ബംഗാളിൽ മുന്‍ സിപിഐ എം എംഎല്‍എമാരെ വിലക്കുവാങ്ങാനെത്തി തൃണമൂല്‍; കമ്യൂണിസ്റ്റുകാരെ വിലക്കെടുക്കാനാകില്ലെന്നും വീട്ടില്‍ കയറരുതെന്നും മറുപടി
കൊല്‍ക്കത്ത > കമ്മ്യൂണിസ്റ്റുകളെ വിലക്കുവാങ്ങാനായാണ് എത്തിയതെങ്കില്‍ അത് നടപ്പില്ലെന്നും അതിനായി ഇനി ഇങ്ങോട്ട് വരരുതെന്നും തൃണമൂല്‍ കോണ്‍ഗ്രസിന് മറുപടി നല്കി ബംഗാളിലെ മുതിര്‍ന്ന സിപിഐ എം നേതാക്കള്‍. മുന്‍ എംഎല്‍എ മാരെയും സിറ്റിംഗ് എംഎല്‍എയേയും വിലയ്ക്കുവാങ്ങാനെത്തിയ, തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന വിദഗ്ധന്‍ പ്രശാന്ത് കിഷോറിനാണ് ശക്തമായ മറുപടി നേതാക്കള്‍ നല്‍കിയത്.
സിറ്റിംഗ് എംഎല്‍എ മമതാ റോയ്, മുന്‍ എംഎല്‍എ മാരായ ലക്ഷ്മി കാന്ത റോയ്, ബാനാമലി റോയ് എന്നിവരുടെ വീട്ടിലെത്തി തൃണമൂല്‍ കോണ്‍ഗ്രസില്‍ അണിചേരണമെന്ന ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി(ഐ-പിഎസി) ടീമിന്റെ ആവശ്യത്തിനാണ് മൂവരും ധീരമായ മറുപടി നല്‍കിയത്. മുതിര്‍ന്ന നേതാക്കളെ കൂടെ നിര്‍ത്തി വടക്കന്‍ ബംഗാളില്‍ നേട്ടം കൊയ്യാമെന്ന തൃണമൂല്‍ ലക്ഷ്യത്തിന്റെ ഭാഗമായായിരുന്നു പ്രശാന്ത് കിഷോറിന്റെയും കൂട്ടരുടേയും ഗൃഹ സന്ദര്‍ശനം.
'കിഷോറിന്റെ സംഘത്തില്‍ നിന്നുമാണെന്ന് പരിചയപ്പെടത്തി നിരവധി ഫോണ്‍ വിളികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ തനിക്ക് ലഭിച്ചത്.പ്രായമായതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഇടപെടാറില്ലെന്ന് പറഞ്ഞെങ്കിലും വീട് സന്ദര്‍ശിക്കണമെന്ന് അവര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രണ്ട് പ്രതിനിധികള്‍ വന്നു. അവര്‍ക്ക് ഞാന്‍ കസേരയിട്ടുകൊടുത്തു. എന്തോ രഹസ്യാത്മത പോലെ വീടിനകം കാണണമെന്നായിരുന്നു അവരുടെ അടുത്ത ആവശ്യം. മണ്ണ് തേച്ച വീടിനകം കണ്ട് അത്ഭുതപ്പെട്ട പ്രതിനിധികള്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിച്ചാല്‍ ജില്ല തലത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു'; ലക്ഷ്മി കാന്ത റോയ് ഇന്ത്യന്‍ എക്സ്പ്രസിനോട് വ്യക്തമാക്കി.
താന്‍ പ്രായം മൂലം പ്രവര്‍ത്തനം അവസാനിപ്പിച്ചതാണെന്നും പ്രത്യയശാസ്ത്രത്തോടുള്ള എതിര്‍പ്പുകൊണ്ടല്ലെന്നും കമ്മ്യൂണിസ്റ്റുകാരെ വിലക്കെടുക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം സംഘത്തിന് മറുപടിയും നല്കി.
മമത റോയ്, മുന്‍ എംഎല്‍എ ബനാമലി റോയ് എന്നിവരുടെ ഭവനങ്ങളിലും ഇതേ വാദ്ഗാനങ്ങളുമായി സംഘം എത്തി. എന്നാല്‍ നിരാശയായിരുന്നു ഫലം. വാദ്ഗാനം നിരസിക്കുകയും മേലില്‍ ഇതും പറഞ്ഞ് വീട്ടിലേക്ക് വരരുതെന്നും മമത താക്കീത് ചെയ്തപ്പോള്‍, സംഘത്തെ ബനാമലി വീട്ടിലേക്ക് പ്രവേശിപ്പിച്ചുപോലുമില്ല
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളുടെ അഴിമതി മൂലമാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ വടക്കന്‍ ബംഗാള്‍ നഷ്ടമായത്. അതിനാല്‍ സത്യസന്ധവും മികച്ച പ്രതിച്ഛായയുമുള്ളവരെയാണ് തങ്ങള്‍ തേടുന്നത്. ഇത്തക്കാരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാകുമെന്നും റോയ്, മമത, ബാനാമലി എന്നിവരെ സമീപിച്ചത് ഈ ഒരു തന്ത്രത്തിന്റെ ഭാഗമാണെന്നും മുതിര്‍ന്ന തൃണമൂല്‍ നേതാവ് ഇന്ത്യന്‍ എക്സപ്രസിനോട് വ്യക്തമാക്കി.
Credits Kerala || Deshabhimani Online News https://ift.tt/2Y8MsHg
Comments