ക്ഷേത്രദർശനത്തിന് എത്തിയ റിട്ട.അധ്യാപികയുടെ മാല പൊട്ടിച്ച ബിജെപി പ്രവർത്തകർ പിടിയിൽ
ചേര്‍ത്തല > ക്ഷേത്രദർശനത്തിന് എത്തിയ റിട്ട. അധ്യാപികയുടെ മൂന്നരപവന്‍ മാല പൊട്ടിച്ചു കടന്ന ബിജെപി, ആർഎസ്എസ് പ്രവർത്തകർ പിടിയിൽ. പള്ളിപ്പുറം പഞ്ചായത്ത് 11-ാം വാര്‍ഡ് തിരുനെല്ലൂര്‍ ആറുകണ്ടത്തില്‍ ഷിബു (47), തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ കണ്ണങ്കര പിണ്ടമംഗലത്ത് സിബി ജോണി (29), തണ്ണീര്‍മുക്കം കണ്ണങ്കര കുര്യന്വെളി ശിവപ്രസാദ് (29) എന്നിവരെയാണ് ചേര്‍ത്തല സിഐ പി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
പിടിയിലായ ഷിബു സജീവ ആർഎസ്എസിന്റെ മുഴുവൻ സമയ പ്രവര്‍ത്തകനാണ്. മുഹമ്മ അയ്യപ്പഞ്ചേരിയില്‍ ബൈക്കിലെത്തിയ സംഘം ഇന്നലെ രാവിലെ ഏഴിനാണ് ക്ഷേത്രത്തില്‍നിന്ന് മടങ്ങിയ റിട്ട. അധ്യാപികയുടെ മൂന്നരപവന്‍ മാല കവർന്നത്. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാംവാര്‍ഡ് കൈതവളപ്പില്‍ സേതുമാധവന്നായരുടെ ഭാര്യ സുമതിക്കുട്ടിയമ്മ(74)യുടെ മാലയാണ് മോഷ്ടിച്ചത്.
മോഷണം സിസിടിവിയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ ശേഖരിച്ച് നടന്ന പരിശോധനയിലാണ് പ്രതികള്‍ വൈകീട്ടോടെ ചേര്‍ത്തല പൊലീസിന്റെ പിടിയിലായത്. ചേര്‍ത്തല എസ്ഐ ലൈസാദ് മുഹദ്, ജൂനിയര്‍ എസ്ഐ അഭിലാഷ്, എഎസ്ഐ ലതീഷ് കുമാര്‍, സിപിഒമാരായ വിനില്‍, മനു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഷിബുവിനെതിരേ ചേര്‍ത്തല പൊലീസില്‍ മാലമോഷണവുമായി ബന്ധപ്പെട്ട് രണ്ടുകേസുകള്‍ നിലവിലുണ്ട്. അടിപിടിയുള്പ്പെടെയുള്ള നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ശിവപ്രസാദ് അപഹരിച്ച സ്വര്‍ണം വില്‍ക്കുന്നതിന് സഹായിച്ചയാളാണ്. പ്രതികളെ മുഹമ്മ പൊലീസിന് കൈമാറി.
Credits Kerala || Deshabhimani Online News https://ift.tt/31WxSUj
Comments