ആര്‍എസ്എസ് കൊലയാളികളെ ജാമ്യത്തിലെടുത്തു; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബാങ്കില്‍ പിൻവാതിൽ നിയമനം

നിലമ്പൂർ > പയ്യന്നൂര് ധനരാജ് വധക്കേസ്സിലെ പ്രതിയുള്പ്പെടുന്ന ആര്എസ്എസ് ക്വട്ടേഷന് സംഘത്തെ ജാമ്യത്തിലിറക്കിയ യൂത്ത് കോണ്ഗ്രസ് നേതാക്കള്ക്ക് ആര്യാടന് ഷൗക്കത്ത് ചെയര്മാനായ നിലമ്പൂര് സഹകരണ അര്ബന് ബാങ്കില് പ്യൂണായി പിന്വാതില് നിയമനം. പി വി അന്വര് എംഎല്എയെ അപായപ്പെടുത്താനെത്തിയ പ്രതികളെ പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനില് നിന്നാണ് കോൺഗ്രസ് നേതാക്കൾ ജാമ്യത്തിലിറക്കിയത്.

എംഎല്എയെ വധിക്കാനെത്തിയ ഗൂഡാലോചനാക്കേസില് പൊലീസ് ആര്യാടന് ഷൗക്കത്തിനെയും പ്രതിചേര്ത്തിട്ടുണ്ട്. ഗൂഡാലോചന കേസിൽ പ്രതികൾ കൂടിയായ യൂത്ത് കോണ്ഗ്രസ് നിലമ്പൂര് നിയോജക മണ്ഡലം പ്രസിഡണ്ട് ഷാജഹാന് പായിമ്പാടം, പ്രതികളെ ജാമ്യത്തിലെടുത്ത യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം മുന് പ്രസിഡണ്ട് മൂര്ഖന് ഷറഫുദ്ദീന് എന്ന കുഞ്ഞു തുടങ്ങിയവരെയാണ് ഇന്നലെ പുറത്തിറക്കിയ റാങ്ക് പട്ടികയില് ഉള്പ്പെടുത്തിയത്. അവധി ദിവസമായിരുന്നിട്ടും ഇന്നലെ വൈകിട്ട് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു.

42 പേരുടെ റാങ്ക് ലിസ്റ്റില് 9-ാമതായി മൂര്ഖന് ഷറഫുദ്ദീനെയും 17-ാമതായി ഷാജഹാന് പായിമ്പാടത്തെയും ഉള്പ്പെടുത്തിയിട്ടുണ്ട്. നിലവില് യുഡിഎഫ് ഭരിക്കുന്ന വിവിധ അർബൻ ബാങ്ക് ശാഖകളിൽ 20ഓളം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നുണ്ട്. നിലമ്പൂര് സഹകരണ അര്ബന് ബാങ്കിലെ പ്യൂണ് നിയമനങ്ങള് സ്വന്തക്കാര്ക്ക് വേണ്ടി അട്ടിമറിക്കുന്നുവെന്ന് ഹൈക്കോടതില് ചിലര് ഹർജി നല്കിയതിനെ തുടര്ന്ന് 2017 ൽ ആദ്യം നടത്തിയ എഴുത്ത് പരീക്ഷ ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു.

വീണ്ടും പരീക്ഷ നടത്തിയെങ്കിലും മുന്പ് ജോലി നല്കാന് തീരുമാനിച്ചിരുന്ന കോണ്ഗ്രസ് നേതാക്കളെയും പ്രവര്ത്തകരെയും തന്നെ റാങ്ക്ലിസ്റ്റില് ഉള്പ്പെടുത്തുകയായിരുന്നുവെന്നാണ് ആക്ഷേപം. ഹൈക്കോടതി ഉത്തരവിൽ ബാങ്ക് പരീക്ഷ നടത്തി പരിചയമുള്ള ഏജൻസികളെ കൊണ്ട് വീണ്ടും പരീക്ഷ നടത്തണമെന്ന് നിർദേശം ലംഘിച്ച് നിലമ്പൂരിലെ സ്വകാര്യ കോളേജും അതെ കോളേജിലെ അധ്യാപകരും ചേർന്നാണ് കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി പരീക്ഷ നടത്തിയത്. ആ പരീക്ഷ എഴുതിവരുടെ ലിസ്റ്റാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. പരാതിക്കാര് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. അതിനിടെ അവധി ദിവസമായ ഇന്നലെ നിലമ്പൂര് ജില്ലാ ആശുപത്രി അധികൃതരെ സ്വാധീനിച്ച് റാങ്ക് ലിസ്റ്റില് ഉള്പ്പെട്ട കോണ്ഗ്രസ് നേതാക്കള് മെഡിക്കല് സര്ട്ടിഫിക്കറ്റ് സമ്പാദിച്ചതായും ആരോപണമുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2PWwLyr

Comments

Archive

Contact Form

Send