രൂപംകൊള്ളണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഇത് കേരളത്തിൽനിന്നുള്ള എഐസിസി ഭാരവാഹികളെ ഉദ്ദേശിച്ചാണ്. പ്രത്യേകിച്ച് മുതിർന്ന നേതാവ് എ കെ ആന്റണി, സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരെ ലക്ഷ്യമിട്ടാണ്.


കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിച്ചത് കേരളത്തിലെ നേതാക്കളുടെ താൽപ്പര്യമായിരുന്നു. ഇത് അമേത്തിയിൽ രാഹുൽ മുൻകൂർ പരാജയം സമ്മതിക്കുന്നതിന് തുല്യമായി. ഉത്തരേന്ത്യയിൽ ബിജെപിക്ക് കോൺഗ്രസിനെതിരെ വലിയ പ്രചാരണ ആയുധമായി. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് കർണാടക, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്ന വാദവും തകർന്നു. രാഹുലിന്റെ കേരളത്തിലെ മത്സരം ദേശീയതലത്തിൽ വൻനഷ്ടമായെന്നും കത്തിൽ ചൂണ്ടിക്കാട്ടി.



Credits National || Deshabhimani ​Online ​News https://ift.tt/2YpFVIk

Comments

Archive

Contact Form

Send